വിഷാംശമുള്ള പൂവ് പൂക്കളത്തില്‍ വേണ്ട; ഇത്തവണ അരളിയില്ലാത്ത ഓണം.

പൂക്കളങ്ങളില്‍ തിളങ്ങിനിന്ന അരളിപ്പൂവിന് ഇത്തവണ ഡിമാന്‍ഡില്ല.അരളിയില കഴിച്ച് യുവതി മരിച്ച സംഭവംകൂടി ഉണ്ടായതോടെയാണ് കേരളത്തില്‍ അരളിപ്പൂവിന് ഡിമാന്‍ഡ് ഇല്ലാതായത്.അരളി തിന്ന പശുവും ചത്ത വാര്‍ത്ത പിന്നാലെ എത്തി.അരളിയില്‍ വിഷവസ്തു ഉണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നു. കഴിഞ്ഞ മേയ് മുതല്‍ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത് വിവിധ ദേവസ്വംബോര്‍ഡുകള്‍ വിലക്കിയിരുന്നു.മറ്റ് ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. പൂജയ്ക്കുപോലും അരളി ഉപയോഗിക്കാതായതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള വരവ് കുത്തനെ കുറഞ്ഞു.







കേരളത്തിലേക്ക് അരളിപ്പൂ കയറ്റിവിടുന്ന പ്രധാനകേന്ദ്രങ്ങളിലൊന്ന് തമിഴ്നാട്ടിലെ ശങ്കരന്‍കോവിലാണ്.ഓണക്കാലത്തിനായി ഒരാള്‍പോലും അരളിപ്പൂ മുന്‍കൂര്‍ ഓര്‍ഡര്‍ചെയ്തിട്ടില്ലെന്ന് ശങ്കരന്‍കോവിലിലെ പൂവ് മൊത്തവ്യാപാരി പാണ്ഡ്യന്‍ പറഞ്ഞു.മുന്‍വര്‍ഷങ്ങളില്‍ ഉത്രാടനാളിലേക്ക് ആറായിരം കിലോ അരളിപ്പൂവിനുവരെ മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നതാണ്.പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളില്‍ ഉള്ള അരളിപ്പൂ അത്തപ്പൂക്കളങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.കൂടുതല്‍നാള്‍ സൂക്ഷിക്കാം എന്നതും അരളിയെ കച്ചവടക്കാര്‍ക്കും പ്രിയപ്പെട്ടതാക്കി. കഴിഞ്ഞവര്‍ഷം ഉത്രാടനാളില്‍ മാത്രം നൂറുകിലോ അരളിപ്പൂവാണ് വിറ്റതെന്ന് പെരിങ്ങര വിനായക ഫ്ളവര്‍ സ്റ്റോഴ്സ് ഉടമ കെ. അജിത പറഞ്ഞു.








ഇത്തവണ ഒരുകിലോപോലും ആവശ്യപ്പെട്ടിട്ടില്ല. ഓണക്കാലത്തെ ആവശ്യത്തിന് പുറമേ അന്‍പൊലിക്കളം, മരണാനന്തര ചടങ്ങുകള്‍, പൂജ തുടങ്ങിയവയ്ക്കായാണ് അരളി കേരളത്തിലേക്അധികം എത്തിയിരുന്നത്. വിഷാംശം ഉണ്ടെന്ന വാര്‍ത്ത വന്നതോടെ ഇത്തരം ആവശ്യങ്ങള്‍ക്കും അരളി ഉപയോഗിക്കാതായി. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് അരളിപ്പൂവ് തമിഴ്നാട്ടില്‍നിന്ന് കയറ്റിവിടുന്നുമുണ്ട്. 280 രൂപയാണ് ഇപ്പോഴത്തെ ശരാശരി മൊത്തവില.




Verified by MonsterInsights