കോട്ടയം: കേരളത്തിലെ വനിതകളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിച്ചതിൽ കുടുംബശ്രീ പ്രസ്ഥാനത്തിന് വളരെ വലിയ പങ്കാണുള്ളതെന്ന് സി കെ ആശ എം എൽ എ. കുടുംബശ്രീയുടെ 25-മത് വാർഷികത്തോടനുബന്ധിച്ച് ചെമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന കുടുംബശ്രീ സി.ഡി.എസ് വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. കേരളീയ ഗ്രാമീണ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴിൽ മുതലായ പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീ സ്ത്രീകൾക്ക് വ്യക്തമായ സാമ്പത്തിക ഭദ്രത ഉറപ്പുനൽകി. രൂപീകൃതമായി 25 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്തെ ക്ഷേമവികസന പ്രവർത്തനങ്ങളിൽ ഒഴിവാക്കാനാവാത്ത ശക്തിയായി മാറിയതോടെ സ്ത്രീ ശക്തീകരണത്തിന്റെ പ്രതീകമായി മാറാൻ കുടുംബശ്രീക്ക് കഴിഞ്ഞെന്നും എം എൽ എ പറഞ്ഞു.
ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 15 വാർഡുകളിലായുള്ള ആറ് വയോജന അയൽക്കൂട്ടങ്ങളിലെ മുതിർന്ന അംഗങ്ങളെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പി എസ് പുഷ്പമണിയുടെ നേതൃത്വത്തിൽ ആദരിച്ചു. കൂടാതെ ദേശീയ വിദ്യാഭ്യാസ പുരസ്‌കാര നേതാവ് ധന്യ പി വാസു, ഗായകനും അഭിനേതാവുമായ കണ്ണൻ ബ്രഹ്മമംഗലം, ഫ്ളവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം അഖിൽ എന്നിവരെ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ അനുമോദിച്ചു. കേരള പോലിസ് ജനമൈത്രി ട്രെയിനർ കെ പി അനീഷിന്റെ നേതൃത്വത്തിൽ ആനുകാലിക പ്രസക്തമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്ലാസ് നടന്നു. ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത അനിൽകുമാർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശാ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കെ ശീമോൻ, ജസീല നവാസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ അരുൺ പ്രഭാകർ, പഞ്ചായത്ത് അംഗങ്ങളായ സുനിൽ മുണ്ടയ്ക്കൽ, രമണി മോഹൻദാസ്, റെജി മേച്ചേരി, രാഗിണി ഗോപി, ഉഷ പ്രസാദ്, രഞ്ജിനി ബാബു, സി ഡി എസ് ചെയർപേഴ്സൺ സുനിത അജിത്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ പി ജയൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി അജൈബ് ചന്ദ്രൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മഞ്ജുള ഷിബിൻ, സി.ഡി.എസ് അക്കൗണ്ടന്റ് ബിന്ദു സക്കറിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി ഷണ്മുഖൻ, നയനകുമാർ, പി.വി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.