തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോര പ്രദേശങ്ങളിൽ അടക്കം അതീവ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതൽ മഴ കനക്കാൻ കാരണം. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നുമാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.