യുനെസ്കോ പട്ടികയിൽ ഇടംനേടി ഇന്ത്യയിലെ നിഗൂഢ ഗുഹ; മഴയുടെ നാട്ടിലെ മായകാഴ്ച

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ലോകത്തിലെ ‘ആദ്യ 100 ഐയുജിഎസ് (ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസ്) ജിയോളജിക്കൽ സൈറ്റുകളിൽ ഒന്നായി മേഘാലയയിലെ മൗലു ഗുഹയെ തിരഞ്ഞെടുത്തു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ട്വിറ്ററിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്.

സമുദ്രനിരപ്പിൽ നിന്ന് 4503 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹയ്ക്കുള്ളിൽ സ്റ്റാലാമൈറ്റ് ഘടനകളും കാൽസൈറ്റ് രൂപങ്ങളും പാറക്കൂട്ടങ്ങളുമെല്ലാം കാണാൻ കഴിയും. കം മവ് ലുഹ് എന്നും അറിയപ്പെടുന്ന ഈ ഗുഹ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാലാമത്തെ നീളമേറിയ ഗുഹ കൂടിയാണ്. ഏഴുകിലോമീറ്ററോളം നീളുന്ന ഗുഹാപാതകൾ ഇതിനുള്ളിലുണ്ട്.

ഗുഹയ്ക്കുള്ളിലെ നദി

അഞ്ച് വ്യത്യസ്ത നദികളിൽ നിന്നും രൂപപ്പെടുന്ന ഒരു കുളമുണ്ട് ഗുഹയ്ക്കുള്ളിൽ, ഗുഹയുടെ പകുതി ഭാഗത്ത് മാത്രമേ സൂര്യപ്രകാശം ലഭിക്കുന്നുള്ളൂ, ബാക്കി ഭാഗങ്ങൾ ഇരുട്ടിലാണ്. ഏകദേശം 4,200 മുമ്പ് ഹിമയുഗത്തിന് ശേഷം ഉണ്ടായ 200 വർഷം നീണ്ട വരൾച്ചയെക്കുറിച്ച് പഠിക്കാൻ ഈ ഗുഹയിൽ നിന്നുള്ള സ്റ്റാലാമൈറ്റ് സഹായിച്ചതായി പറയപ്പെടുന്നു. ഈ കാലഘട്ടത്തെ വിവരിക്കാൻ ‘മേഘാലയൻ യുഗം’ എന്ന പദം ഉപയോഗിക്കാറുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ ശൈത്യകാല മഴയുടെ അളവും പസഫിക് സമുദ്രത്തിലെ കാലാവസ്ഥയും തമ്മിൽ അസാധാരണമായ ബന്ധമുണ്ടെന്ന് ഈ ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞർ കണ്ടെത്തി. 1844-ൽ ബ്രിട്ടീഷുകാരനായ ലെഫ്റ്റനന്റ് യൂൾ പര്യവേക്ഷണം നടത്തിയ ആദ്യത്തെ ഗുഹ കൂടിയായിരുന്നു മൗലു.

പ്രവേശനം സൗജന്യം

ചിറാപുഞ്ചി ബസ് സ്റ്റാൻഡിൽ നിന്ന് 3.5 കിലോമീറ്റർ അകലെ, മേഘാലയയിലെ ഒരു ചെറിയ കുഗ്രാമമായ മവ് ലുഹിന് സമീപമാണ് ഗുഹകൾ സ്ഥിതിചെയ്യുന്നത്. ചിറാപുഞ്ചിയിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. സഞ്ചാരികൾക്ക് ഇതിനുള്ളിലേക്ക് പ്രവേശനം സൗജന്യമാണ്, ഉള്ളിലൂടെയുള്ള യാത്ര പൂർത്തിയാക്കാൻ ഏകദേശം നാലുമണിക്കൂർ സമയമെടുക്കും. രാവിലെ ഏഴര മുതൽ വൈകീട്ട് നാലുമണി വരെ ഗുഹയ്ക്കുള്ളിൽ പ്രവേശിക്കാം. ഗുഹയിലൂടെയുള്ള ട്രെക്കിങ്ങിന് മുൻപ് സ്യൂട്ടുകളും ബൂട്ടുകളും ഹെൽമറ്റുകളും നൽകുന്ന കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഒപ്പം വിവരങ്ങൾ നൽകാൻ 200 രൂപ നിരക്കിൽ ഗൈഡുകളും ഇവിടെ ധാരാളമുണ്ട്.

ഗുഹയ്ക്കുള്ളിലെ അന്തരീക്ഷം തലകറക്കം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ രോഗികളും ശ്വാസകോശസംബന്ധിയായ രോഗങ്ങൾ ഉള്ളവരുമായ ആളുകൾ ഈ യാത്ര ഒഴിവാക്കണമെന്ന് ശുപാർശ ചെയ്യുന്നു.

Verified by MonsterInsights