സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോ പ്രവർത്തിപ്പിക്കാൻ ഇനി പുതിയ ആൻഡ്രോയിഡ് ഫോൺ വേണം. പുതിയ അപ്ഡേറ്റ് വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഉപയോക്താക്കൾ.
ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങൾക്കായി എസ്.ബി.ഐ ഉപയോക്താക്കൾ കൂടുതലായും ആശ്രയിക്കുന്നത് ഈ ഓൺലൈൻ ആപ്ലിക്കേഷനാണ്. എന്നാൽ പുതിയ അപ്ഡേറ്റ് എത്തിയതോടെ ആപ്പിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
ആൻഡ്രോയിഡ് 11ലും അതിനു താഴെയുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിൽ ഇപ്പോൾ ആപ്പ് പ്രവർത്തിക്കുന്നില്ല. ബാങ്കിങ് ആവശ്യങ്ങൾക്കായി ആപ്പിനെ ആശ്രയിക്കുന്ന ഉപയോക്താക്കളെ ഇത് പ്രയാസത്തിലാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിർദേശം എസ്.ബി.ഐ കഴിഞ്ഞ മാസം പുറപ്പെടുവിച്ചിരുന്നു.
ആൻഡ്രോയിഡ് 11ൽ താഴെയുള്ള ഫോണുകൾക്ക് സുരക്ഷ നൽകാൻ കഴിയില്ലെന്ന കണ്ടെത്തലാണ് മാറ്റത്തിന് കാരണം.
കൂടാതെ മെച്ചപ്പെട്ട സുരക്ഷയും സുതാര്യമായ പ്രവർത്തനവും ആപ്പിന്റെ പ്രകടനവും മെച്ചപ്പെടുത്തുന്നത് കൂടി ലക്ഷ്യംവച്ചാണ് യോനോ ആപ്പിന് പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നത്. ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പ്. പുതിയ പതിപ്പിൽ ആപ്പ് പ്രവർത്തിപ്പിച്ചാൽ മാത്രമാണ് സാമ്പത്തിക വിനിമയത്തിലെ സുരക്ഷ ഉറപ്പാക്കാനാവുകയെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പുതിയ മാറ്റത്തോടെ യോനോ ആപ്പ് ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ് പലരും.
