ഡ്രൈവിംഗ് ടെസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പരിഷ്‌കരങ്ങള്‍ വരുത്തി ഉത്തരവിറക്കി. ടെസ്റ്റുകളുടെ എണ്ണം, അപേക്ഷകരെ പരിഗണിക്കേണ്ടവിധം തുടങ്ങിയ പല കാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടുണ്ട്.
18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാം. റോഡ് സുരക്ഷ മുന്‍നിറുത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി ഇനിയും തുടരാം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ക്യാമറ സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സ്വന്തമായി പഠിക്കാം
സ്വന്തമായി വാഹനം ഓടിച്ചു പഠിക്കാനും ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനം ഉപയോഗിച്ച് ഡ്രൈവിംഗ് ടെസ്റ്റിനു ഹാജരാകാനും അവസരമുണ്ടാകും. സ്വന്തം വാഹനത്തില്‍ ടെസ്റ്റ് നടത്താനുള്ള അനുമതി നേരത്തെയുള്ളതാണെങ്കിലും സ്വന്തമായി ഡ്രൈവിംഗ് പഠനത്തിനുള്ള അനുമതി മുന്‍പുണ്ടായിരുന്നില്ല.
ലേണേഴ്‌സ് എടുത്ത വ്യക്തിക്ക് ലൈസന്‍സുള്ള ഒരാളുടെ സാന്നിധ്യത്തില്‍ ഡ്രൈവിംഗ് പരിശീലിക്കാം. ഡ്രൈവിംഗ് സ്‌കൂളുകള്‍ വഴി ടെസ്റ്റിനെത്തുമ്പോള്‍ അംഗീകൃത പരിശീലകന്‍ ഒപ്പമുണ്ടാകണമെന്ന നിബന്ധനയും കര്‍ശനമാക്കിയിട്ടുണ്ട്.
എന്നാല്‍ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഭൂരിഭാഗം ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും ആവശ്യത്തിന് അംഗീകൃത പരിശീലകരില്ലെന്നതാണ് കാരണം. ഇതു സംബന്ധിച്ച് 29ന് സംസ്ഥാനകമ്മിറ്റി ചേര്‍ന്ന് തുടര്‍പരിപാടികള്‍ തീരുമാനക്കുമെന്ന് സി.ഐ.ടി.യു അറിയിച്ചു.
ടെസ്റ്റുകളുടെ എണ്ണം
രണ്ട് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടറുകളുള്ള ഓഫീസുകളില്‍ 80 ടെസ്റ്റുകളേ ഒരു ദിവസം പാടുള്ളു. അതായത് ഒരു ഇന്‍സ്‌പെക്ടര്‍ 40 ടെസ്റ്റുകള്‍ ഒരു ദിവസം നടത്തണം.
ഓരോ ദിവസവും 25 പുതിയ അപേക്ഷകര്‍, 10 റീടെസ്റ്റ് അപേക്ഷകര്‍, പഠനാവശ്യം ഉള്‍പ്പെടെ വിദേശത്ത് പോകേണ്ടവരോ വിദേശത്ത് നിന്ന് ലീവിന് വന്ന് മടങ്ങിപോകേണ്ടവരോ ആയ 5 പേര്‍ എന്നിങ്ങനെയാണ് ടെസ്റ്റിന് അവസരം നല്‍കേണ്ടത്. വിദേശത്ത് പോകുന്ന അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ റീടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി പരിഗണിച്ച് അവസരം നല്‍കും.
അധിക ടെസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കും
ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകള്‍ നടത്തുമെന്ന് ഗതാഗത കമ്മീഷ്ണര്‍ അറിയിച്ചു. ലേണേഴ്‌സ് ടെസ്റ്റ് പാസായ 2.24 ലക്ഷം പേരാണ് കേരളത്തിലുള്ളത്. ഇവര്‍ക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താന്‍ റീജിണല്‍ ആര്‍.ടി.ഒമാര്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് പുതിയ മാതൃക തയ്യാറാക്കി ഡ്രൈവിംഗ് സ്‌കൂളുകള്‍ ഒരു മാസത്തിനകം ഗതാഗത കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗപ്പെടുത്താനും ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ നടപ്പാകാനൊരുങ്ങുകയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ കൃത്യമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നുത്.