വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എന്ത് വസ്ത്രം ധരിക്കണമെന്നത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. സ്റ്റൈലിഷിനോടൊപ്പം തന്നെ കംഫർട്ടബ്ൾ ആയ വസ്ത്രങ്ങളാണ് മിക്കവരും തെരഞ്ഞെടുക്കുക. പെൺകുട്ടികൾ അധികവും ലെഗ്ഗിങ്സ് ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്യാറുള്ളത്. അവർക്ക് കംഫർട്ടബ്ൾ ആയ ഔട്ട്ഫിറ്റാണത്. എന്നാൽ വിമാനയാത്രയിൽ ലെഗ്ഗിങ്സ് ധരിക്കുന്നത് എത്രത്തോളം അപകടമാണെന്ന് ആലോചിച്ചിട്ടുണ്ടോ?
ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഒന്നിലധികം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017-ൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ലെഗ്ഗിങ്സ് ധരിച്ചതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസ് വിലക്കിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്തു.
വിമാനത്തിൽ തീപ്പിടിത്തമുണ്ടായാൽ, അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന സിന്തറ്റിക് വസ്തുക്കൾ കൊണ്ടാണ് ലെഗ്ഗിങ്സ് നിർമിച്ചിരിക്കുന്നതെന്നും യാത്രയിൽ അത് ഒഴിവാക്കുന്നത് നല്ലതാണെന്നും 2022-ൽ ‘ദ സണി’ന് നൽകിയ അഭിമുഖത്തിൽ നെഗ്രോണി പറയുന്നു. ‘എല്ലാവരും ഇപ്പോൾ വിമാനയാത്രകളിൽ യോഗ പാന്റ്സാണ് ധരിക്കാറുള്ളത്. ആർട്ടിഫിഷ്യൽ ഫൈബറുകൾ കൊണ്ടുണ്ടാക്കിയ ഈ പാന്റ്സ് തീപ്പിടിത്തമുണ്ടായാൽ കൂടുതൽ അപകടങ്ങളുണ്ടാക്കും. ഇത് കത്തി ശരീരത്തിൽ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

വിമാനാപകടങ്ങൾ അത്ര സാധാരണമല്ലെങ്കിലും സ്വയം സുരക്ഷിതരായിരിക്കേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്. സ്പാൻഡെക്സ്, ലൈക്ര പോലുള്ള സിന്തറ്റിക് വസ്തുക്കൾ കൊണ്ടാണ് യോഗ പാന്റുകൾ ഉണ്ടാക്കിയിരിക്കുന്നത്. നാച്ചുറൽ ഫൈബറുകൾ പോലെയല്ല സിന്തറ്റിക് മെറ്റീരയിലുകൾ കൊണ്ടുള്ള വസ്ത്രങ്ങൾ. അത് കത്തിപ്പോയാൽ ഉരുകി ശരീരത്തിൽ ഒട്ടിപ്പിടിക്കും. അടിയന്തരഘട്ടങ്ങളിൽ ഇറുകിയ ലെഗ്ഗിങ്സ് ഊരിമാറ്റാനും പ്രയാസമാകും.
നാച്ചുറൽ ഫൈബറുകൾകൊണ്ടുള്ള വസ്ത്രങ്ങളായാൽ തീപ്പിടിത്തമുണ്ടായാൽ കൂടുതൽ സുരക്ഷിതമാകുമെന്നും അപകടഘട്ടങ്ങളിൽ സീറ്റുകൾക്ക് മുകളിലൂടെ കയറാൻ കഴിയുന്ന തരത്തിൽ ചലനസ്വാതന്ത്യം നൽകുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും നെഗ്രോണി കൂട്ടിച്ചേർക്കുന്നു.
