വാർദ്ധക്യത്തെ തടുക്കാൻ ആർക്കും കഴിയില്ല, എന്നാൽ വാർദ്ധക്യത്തെ പിടിച്ചുനിർത്താൻ കഴിയുന്നതാണ്. പ്രായമാകുന്നതും ജീവിത ശൈലിയും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ന് എന്താണോ ചെയ്യുന്നത് അതാണ് നാളെയിൽ പ്രകടമാകുന്നത്. അടിസ്ഥാനപരമായി എട്ട് മണിക്കൂർ ഉറക്കം, കൃത്യമായ വ്യായാംമ, പോഷസമൃദ്ധമായ ഭക്ഷണക്രമം എന്നിവയ്‌ക്ക് പുറമേ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യുന്നത് ആരോഗ്യത്തിനും യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു. പ്രായമാകുന്നതിനെ തടുക്കാൻ ഇക്കാര്യങ്ങൾ ശീലമാക്കാം..
1) അതിരാവിലെയുള്ള നടത്തം
നടക്കുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. ഊർജ്ജ നില വർദ്ധിക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുന്നതിനും രാവിലെയുള്ള നടത്തം സഹായിക്കും. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ മാറാരോഗങ്ങളെ പ്രതിരോധിക്കാൻ വരെ നടത്തം സഹായിക്കുന്നു.
2) ഭക്ഷണത്തിനൊപ്പം നെയ്യ്.
ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് നെയ്യ്. ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും നെയ്യ് സഹായിക്കുന്നു. ചർമ്മത്തിനെ ചുളിവുകളിൽ നിന്ന് സംരക്ഷിച്ച് ചെറുപ്പം നിലനിർത്തുന്നു.
3) പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരം കഴിക്കുക.
പേശികൾക്ക് ആരോഗ്യം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് പ്രോട്ടീൻ. കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നതിനും പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരം സഹായിക്കുന്നു.
4) സൺസ്ക്രീനിന്റെ ഉപയോഗം.
സൂര്യനിൽ നിന്നുവരുന്ന ദോഷകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണമേർപ്പെടുന്നതിനായി സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കും. ഒപ്പം ചർമ്മത്തിന് തിളക്കവും സംരക്ഷണവും നൽകുന്നു.
5) തലയോട്ടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുക.
യുവത്വം നിലനിർത്തുന്നതിൽ അറെ പ്രാധാന്യമുള്ള ഒന്നാണ് തലമുടി. തലമുടിയുടെ ആരോഗ്യത്തിനായി തലയോട്ടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് ശീലമാക്കണം. ഇതിനൊപ്പം പോഷക സമ്പന്നമായ ആഹാരവും കഴിക്കേണ്ടതാണ്.
6) ആരോഗ്യകരമായ ചർമ്മത്തിന് കൊളാജൻ.
ചർമ്മത്തിന്റെ ഇലാസ്തികതയും നിലനിർത്താൻ കൊളാജൻ സപ്ലിമെന്റ് സഹായിക്കും. ജലാംശം നിലനിർത്തുന്നതിനും പ്രായമാകുന്നതിന്റെ ഘടകങ്ങൾ ലഘൂകരിക്കുന്നതിനും കൊളാജൻ സഹായിക്കുന്നു.
7) ചിയ, ഫ്ളക്സ് സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
നല്ല ആരോഗ്യത്തിന് നല്ല ദഹനം പ്രധാനമാണ്. നല്ല ദഹനത്തിന് നല്ല കുടലും വേണം. കുടലിന്റെ ആരോഗ്യത്തിനായി ചിയ വിത്തുകളും ചണ വിത്തുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചെറുപ്പത്തിനൊപ്പം കരുത്ത് നൽകാനും ഇത് സഹായിക്കുന്നു.
8) നാരങ്ങയോ നെല്ലിക്കയോ കഴിക്കുക.
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും നൽകാൻ നെല്ലിക്കയോ നാരങ്ങയോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും യുവത്വം നിലനിർത്താനും ഇത് സഹായിക്കുന്നു.
9) കഫീൻ ഒഴിവാക്കുക.
അധികമായി കഫീൻ അടങ്ങിയ ആഹാരം കഴിക്കുന്നത് പോഷകങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചായയും കാപ്പിയും പരിധി വിട്ട് കുടിക്കുന്നത് നിർത്തുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും.
10) അര മണിക്കൂറിൽ അധികം ഇരിക്കരുത്.
ഉദാസീനമായ ജീവിതരീതി വലിയ രോഗങ്ങൾക്ക് കാരണമാകും. 30 മുതൽ 35 മിനിറ്റിൽ കൂടുതൽ ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾക്കും ഇത്തരം ജീവിത രീതി കാരണമാകും. അതിനാൽ ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക.