ഒട്ടേറെ സൗഹൃദങ്ങള്‍ പങ്കുവെക്കപ്പെടുന്നയിടമാണ് വാട്‌സാപ്പ് പോലുള്ള ചാറ്റിങ് ആപ്പുകള്‍. എന്നാല്‍ ഓരോരുത്തര്‍ക്കും എഴുതാനും പറയാനും അറിയുന്ന ഭാഷകളില്‍ മാത്രമേ വാട്‌സാപ്പിലൂടെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനാവൂ. എന്നാല്‍ ഇനി ആ തടസമില്ല. ഏത് ഭാഷക്കാരുമായും ചാറ്റ് ചെയ്യാന്‍ ഇനി വാട്‌സാപ്പിലൂടെ സാധിക്കും.ഇതിനായി സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി ട്രാന്‍സ് ലേറ്റ് ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്. വരുന്ന ഓരോ പുതിയ സന്ദേശവും ഉപഭോക്താവിന് മനസിലാവുന്ന ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി പ്രത്യേകം ലാംഗ്വേജ് പായ്ക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. തര്‍ജ്ജമ ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് കീഴില്‍ തര്‍ജ്ജമ ചെയ്തതാണെന്ന് അറിയിക്കുന്ന ലേബലും ഉണ്ടാവും. നിലവില്‍ ഈ ഫീച്ചര്‍ നിര്‍മാണ ഘട്ടത്തിലാണ്. ഭാവിവാട്‌സാപ്പ് അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ എത്തും.
വാട്‌സാപ്പിന്റെ തന്നെ ട്രാന്‍സ്ലേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഫോണില്‍ തന്നെ ആയിരിക്കും ഇതിന്റെ പ്രൊസസിങ് നടക്കുക. ഇതുവഴി സന്ദേശങ്ങളുടെ സ്വകാര്യതയും എന്‍ക്രിപ്ഷനും ഉറപ്പുവരുത്താന്‍ സാധിക്കും. തുടക്കത്തില്‍ ഇംഗ്ലീഷ്, അറബിക്, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍, ഹിന്ദി ഭാഷകളിലാണ് ഈ സൗകര്യം എത്തുക.
സമാനമായി ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്. വോയ്സ് മെസേജുകള്‍ .കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അവ വായിച്ചറിയാന്‍ ഈ ഫീച്ചര്‍ സഹായകമാവും.വാട്‌സാപ്പില്‍ പുതിയ ഫേവറൈറ്റ്‌സ് ഫില്‍റ്റര്‍ ഉള്‍പ്പെടുത്തുമെന്ന് വാട്‌സാപ്പ് പ്രഖ്യാപിച്ചിരുന്നു. പ്രീയപ്പെട്ടവര്‍ക്ക് എളുപ്പം കോളുകള്‍ ചെയ്യുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും വേണ്ടിയുള്ള സൗകര്യമാണിത്.