ശക്തമായ വേനൽച്ചൂടിൽ കേരളം ഉരുകിയൊലിക്കുകയാണ്. ഫാനിന്റെ ചുവടിലോ എ.സിയോ ഇല്ലാതെ വീടിനകത്ത് ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്തഅവസ്ഥയാണ്. എന്നാൽ ചൂട് കുറയ്ക്കാനായി ഫാനും എസിയും ഇടുന്നതും ജനാലകൾ പകൽ നേരം തുറന്നിടുന്നതുമെല്ലാം പലപ്പോഴും വിപരീത ഫലമാണ് നൽകുന്നത്.
വേനൽക്കാലത്ത് വീട്ടിലെ ചൂട് കുറയ്ക്കാൻ വാതിലും ജനാലയുമെല്ലാം തുറന്നിടുന്ന രീതിയാണ് മിക്കവാറും പേരും പിന്തുടരുന്നത്. എന്നാൽ ഇത് വീടിനുള്ളിലെ ചൂട് കൂട്ടും. വീട്ടിനുള്ളിലെ വസ്തുക്കളെയും ചൂട് ബാധിക്കുകയും മുറികളിൽ ചൂട് നിലനിൽക്കുകയും ചെയ്യും. അതിനാൽ പകൽ മുഴുവനും ജനാല തുറന്നിടരുത്. ജനാല തുറന്നിട്ട് ഫാൻ ഇട്ട് കിടന്നാലും ചൂട് ഒട്ടും കുറയാത്ത അവസ്ഥയായിരിക്കും. ഈ ചൂട് രാത്രി ആയാലും റൂമിൽ തങ്ങി നിൽക്കുന്നതിന് കാരണമാകും. പകൽ ജനാല തുറക്കരുത്. കർട്ടൻ ഇട്ട് മൂടി ഇടണം. ജനാലയിൽ സൂര്യപ്രകാശം കടക്കാൻ സാധിക്കാത്ത വിധത്തിൽ കൂളർ ഗ്ലാസ് ഒട്ടിക്കുന്നതും നല്ലതാണ്.
ജനാല പകൽ തുറന്നിടുന്നതിന് പകരം രാത്രിയിൽ തുറന്നിടുന്നതാണ് നല്ലത്. ഇത് തണുത്ത വായു വീടിനകത്ത് കയറുന്നതിന് സഹായിക്കുന്നു, അതുപോലെ ടേബിൾ ഫാൻ ഉള്ളവർ ജനാലയോട് ചേർന്ന് ഫാൻ വയ്ക്കുന്നത് നല്ലതായിരിക്കും, ഇത് റൂമിനകത്തെ ചൂട് വായു പുറത്തേക്ക് പോകുന്നതിനും പുറത്ത് നിന്ന് തണുത്ത വായു അകത്തേക്ക് കയറുന്നതിനും വളരെയധികം സഹായിക്കും. നല്ല സുഖമായി നിങ്ങൾക്ക് കിടന്നുറങ്ങാനും സാധിക്കും
രാത്രിയിൽ ജനാല തുറന്നിട്ടാൽ പാമ്പ് പോലുള്ള ക്ഷുദ്രജീവികൾ കയറും എന്ന് ഭയമുള്ളവർ കിടക്കുന്നതിന് മുമ്പ് അടച്ചിടാവുന്നതാണ്. മുകൾ നിലയിലെ റൂമിൽ കിടക്കുന്നവരാണെങ്കിൽ ജനാല തുറന്നിട്ട് കിടക്കുന്നതാണ് നല്ലത്.
ചില നിറങ്ങൾക്ക് പ്രത്യേകിച്ച് നീല, കറുപ്പ് നിറങ്ങൾക്ക് ചൂടിനെ വേഗത്തിൽ ആകർഷിക്കാൻ കഴിയും. അതിനാൽ ഇത്തരം നിറങ്ങൾ വേനൽക്കാലത്ത് വീട്ടിൽ നിന്ന് ഒഴിവാക്കുന്നത് ഗുണം ചെയ്യും. കർട്ടൻ, ബെഡ്ഷീറ്റ്, വസ്ത്രങ്ങൾ എന്നിവയെല്ലാം വെള്ള, ഇളം നിറം എന്നിവ തിരഞ്ഞെടുക്കാം. കോട്ടൺ തുണിത്തരങ്ങൾ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
മുറ്റവും പറമ്പുമെല്ലാം രാത്രിയിൽ നനച്ചിടുന്നതും തണുപ്പ് ലഭിക്കാൻ സഹായിക്കും. നനഞ്ഞ തുണി റൂമിൽ ഇട്ട് ഫാൻ ഇടുന്നതും ചൂട് കുറയ്ക്കും. രാത്രിയിൽ തറ തുടച്ചിടുന്നതും ചൂട് കുറയ്ക്കും,സീലിംഗ് ഫാൻ നല്ല വേഗത ഇടുന്നതിന് പകരം മീഡിയം വേഗതയിൽ ഉപയോഗിക്കാം. ശേഷം ഒരു വലിയ പാത്രത്തിലോ ബക്കറ്റിൽ വെള്ളം നിറച്ചശേഷം ഫാനിന്റെ താഴെ വെക്കുക. അല്ലെങ്കിൽ കാറ്റിന് നേരെയുള്ള ഭാഗത്ത് വെക്കുക. ഇത് മുറിയിലെ തണുപ്പ് നിലനിർത്തും..
രണ്ട് നേരം കുളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച്, രാവിലെ നല്ലപോലെ ചൂട് കൂടുന്നതിന് മുൻപ് കുളിക്കുക. ഇത് ആരോഗ്യം നിലനിർത്താൻ സഹായിക്കും. അതുപോലെ, കുളിക്കുമ്പോൾ നല്ലപോലെ തിളച്ച വെള്ളത്തിൽ കുളിക്കുന്നതിന് പകരം, തണുത്തവെള്ളത്തിൽ കുളിക്കാവുന്നതാണ്. അല്ലെങ്കിൽ ചെറു ചൂടുവെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കുക.
ഇത് ശരീരത്തിലെ പേശികൾക്ക് റിലാക്സ് നൽകുന്നതിനും അതുപോലെ, ചൂട് കുറയ്ക്കാനും സഹായിക്കുന്നു. രാവിലെ കുളിച്ച ഉടനെ വെയിലത്ത് ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കാം. ഇത് നീരിറക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു. അതപോലെ, ചൂട് കൂട്ടുന്ന ലൈറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതും നല്ലതായിരിക്കും.