സ്റ്റാറ്റസിടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇനി കുഴയും; പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

 ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസഞ്ചറുകളിൽ ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കൾക്കാവശ്യമായ ഫീച്ചറുകൾ കൃത്യമായ സമയങ്ങളിൽ അവതരിപ്പിക്കുന്നത് വാട്സാപ്പിനെ ജനപ്രിയമാക്കുന്നു.
 കമ്പനി പോളിസിക്ക് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതിലും വാട്സാപ്പ് മുൻപന്തിയിലാണ്. വ്യാജ മെസേജുകൾക്കെതിരെ റിപ്പോർട്ട് ചെയ്യാനുള്ള അവസരം ഉപയോക്താവിനുണ്ട്.

 ഇപ്പോഴിതാ, വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സാപ്പ് എന്നാണ് വിവരങ്ങൾ.
 ഉപയോക്താവിന്റെ കോൺടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാൽ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോർട്ട് ചെയ്യാനാകും. ഡെസ്കടോപ്പ് വേർഷനിൽ ഈ ഫീച്ചർ വാട്സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങൾ. ഭാവി അപ്ഡേറ്റുകളിൽ ഈ ഫീച്ചർ വന്നേക്കാം.

 അതേസമയം, കഴിഞ്ഞ ഒക്ടോബറിൽ മാത്രം 23 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ വാട്സാപ്പ് നിരോധിച്ചിരുന്നു. 2021ലെ ഇൻഫർമേഷൻ ടെക്നോളജി റൂൾ അനുസരിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.
 ഈ 23 ലക്ഷം അക്കൗണ്ടുകളിൽ 8,11,000 അക്കൗണ്ടുകൾ ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ വാട്സാപ്പ് നിരോധിച്ചു. കമ്പനിയുടെ ഒക്ടോബർ മാസത്തെ സുരക്ഷാ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്പാം മെസേജുകളെക്കുറിച്ച് മറ്റ് ഉപയോക്താക്കളിൽ നിന്ന് ഒന്നിലധികം പരാതികൾ ലഭിക്കുകയോ കമ്പനിയുടെ മാർഗനിർദേശം ലംഘിക്കുകയോ ചെയ്താൽ വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിക്കും.

കമ്പനിയുടെ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താൻ ഓട്ടോമേറ്റഡ് സംവിധാനവും വാട്ട്സാപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്

Verified by MonsterInsights