വിനോദ സഞ്ചാരത്തിന് വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം

വിനോദ സഞ്ചാരത്തിനായി വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ വാഹനീയം 2022 ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിനോദ സഞ്ചാര വാഹനം വകുപ്പുദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമേ യാത്ര പുറപ്പെടാവു. ഓരോ ജില്ലയിലും നിശ്ചിത വാഹനങ്ങളുടെ ഉത്തരവാദിത്വം നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കുകയാണ്. അത്തരം വാഹനങ്ങളില്‍ നിയമലംഘനമുണ്ടായാല്‍ വാഹന ഉടമയ്‌ക്കൊപ്പം ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയും നിയമ നടപടിയുണ്ടാകും മന്ത്രി പറഞ്ഞു.

പാര്‍ക്കിംഗ്, സിഗ്‌നല്‍, ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ഒരു വാഹനവും റോഡിലിറങ്ങാന്‍ അനുവദിക്കില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടാണ് വാഹനസാന്ദ്രതയേറിയിട്ടും കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറയാന്‍ കാരണം. അമിത വേഗതാ മുന്നറിയിപ്പ് തല്‍സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ബസിന്റെ വേഗത സംബന്ധിച്ച് രണ്ട് തവണ മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.മന്ത്രി ആന്റണി രാജു പറഞ്ഞു.

നിയമം ലംഘിക്കാനുള്ള പ്രവണത ചെറുപ്പക്കാര്‍ക്കുണ്ട്. അത് കൊണ്ട് തന്നെ ഇരുചക്ര വാഹന പരിശോധന ശക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉയര്‍ന്ന സി സി യു ളള 103 ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. നിയമ ലംഘകരോട് യാതൊരു വിട്ട് വീഴ്ചയുമില്ല. യൂണിഫോം കളര്‍ കോഡ് നിര്‍ബന്ധമാക്കും. വെള്ള നിറം പൂശാത്ത ഒരു ടൂറിസ്റ്റ് ബസിനും റോഡിലിറങ്ങാന്‍ കഴിയില്ല. സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കികൊടുക്കുന്ന വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ക്കും ഡീലര്‍മാര്‍ക്കുമെതിരെ നടപടിയുണ്ടാകും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് നിയമം സംബന്ധിച്ച പാഠപുസ്തകം തയ്യറാക്കി വിദ്യാഭ്യാസ വകുപ്പിന് നല്‍കിക്കഴിഞ്ഞു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമായാല്‍ പിന്നീട് പ്ലസ് ടു പാസാവുന്നവര്‍ ലേണേഴ്‌സ് ടെസ്റ്റ് എഴുതേണ്ടതില്ല. ഇത്തരത്തില്‍ സംസ്ഥാനത്ത് ഒരു റോഡ് അച്ചടക്കശീലം സൃഷ്ടിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നത്. മന്ത്രി ആന്റണി രാജു പറഞ്ഞു.

കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യകളില്‍ അവഗാഹമുള്ള, പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന ഒരു തലമുറയാണ് വളര്‍ന്ന് വരുന്നതെന്നും എല്ലാ മേഖലകളേയും ആധുനീകീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. സമയബന്ധിതമായി കാര്യങ്ങള്‍ നടക്കണമെന്നത് പൗരന്റെ അവകാശമായി മാറിയ കാലത്ത് അതിന് ഉണര്‍വ്വേകുന്നതാണ് ഇത്തരം അദാലത്തുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം എല്‍ എ മാരായ അഡ്വ സണ്ണി ജോസഫ് , എം വിജിന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ട്രാക്കിനുള്ള പുരസ്‌കാരം  ട്രോമാകെയര്‍ പ്രസിഡണ്ട് സി രഘുനാഥ്, സെക്രട്ടറി വിവി മധു എന്നിവര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

Verified by MonsterInsights