സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്‌ഷൻ എടുത്തോ? കണ്ടുപിടിക്കാം, റദ്ദാക്കാം.

സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്‌ഷൻ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക‍്ഷൻസ്’ ക്ലിക് ചെയ്യുക.

 മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണ‍ക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.

സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നു ഫോൺ വാങ്ങുമ്പോൾ അവ കരിമ്പട്ടികയിൽപെട്ടതല്ലെന്ന് ഉറപ്പാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നമ്പറും മൊബൈൽ നമ്പറും bit.ly/imeiveri എന്ന ലിങ്കിൽ നൽകിയാൽ അതിന്റെ തൽസ്ഥിതി അറിയാം. 
ഐഎംഇഐ നമ്പർ അറിയാൻ *#06# ഡയൽ ചെയ്യണം. ഐഎംഇഐ ഡ്യൂപ്ലിക്കേറ്റ്, ബ്ലാക് ലിസ്റ്റഡ്, ഓൾറെഡി ഇൻ യൂസ് എന്നിങ്ങനെ കാണിച്ചാൽ വാങ്ങരുത്.

നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാൻ

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ www.sancharsaathi.gov.in എന്ന സൈറ്റിൽ ‘ബ്ലോക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ’ എന്ന ടാബ് ഉപയോഗിക്കുക. പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പും അപ്‍ലോഡ് ചെയ്യണം. ബ്ലോക്ക് ചെയ്താൽ പുതിയ സിം ഇട്ടാലും പ്രവർത്തിക്കില്ല.

Verified by MonsterInsights