തപാൽ പാക്കിംഗ് ജോലിയിൽ ഇനി കുടുംബശ്രീയും;

പോസ്റ്റൽ വകുപ്പിലെ പായ്ക്കിംഗ് ജോലിയിൽ കുടുംബശ്രീ അംങ്ങൾ പങ്കാളികളാകുന്നതോടെ പുതിയ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്  തദ്ദേശസ്വയംഭരണ, എക്‌സൈസ്  വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പോസ്റ്റ് ഓഫീസുകളിൽ തപാൽ ഉരുപ്പടികളുടെ പായ്ക്കിങ് ജോലി നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും തപാൽ വകുപ്പുമായുള്ള ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ  അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഉൽപന്നമായി ദാരിദ്ര ലഘൂകരണത്തിലൂടെ സ്ത്രീശാക്തീകരണം നടത്താൻ  കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാസമ്പന്നരായ യുവതികളേറെയുള്ള കേരളത്തിൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ശ്രമം ഗവൺമെന്റ് നടത്തിവരികയാണ്. വാർഡ് അടിസ്ഥാനത്തിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവതികളുടെ 19,555 യൂണിറ്റുകളാണ് നിലവിൽ രൂപീകരിച്ചിരിക്കുന്നത്. വാർഡ് അടിസ്ഥാനത്തിൽ ഇത്തരത്തിൽ 20 സംരംഭങ്ങൾ കണ്ടെത്തി പുതിയ തൊഴിലിടങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റൽ വകുപ്പ് സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾ പാക്കിംഗ് ജോലിയിൽ പങ്കാളികളാകുന്നത്.  കേരളത്തിലെ ഏതു കോണിലും പാഴ്‌സൽ എത്തിക്കുവാൻ കൂടി കഴിയുന്ന രീതിയിൽ   കുടുബശ്രീക്ക് തുടർന്നും തപാൽ വകുപ്പുമായി സഹകരിക്കാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന പദ്ധതിക്കാണ് കുടുംബശ്രീയും തപാൽ വകുപ്പും തമ്മിൽ  ധാരണയാകുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത പോസ്റ്റ് ആൻഡ് ടെലഗ്രാഫ് വകുപ്പു മന്ത്രി അബ്ദു റഹ്‌മാൻ അഭിപ്രായപ്പെട്ടു. സമത്വം എന്ന വാക്ക് അർത്ഥപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നുവരുന്നത് കാർഷിക ഉൽപ്പന്നങ്ങളുൾപ്പെടെ കൊറിയർ ആക്കി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.  ബാങ്കിങ് മേഖലയിലേക്കു കൂടി  തപാൽ വകുപ്പ് കടക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീക്ക് ഇനിയും കൂടുതൽ പങ്കുവഹിക്കാനുണ്ടെന്നും ചടങ്ങിൽ മന്ത്രി അഭിപ്രായപ്പെട്ടു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കും പോസ്റ്റൽ സർവീസ് ഹെഡ് ക്വാർട്ടർ ഡയറക്ടർ കെ.കെ. ഡേവിസും ധാരണാപത്രത്തിൽ ഒപ്പിട്ടു. ഹർ ഘർ  തരംഗയുടെ ഭാഗമായി തപാൽ വകുപ്പ് തയ്യാറാക്കിയ ദേശീയ പതാക ചടങ്ങിൽ പ്രകാശിപ്പിച്ചു. കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ഷ്യുലി ബർമൻ, കേരള പോസ്റ്റൽ സർവീസ് ഹെഡ് ക്വാർട്ടർ കെ വി വിജയകുമാർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീകാന്ത് എ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Verified by MonsterInsights