വീട്ടമ്മമാർക്ക് പ്രതിമാസ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ‘കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം പദ്ധതി’ അടുത്തിടെയാണ് തമിഴ്നാട് സർക്കാർ തുടക്കം കുറിച്ചത് . സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ സ്വയംപര്യാപ്തയുമാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തമിഴ്നാട് സാമൂഹ്യക്ഷേമ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. യോഗ്യരായ 1.06 കോടി വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപയുടെ ധനസഹായം ഇതിലൂടെ ലഭ്യമാകും.
അതേസമയം, പദ്ധതിക്കായി 1.63 കോടി അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1.06 കോടി അപേക്ഷകളും തമിഴ്നാട് സർക്കാർ പരിഗണിച്ചിട്ടുണ്ട്. ഇനി ഈ പദ്ധതിയുടെ നേട്ടം ലഭിക്കുന്നതിനുള്ള യോഗ്യത എന്താണെന്ന് പരിശോധിക്കാം. 21 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. കൂടാതെ അവിവാഹിതരും വിധവകളുമായ സ്ത്രീകളും വീട്ടമ്മമാരും ഇതിൽ ഉൾപ്പെടും. അതോടൊപ്പം വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ഉള്ളവർക്കായിരിക്കും കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം പദ്ധതിയുടെ ഗുണം ലഭിക്കുക. സാമ്പത്തികമായി ദുർബലരായ സ്ത്രീകൾക്ക് ഈ പദ്ധതി പ്രത്യേകിച്ചും പ്രയോജനകരമായി മാറും എന്നാണ് പ്രതീക്ഷ. ഭൂമിയുടെ ഉടമസ്ഥാവകാശവും ഇതിൽ കണക്കിലെടുക്കുന്നുണ്ട്. ഇതിനായി അപേക്ഷിക്കുന്നവർക്ക് 10 ഏക്കറിൽ താഴെ ഭൂമി മാത്രമേ കൈവശം ഉണ്ടായിരിക്കാൻ പാടുള്ളൂ. അതിൽ കൂടുതൽ ഉള്ളവരെ ഈ പദ്ധതിയിൽ പരിഗണിക്കില്ല.
കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ആദായനികുതിദായകർ, പ്രൊഫഷണൽ നികുതിദായകർ, പെൻഷൻകാർ, തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, നാലുചക്രവാഹന ഉടമകൾ തുടങ്ങിയവരെയും ഈ പദ്ധതിയിൽ നിന്ന് ഒഴുവാക്കിയിട്ടുണ്ട് .ഇതിനുപുറമെ കുടുംബത്തിന്റെ വാർഷിക ഗാർഹിക വൈദ്യുതി ഉപഭോഗം 3,600 യൂണിറ്റിൽ താഴെയായിരിക്കണം എന്നും നിബന്ധനയുണ്ട്. യഥാർത്ഥ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്കുള്ള സഹായമാണ് ഇതെന്ന് ഉറപ്പുവരുത്തുകയാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്
കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടത്തിന് എങ്ങനെ അപേക്ഷ നൽകാം?
കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടത്തിൽ അംഗമാവുന്നതിനും സേവനം ലഭിക്കുന്നതിനുമായി അർഹരായ സ്ത്രീകൾ അവരുടെ അടുത്തുള്ള റേഷൻ ഔട്ട്ലെറ്റുകൾ സന്ദർശിക്കേണ്ടതുണ്ട്. പ്രോഗ്രാമിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഓരോ കുടുംബത്തിനും അവരുടെ റേഷൻ കാർഡിൽ ഒരു വനിതാ അംഗത്തെ നിയോഗിക്കുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. കൂടാതെ റേഷൻ കാർഡിൽ ഒരു പുരുഷന്റെ പേരാണ് കുടുംബ നാഥനായി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ അയാളുടെ ഭാര്യക്ക് പദ്ധതിയിൽ പങ്കാളിയാവാനുള്ള അവസരം ഉണ്ട്. അതേസമയം ഒരു കുടുംബത്തിന്റെ റേഷൻ കാർഡിൽ ഒരാൾക്ക് മാത്രമേ ഇതിനായി അപേക്ഷിക്കാൻ അനുമതിയുള്ളൂ.
ഇനി ഇതിൽ നിന്ന് അനുവദിക്കുന്ന തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയും ചെയ്യും . ആവശ്യാനുസരണം ഈ തുക പിൻവലിക്കാൻ എടിഎം കാർഡുകളും ഇവർക്ക് നൽകും. കൂടാതെ ഇതുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ഗുണഭോക്താക്കളെ എസ്എംഎസ് വഴി അറിയിക്കുകയും ചെയ്യുന്നതാണ്.