ദൈനംദിന ജീവിതത്തിൽ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്ന നിരവധിപേരാണുള്ളത്. ഏറ്റവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്രാമാർഗമായതിനാൽ ട്രെയിനിനെ കൂടുതലും ആശ്രയിക്കുന്നത് വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരുമാണ്. കിലോമീറ്റർ അനുസരിച്ചാണ് യാത്രാനിരക്ക് നിശ്ചയിക്കുന്നത്. എന്നാൽ, കഴിഞ്ഞ 75 വർഷമായി ജനങ്ങൾക്ക് സൗജന്യമായി യാത്രാ സേവനം നൽകുന്ന ഒരു ട്രെയിനുണ്ട്. അധികമാർക്കും അറിയാത്ത ഇന്ത്യയിലെ ഈ ട്രെയിൻ ലോകത്തിലെ തന്നെ ഏക സൗജന്യ ട്രെയിൻ കൂടിയാണ്.
ഭക്ര ബിയാസ് മാനേജ്‌മെന്റ് റെയിൽവേ ബോർഡിന്റെ കീഴിലുള്ള ഭക്രാനംഗൽ ട്രെയിൻ ആണിത്. ഹിമാചൽ പ്രദേശ്, പഞ്ചാബ് അതിർത്തിയിലൂടെ ഭക്രയ്‌ക്കും നംഗലിനും ഇടയിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുമ്പോൾ സത്‌ലജ് നദിയും മുറിച്ചുകടക്കുന്നുണ്ട്.
300ഓളം ആളുകൾ ഈ ട്രെയിൻ ദിവസവും ഗതാഗതത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇരുപത്തിയഞ്ചോളം ഗ്രാമങ്ങളിലെ ജനങ്ങളാണ് ഈ ട്രെയിൻ സേവനം പ്രയോജനപ്പെടുത്തുന്നത്. പ്രധാനമായും വിദ്യാർത്ഥികളും തൊഴിലാളികളുമാണ് ഈ ട്രെയിനിൽ യാത്ര ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും ഉയർന്ന സ്‌ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്ര -നംഗൽ അണക്കെട്ട് നിർമിച്ചുകൊണ്ടിരുന്നപ്പോൾ അവിടുത്തെ പ്രദേശവാസികൾക്കും തൊഴിലാളികൾക്കും സഞ്ചരിക്കാൻ വേണ്ടിയാണ് ഈ റെയിൽപാത നിർമിച്ചത്. 1963ൽ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി. പിന്നീട് സഞ്ചാരികൾക്കും ദൈനംദിന യാത്രക്കാർക്കുമായി ഈ ട്രെയിൻ സേവനം തുടരുകയായിരുന്നു. ടിക്കറ്റ് ഇല്ലാത്തതിനാൽ തന്നെ ഈ ട്രെയിനിൽ ടിടിഇയും ഇല്ല.
