തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.തൃശ്ശൂർ മുതൽ കാസർകോട് വരെ യെല്ലോ അലർട്ടുമുണ്ട്.ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണമെന്നാണ് നിർദേശം. ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും.കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതൽ മഴ കനക്കാൻ കാരണം. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നുമാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
Month: September 2022
ഉച്ചയ്ക്ക് ശേഷം മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോര പ്രദേശങ്ങളിൽ അടക്കം അതീവ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതൽ മഴ കനക്കാൻ കാരണം. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നുമാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
സ്വർണവിലയിൽ വർധനവ്.
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price in Kerala) വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 37,400 രൂപയും ഗ്രാമിന് 4675 രൂപയുമായി. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് സ്വർണവില 37,120 രൂപയായിരുന്നു. വ്യാഴാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റ് 31 ന് പവന് 200 രൂപ കുറഞ്ഞിരുന്നു.
പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം? പിന്തുടരേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം
ഇന്ന് ആളുകൾ പ്രമേഹത്തെ ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്. എന്നാൽ ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. വളരെ പതുക്കെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം തകരാറിലാക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഒരു കൂട്ടം രോഗങ്ങളിലേക്ക് വരെ ഇത് നയിച്ചേക്കാം. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ, കാഴ്ച തകരാറുകൾ തുടങ്ങി പല രോഗങ്ങൾക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന വില്ലൻ പലപ്പോഴും പ്രമേഹമായിരിക്കും.ജീവിതശൈലിയിലെ മാറ്റങ്ങൾ ടൈപ്പ് 2 പ്രമേഹത്തിന്റെ ആരംഭം തടയാൻ സഹായിക്കും. അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി, ഉയർന്ന കൊളസ്‌ട്രോൾ അല്ലെങ്കിൽ പാരമ്പര്യമായുള്ള പ്രമേഹം ഇവയൊക്കെ കാരണം നിങ്ങൾക്ക് നിലവിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെങ്കിൽ ഇത് പ്രതിരോധിക്കേണ്ടത് വളരെ പ്രധാനമാണ്.ശരീര ഭാരം കുറയ്ക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഒരു പഠന റിപ്പോർട്ട് അനുസരിച്ച് ആളുകൾ വ്യായാമത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തി, ശരീരഭാരത്തിന്റെ ഏകദേശം 7% കുറച്ചതോടെ പ്രമേഹം വരാനുള്ള സാധ്യത 60% കുറഞ്ഞുവെന്ന് കണ്ടെത്തിയിട്ടുണ്ട്.അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ, പ്രീ ഡയബറ്റിസ് ഉള്ള ആളുകൾക്ക് രോഗം മൂർച്ഛിക്കുന്നത് തടയുന്നതിന് അവരുടെ ശരീര ഭാരത്തിന്റെ 7% മുതൽ 10% വരെ കുറയ്ക്കണമെന്ന് ശുപാർശ ചെയ്യുന്നു. കൂടുതൽ ഭാരം കുറയുന്നത് കൂടുതൽ നേട്ടം ഉണ്ടാക്കുമെന്നും ഇതിൽ പറയുന്നു. നിങ്ങളുടെ നിലവിലെ ശരീരഭാരത്തെ അടിസ്ഥാനമാക്കി ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിന് തയ്യാറെടുക്കുക. ആഴ്ചയിൽ 1 മുതൽ 2 കിലോ വരെ ഭാരം കുറയാവുന്ന രീതികളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക.
ഏലത്തോട്ടത്തിൽ കുരങ്ങ് ശല്യം; ചൈനീസ് പാമ്പുകളെ കാവൽനിർത്തി തോട്ടം ജീവനക്കാരൻ.
ഇടുക്കി: ഏലത്തോട്ടത്തിൽ കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ ചൈനീസ് പാമ്പുകളെ കാവൽനിർത്തി തോട്ടം ഉടമ. ഇടുക്കി ഉടുമ്പന്‍ചോലയില്‍ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ ബിജു എന്നയാളാണ് കുരങ്ങ് ശല്യം അകറ്റാൻ പാമ്പുകളെ രംഗത്തിറക്കിയത്. എന്നാൽ ഇത് ഒറിജിനൽ പാമ്പുകളല്ലെന്ന് മാത്രം. വിപണിയിൽ വാങ്ങാൻ കിട്ടുന്ന ചൈനീസ് റബർ പാമ്പുകളാണിവ. ഇരുന്നൂറോളം പാമ്പുകളെയാണ് തോട്ടത്തിലെ വിവിധ ഭാഗങ്ങളിലും ഏലച്ചെടികളിലുമായി ബിജു കെട്ടിത്തൂക്കിയിട്ടത്. ഏതായാലും ചൈനീസ് പാമ്പുകളെ രംഗത്തിറക്കിയതോടെ, കഴിഞ്ഞ ഒരു വർഷമായി തോട്ടത്തിൽ കുരങ്ങുകളുടെ ശല്യമില്ലെന്നും ബിജു പറയുന്നു.കുരങ്ങ് ശല്യം രൂക്ഷമായതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വലഞ്ഞ സമയത്താണ് ബിജു ഒരു കാഴ്ച കണ്ടത്. തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് കുരങ്ങ് ഭയപ്പാടോടെ ഓടിമറയുന്നത്. ഇതോടെയാണ് കടയിൽ വാങ്ങാൻ കിട്ടുന്ന റബർ പാമ്പിനെ വാങ്ങി പരീക്ഷിക്കാൻ ബിജു തയ്യാറായത്. പരീക്ഷണം വിജയമാതോടെയാണ് ഇരുന്നൂറോളം ചൈനീസ് പാമ്പുകളെ ബിജു വാങ്ങിയത്. ഏതായാലും ബിജുവിന്‍റെ ആശയം ഫലവത്തായി. ചൈനീസ് പാമ്പുകൾ വന്നതോടെ കുരങ്ങുകൾ ഏലത്തോട്ടത്തിന്‍റെ പരിസരത്തുപോലും വരാതെയായി.ചെറിയ കാറ്റിൽപ്പോലും ഇളകിയാടുന്ന തരത്തിലുള്ളവയാണ് ചൈനീസ് റബർ പാമ്പുകൾ. അതുകൊണ്ടുതന്നെ കാഴ്ചയിൽ യഥാർഥ പാമ്പാണെന്ന് തോന്നുകയും ചെയ്യും. ഒരിക്കൽ തോട്ടത്തിൽ ആദ്യമായി ജോലിക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളികൾ ഒറിജിനൽ പാമ്പാണെന്ന് കരുതി ഏലച്ചെടിയിൽ കെട്ടിത്തൂക്കിയിട്ട ചൈനീസ് പാമ്പിനെ അടിച്ചുവീഴ്ത്തുകയും ചെയ്തു.
ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയും.
വ്യാപാരികളുടെ സഹകരണത്തോടെ ഓണക്കാലയളവില്‍ പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, വിലവര്‍ധനവ് എന്നിവ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി. രാധാക്യഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ ഓണക്കാലയളവില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെയും പലച്ചരക്ക് സാധനങ്ങളുടെയും സ്റ്റോക്ക് എല്ലാ മൊത്ത വ്യാപാരശാലകളില്‍ നിലവിലുണ്ടെന്ന് യോഗം വിലയിരുത്തി. വില വര്‍ധിക്കുന്നതിനുളള സാഹചര്യം നിലനില്‍ക്കുന്നില്ലായെന്നും താരതമ്യേന വിലവര്‍ധനവ് കാണപ്പെടുന്ന ആന്ധ്ര ജയ അരിക്ക് ബദലായി കര്‍ണാടകയില്‍ നിന്നും ഗുണമേന്‍മയുളള വെളളഅരി ജില്ലയില്‍ എത്തുന്നുണ്ട്. ഇതിനു പുറമേ പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും വില്‍പ്പന ശാലകള്‍ വഴി യഥേഷ്ടം അരി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനാല്‍ ഓണക്കാലത്ത് വിലവര്‍ധനവ് ഉണ്ടാവില്ലെന്ന് മൊത്ത വ്യാപാരികള്‍ അറിയിച്ചു.
നിലവില്‍ ആവശ്യത്തിന് പലവ്യഞ്ജനങ്ങള്‍ സ്റ്റോക്കുളളതായി യോഗം വിലയിരുത്തി. മൊത്തവ്യാപാരികള്‍ യോഗത്തില്‍ അറിയിച്ച ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉറപ്പ് നല്‍കി.
ഓണക്കാലയളവില്‍ മൊത്തവ്യാപാരികള്‍ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവയില്‍ ഏര്‍പ്പെടരുതെന്നും അമിത വില ഈടാക്കാന്‍ പാടില്ലെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, ജില്ലയിലെ മൊത്തവ്യാപാരികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മിഴിവ് 2022: പുരസ്‌കാര വിതരണം നടത്തി.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിഴിവ് 2022 സംസ്ഥാനതല ഓൺലൈൻ വീഡിയോ മത്സരത്തിൽ വിജയികളായവർക്ക് പുരസ്‌കാര വിതരണം നടത്തി. തിരുവനന്തതപുരം പി ആർ ചേമ്പറിൽ നടന്ന ചടങ്ങിൽ വകുപ്പ് ഡയറക്ടർ ജാഫർ മാലിക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഡീഷണൽ ഡയറക്ടർ കെ അബ്ദുൽ റഷീദ്, ഡെപ്യൂട്ടി ഡയറക് ടർ എസ് ആർ പ്രവീൺ, ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് സ്വദേശിനി ശ്രുതി ശ്രീശാന്ത് ഒന്നാം സ്ഥാനവും തിരുവനന്തപുരം സ്വദേശി പ്രദീപ് കുമാർ ടി പി, ആലപ്പുഴ സ്വദേശി ഗിരീഷ് കെ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 10 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി.
ഓണക്കാല പാൽ പരിശോധനാ യഞ്ജം ഇന്ന് മുതൽ.
ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന യഞ്ജത്തിന് ശനിയാഴ്ച തുടക്കം. ഓണക്കാലത്ത് അതിർത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷീരവികസന വകുപ്പ് പാറശ്ശാല, ആര്യങ്കാവ്, കുമിളി, വാളയാർ, മീനാക്ഷിപുരം അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ സെപ്റ്റംബർ മൂന്നു മുതൽ ഏഴുവരെ പാൽ പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുവിപണിയിൽ വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ജില്ലകൾ കേന്ദ്രീകരിച്ച് ഇൻഫർമേഷൻ സെന്ററുകളും പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് പാൽ സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം മനസിലാക്കുന്നതിനും സംശയനിവാരണം ചെയ്യുന്നതിനുമുള്ള സൗകര്യം ജില്ലാ ഇൻഫർമേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ചെക്ക്‌പോസ്റ്റുകൾ സെപ്റ്റംബർ 3ന് രാവിലെ 8 മുതൽ സെപ്റ്റംബർ 7ന് രാവിലെ 8 വരെ 24 മണിക്കൂറും പ്രവർത്തിക്കുന്നതും ജില്ലാ ഇൻഫർമഷൻ കേന്ദ്രങ്ങൾ രാവിലെ 9 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തിക്കുന്നതുമാണ്. 7ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും.