സ്മാർട്ട് വാച്ച് എല്ലാവരും വിശ്വസിക്കുന്ന ഒരു ഉപകരണമായി ഇന്നത്തെ കാലത്ത് മാറിയിരിക്കുന്നു. പക്ഷേ അവിടെ ഒരു പ്രശ്നമുണ്ട് !
ഇന്നത്തെ ജീവിതരീതിയിൽ ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാകും നമ്മളോരോരുത്തരും. ജിമ്മും, പ്രത്യേക വർക് ഔട്ടും ഒക്കെയായി എപ്പോഴും ഫിറ്റ് ആയിരിക്കാനാകും നമ്മുടെ ശ്രമം. അത്തരത്തിലുള്ളവരുടെ കയ്യിലെല്ലാം ഒരു സ്മാർട്ട് വാച്ചും ഇക്കാലത്ത് ഉണ്ടാകാറുണ്ട്. അവയിലൂടെ ഹൃദയമിടിപ്പും കുറഞ്ഞ കലോറികളുമെല്ലാം നോക്കിയാകും നമ്മൾ ആരോഗ്യകാര്യങ്ങളിൽ എപ്പോഴും ഒരു കണ്ണ് വെയ്ക്കുക.
ആരോഗ്യം കൂടാതെ ഉറക്കം, സ്റ്റെപ്പ് കൗണ്ട്, ഓക്സിജൻ ലെവൽ തുടങ്ങിയവ എല്ലാം നമ്മെ അറിയിക്കാൻ അവ സഹായിക്കുന്നുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ സ്മാർട്ട് വാച്ച് എല്ലാവരും വിശ്വസിക്കുന്ന ഒരു ഉപകരണമായി ഇന്നത്തെ കാലത്ത് മാറിയിരിക്കുന്നു. പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട് !
അടുത്തിടെ ഇറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നത് സ്മാർട്ട് വാച്ചുകൾ മേൽപ്പറഞ്ഞ ആരോഗ്യകാര്യങ്ങളിലും മറ്റും കാണിക്കുന്ന ഡാറ്റകൾ തെറ്റാണെന്നാണ്. അതായത് കാണുന്നതെല്ലാം സത്യമല്ലെന്ന് ! സ്പ്രിംഗര്‍ ലിങ്ക് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഹൃദയമിടിപ്പ് നില മൂന്ന് ശതമാനത്തോളം തെറ്റായാണ് സ്മാർട്ട് വാച്ചുകൾ കാണിക്കുക എന്നാണ് പഠനം പറയുന്നത്. കലോറി റേറ്റുകൾ കാണിക്കുന്നതിലുമുണ്ട് വലിയ വ്യത്യാസം. 15 മുതൽ 21 ശതമാനം വരെയാണ് അവയിലെ പിഴവ്. ഇനി നിങ്ങൾ ഇത്തരം വാച്ചുകളുടെ സഹായത്തോടെ ഉറക്കം അളക്കുന്നവരാണോ? ആണെങ്കിൽ അതിലുമുണ്ട് 10 ശതമാനത്തോളം പിഴവ് !
സ്മാർട്ട് വാച്ചുകളിലെ കണക്കുകൾ നോക്കി ആരോഗ്യകാര്യങ്ങൾ പ്ലാൻ ചെയ്യുന്നവരാകും നമ്മളിൽ പലരും. ഒരു കണക്കിന് പറഞ്ഞാൽ, അവയിൽ കാണിക്കുന്ന സംഖ്യയെ കണ്ണടച്ചുവിശ്വസിക്കുന്ന ആളുകളാകും നമ്മൾ. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇപ്പോൾ മനസിലായല്ലോ?