സ്വർണ വിലയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് 2024 കടന്ന് പോകുന്നത്. ജനുവരിയില്‍ 46960 രൂപയിലുണ്ടായിരുന്ന പവന്‍ വില ഒക്ടോബർ 31 ന് 59640 ലേക്ക് എത്തുകയുണ്ടായി. സംസ്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. റെക്കോർഡ് നിരക്കില്‍ നിന്നും ഇറങ്ങിയ സ്വർണം നിലവില്‍ 56920 രൂപ എന്ന വിലയിലാണ് വില്‍പ്പന. 2024 അവസാനിക്കാറായതോടെ പുതുവർഷത്തില്‍ സ്വർണം വാങ്ങാനായി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഈ നീക്കം സാമ്പത്തികമായി തിരിച്ചടി നല്‍കിയേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പശ്ചിമേഷ്യയിലെ വർധിച്ച് വരുന്ന സംഘർഷ സാഹചര്യം, കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങല്‍, ഇടിഎഫുകളുടെ ഡിമാന്‍ഡ്, യുഎസ് വ്യാപാര യുദ്ധങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങളാല്‍ 2025 ല്‍ സ്വർണ വില വലിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിക്ഷേപ സ്ഥാപമായ ഗോള്‍ഡ്മാന്‍ സാച്ച് വിലയിരുത്തുന്നത്. 2025 ല്‍ രാജ്യാന്താര വിപണിയില്‍ ട്രോയ് ഔണ്‍സിന്റെ വില 3000 ഡോളർ കടന്നേക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സി ഇ ഓയും വ്യക്തമാക്കിയിട്ടുണ്ട്.
ഗോള്‍ഡ്മാന്‍ സാച്ച് പ്രവചനം പോലെ 2025 ഡിസംബറില്‍ സ്വർണ വില ട്രോയ് ഔണ്‍സിന് 3150 ഡോളറിലേക്ക് എത്തിയാല്‍ കേരളത്തിലും വില പുതിയ റെക്കോർഡുകള്‍ സ്ഥാപിക്കും എന്നതില്‍ സംശയമില്ല. നിലവിലെ ഡോളർ-രൂപ വിനിമയ നിരക്കില്‍ കണക്കാക്കുകയാണെങ്കില്‍ കേരളത്തില്‍ അന്ന് ഒരു ഗ്രാം സ്വർണത്തിന് 8596 രൂപ നല്‍കേണ്ടിവരും. അതായത് പവന് 68769 രൂപ. രൂപയുടെ മൂല്യം ഇടിയുകയാണെങ്കില്‍ ഈ നിരക്കില്‍ വീണ്ടും വർധനവുണ്ടാകും.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തില്‍ സ്വർണ വില മുന്നോട്ട് കുതിക്കുകയാണ്. ചൊവ്വാഴ്ച 600 രൂപയുടെ വർധനവോടെ പവന്റെ വില 57640 ലേക്ക് എത്തി. ഡിസംബർ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കുമായിരുന്നു ഇത്. പവന് 57200 രൂപ എന്ന നിരക്കിലായിരുന്നു ഡിസംബറില്‍ സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി രേഖപ്പെടുത്തിയ 56720 രൂപയാണ് മാസത്തിലെ കുറഞ്ഞ നിരക്ക്.
ആഗോള വിപണിയിലെ വില വർധനവിന്റെ പ്രതിഫലനമാണ് കേരളത്തിലുമുണ്ടായത്. ആഗോള വിപണിയിൽ ഇന്നലെ സ്വർണം രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് (ട്രോയ് ഔണ്‍സിന് 2670 ഡോളർ) എത്തിയിരുന്നു. വെള്ളി വിലയും നാലാഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി.
പവന് 57640 രൂപയാണെങ്കിലും 10 ശതമാനം പണിക്കൂലിയില്‍ ആഭരണമായി വാങ്ങുമ്പോള്‍ ഏകദേശം 64670 രൂപയോളം നല്‍കേണ്ടി വരും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനം ആണെങ്കിലും ഡിസൈന്‍ അനുസരിച്ച് ഇത് 20 ശതമാനം വരെ ഉയരാം. പണിക്കൂലിയോടൊപ്പം, ഹാൾമാർക്ക് ചാർജ്, ജി എസ് ടിയും വിലയോടൊപ്പം ചേർക്കും. അതേസമയം ചില ജ്വല്ലറികള്‍ ഓഫറായി പണിക്കൂലി ഈടാക്കാതെയും വില്‍പ്പന നടത്താറുണ്ട്.