പദ്ധതി കേന്ദ്രറോഡ് ഉപരിതല മന്ത്രാലയത്തിന്റെ വിഷൻ 2047-ൽ ഉൾപ്പെട്ടേക്കും. ഇതിനുള്ള ആദ്യ നടപടികൾ ദേശീയപാതാ അധികൃതർ പൂർത്തിയാക്കി റോഡ് മന്ത്രാലയത്തിന് സമർപ്പിച്ചു. ഭാരത്മാല പദ്ധതിക്കു പകരമാണ് വിഷൻ 2047-ആവിഷ്കരിക്കുന്നത്.
2047-ടെ രാജ്യത്ത് 50,000 കിലോമീറ്റർ ആക്സസ് കൺട്രോൾഡ് ദേശീയപാതകൾ നിർമിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതിൽ എക്സിറ്റ് പോയന്റുകൾ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ നൽകിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോൾ സംവിധാനമാണ് ഇത്തരം റോഡുകളിൽ ആവിഷ്കരിക്കുക.മുൻപ് നിർദേശിച്ച അലൈൻമെന്റിൽനിന്ന് ചെറിയ വ്യത്യാസമായിട്ടാകും തിരുവനന്തപുരം-അങ്കമാലി അതിവേഗ ഇടനാഴി. നാലുവരിയാണ് നിലവിലെ തീരുമാനം. 205 കിലോമീറ്റർ റോഡിനുവേണ്ടി ഏകദേശം 950 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. നിർദിഷ്ട തിരുവനന്തപുരം റിങ് റോഡിൽനിന്ന് തുടങ്ങി നിർദിഷ്ട അങ്കമാലി ബൈപ്പാസിലാകും അവസാനിക്കക്കുക.
നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിൽ നിന്നാകും സ്ഥലം ഏറ്റെടുക്കുക. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കിയാകും പുതിയ അലൈൻമെന്റ് എന്നാണ് അധികൃതർ നൽകുന്ന സൂചന.
പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ മുൻപ് അംഗീകരിച്ച അലൈൻമെന്റിൽ എതിർപ്പുകൾ ഉയർന്നിരുന്നു. പ്രതിസന്ധികൾ ഉയർന്നതോടെ അങ്കമാലി പാതയുടെ തുടർനടപടികൾ കേന്ദ്രം കഴിഞ്ഞവർഷം നിർത്തിവെച്ചിരുന്നു