“töltse Le A 22bet Alkalmazást Ios Vagy Android Rendszeren 22bet Mobilalkalmazás Ios Alkalmazás Letöltése Content Mobil…
Month: March 2023
മികവുള്ള ബിരുദധാരികൾക്കായി ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പ്; മാർച്ച് 5 വരെ അപേക്ഷിക്കാം
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലും അഫിലിയേറ്റഡ് കോളേജുകളിലും 2021 – 22 അധ്യയന വർഷം ബിരുദം പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് ബഹു. മുഖ്യമന്ത്രിയുടെ പ്രതിഭാ ധനസഹായ പദ്ധതിയുടെ ഭാഗമായ ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദതലത്തിൽ ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്, തെരഞ്ഞെടുപ്പ് . ഓരോ സർവകലാശാലകളിലേയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുക.
ഓരോ സർവ്വകലാശാലകളിലേയും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒരു വിഷയത്തിന്റെ വിവിധ സ്കീമുകളെ ഒരുമിച്ചായി പരിഗണിച്ച് വിഷയാനുസൃതമായാണ് പരിഗണിക്കുക. സർക്കാർ – എയ്ഡഡ്, ഓട്ടോണമസ് , സെൽഫ് ഫൈനാൻസിങ്ങ് കോളേജുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ഹയർ എജ്യൂക്കേഷൻ കൗൺസിൽ നൽകുന്ന ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പിന് പരിഗണിക്കുന്നതല്ല.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയ്യതി മാർച്ച് 5 ആണ്.
ആർക്കൊക്കെ അപേക്ഷിക്കാം
2021 – 2022 അധ്യയന വർഷത്തിൽ 3/4/5 വർഷ ബിരുദ കോഴ്സുകൾ പൂർത്തീകരിച്ചവരും 75% ത്തിനു മുകളിൽ മാർക്ക് ലഭിച്ചവരുമായിരിക്കണം , അപേക്ഷകർ . അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷകർ , ഡിഗ്രി സർട്ടിഫിക്കേറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഒരു വർഷത്തിനകം എടുത്തിട്ടുള്ള വരുമാന സർട്ടിഫിക്കേറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുണ്ട്. കേരളത്തിലെ 13 സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കു മാത്രമേ അപേക്ഷിക്കാനാകൂ.
ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്
http://dcescholarship.kerala.gov.in
യൂണിവേഴ്സിറ്റികൾ
- കേരള സർവകലാശാല
- കാലിക്കറ്റ് സർവകലാശാല
- കുസാറ്റ്
- മഹാത്മാഗാന്ധി സർവകലാശാല
- കണ്ണൂർ സർവകലാശാല
- കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
- കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി
- കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
- കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്
- നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്
- ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
- എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
- കേരള കലാമണ്ഡലം
എല്ലാ ഗ്രാമത്തിലും ഒരു ക്ഷേത്രം; ആന്ധ്രാ സർക്കാർ മൂവായിരത്തോളം ക്ഷേത്രങ്ങൾ വികസിപ്പിക്കും
ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങളില്ലാത്ത ഒരൊറ്റ ഗ്രാമം പോലും ഇനി ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ. സംസ്ഥാന സർക്കാരിന്റെ ക്ഷേത്രവികസന പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഗ്രാമങ്ങളിലും ഒരു ക്ഷേത്രം വീതം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനകം വികസിപ്പിച്ച് കൊണ്ടിരിക്കുന്ന 1330 ക്ഷേത്രങ്ങൾക്ക് പുറമെ 1465 ക്ഷേത്രങ്ങൾ കൂടി സംസ്ഥാനത്ത് നിർമ്മിക്കും. ജനപ്രതിനിധികളുടെ അഭ്യർത്ഥന പ്രകാരം 200 ക്ഷേത്രങ്ങളുടെ നിർമ്മാണം ഏറ്റെടുക്കും. 270 കോടി രൂപയുടെ കോമൺ ഗുഡ് ഫണ്ടുകളിൽ (സിജിഎഫ്) 238.19 കോടി രൂപ ഇതിനായി അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ ക്ഷേത്രങ്ങളുടെ നിർമാണം ഉൾപ്പെടെയുള്ള ചില സുപ്രധാന തീരുമാനങ്ങൾ കമ്മിറ്റി എടുത്തതായി സിജിഎഫ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി പറഞ്ഞു. “മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം, ഹിന്ദുമതം പ്രചരിപ്പിക്കുന്നതിനും സംസ്ഥാനത്തുടനീളമുള്ള ദുർബല വിഭാഗക്കാരുടെ കോളനികളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഇത് ഒരു സുപ്രധാന ചുവടുവെപ്പാണ്,” അദ്ദേഹം പറഞ്ഞു.
ടിടിഡി ശ്രീവാണി ട്രസ്റ്റിൽ നിന്ന് ഓരോ ക്ഷേത്രത്തിനും 10 ലക്ഷം രൂപ ലഭിക്കുമെന്നും എൻഡോവ്‌മെന്റ് വകുപ്പ് ഏറ്റെടുത്ത 978 ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും സത്യനാരായണ പറഞ്ഞു. ക്ഷേത്രങ്ങളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ 25 ക്ഷേത്രങ്ങളുടെ ചുമതല ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ എന്ന നിലയിൽ ഏൽപ്പിച്ചിട്ടുണ്ട്. ആവശ്യമായ അസിസ്റ്റന്റ് എൻജിനീയർമാരെ വേണ്ടി വന്നാൽ ഇനിയും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില ക്ഷേത്രങ്ങൾ വിവിധ എൻജിഒകൾ ആണ് നിർമ്മിക്കുന്നത്.
68 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രങ്ങളിൽ ആരംഭിച്ചതായും ബാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വർഷം ദീപ, ദൂപ, നൈവേദ്യ ചെലവുകൾക്കായി ഓരോ ക്ഷേത്രത്തിനും പ്രതിമാസം 5,000 രൂപ നൽകുന്നതിന് ബജറ്റിൽ അനുവദിച്ച 28 കോടിയിൽ 14.74 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. 2019 ലെ കണക്കനുസരിച്ച് 1,561 ക്ഷേത്രങ്ങൾക്കായി ഈ പദ്ധതി നടപ്പാക്കിയിരുന്നു. നിലവിൽ ഇത് 5,000 ക്ഷേത്രങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീശൈലം ക്ഷേത്രത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്നതിനായി സത്രങ്ങളുടെ നിർമ്മാണത്തിനായി പുതിയ പദ്ധതി നടപ്പിലാക്കാൻ വകുപ്പ് തീരുമാനിച്ചതായും എൻഡോവ്‌മെന്റ് മന്ത്രി പറഞ്ഞു. ഈ സത്രങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ 40 ശതമാനം ക്ഷേത്രത്തിന് നൽകാനും തീരുമാനിച്ചു.
കൂടാതെ, ശ്രീശൈലത്തിൽ വിവിധ സാമുദായിക സമൂഹങ്ങൾ നിർമ്മിച്ച സത്രങ്ങളുടെ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള പരാതികൾ കണക്കിലെടുത്ത് അവ സർക്കാരിന്റെ മേൽനോട്ടത്തിൽ ക്രമപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂട്യൂബിലൂടെ എങ്ങനെ കൂടുതൽ പണമുണ്ടാക്കാം? കണ്ടന്റ് ക്രിയേറ്റർമാർക്ക് YouTube സിഇഒ നീൽ മോഹന്റെ ആദ്യ കത്ത്
കണ്ടന്‍റ് ക്രിയറ്റർമാർക്കായി തന്റെ ആദ്യത്തെ കത്തുമായി യൂട്യൂബിന്റെ പുതിയ സിഇഒ നീൽ മോഹൻ. യൂട്യൂബിലൂടെ എങ്ങനെ കൂടുതൽ പണം സമ്പാദിക്കാമെന്നും ഭാവിയിലേക്ക് കൂടുതൽ പ്രയോജനകരമായി ഉപയോഗപ്പെടുത്താമെന്നും വിശദീകരിച്ചു കൊണ്ടുള്ളതാണ് കത്ത്. കഴിഞ്ഞ മാസമാണ് യൂട്യൂബിന്റെ മുൻ സിഇഒ സൂസൻ വോജ്‌സ്കി പടിയിറങ്ങിയത്.
ഈ വർഷം, കൂടുതൽ കണ്ടന്‍റ് ക്രിയേറ്റർമാരെ നേരിട്ട് കാണുമെന്നും യൂട്യൂബിന് അവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാം കഴിയും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും നീൽ മോഹൻ പറഞ്ഞു. പരസ്യങ്ങൾക്കു പുറമേ, സബ്‌സ്‌ക്രിപ്‌ഷൻ സേവനം വിപുലീകരിച്ചുകൊണ്ടും മറ്റും കണ്ടന്‍റ് ക്രിയേറ്റർമാർക്ക് തങ്ങൾ കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“2022 ഡിസംബറിൽ ആറ് ദശലക്ഷത്തിലധികം കാഴ്ചക്കാർ യൂട്യൂബിൽ ചാനൽ അംഗത്വത്തിനായി പണമടച്ചു. മുൻവർഷത്തേക്കാൾ 20 ശതമാനത്തിലധികം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്”, നീൽ മോഹൻ പറഞ്ഞു. വീഡിയോകളിൽ ലാംഗ്വേജ് ട്രാക്കുകൾ ചേർത്ത് പുതിയ പ്രേക്ഷകരിലേക്ക് എത്താൻ ക്രിയേറ്റർമാരെ സഹായിക്കുന്ന ഫീച്ചറായ ക്രിയേറ്റർ ഫീഡ്‌ബാക്ക് നിരവധി പേർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂട്യൂബ് സ്‌ട്രീമിംഗിലും ടിവി കണക്ടിവിറ്റിയിലും പ്രേക്ഷകർക്കും ക്രിയേറ്റമാർക്കും സഹായകരമാകുന്ന തരത്തിൽ പുതിയ ഫീച്ചറുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ആളാണ് നീൽ മോഹൻ. അതിനു ശേഷം അതേ സർവകലാശാലയിൽ നിന്നും അദ്ദേഹം എംബിഎയും പൂർത്തിയാക്കിയിരുന്നു. മുൻപ് മൈക്രോസോഫ്റ്റിലും ജോലി ചെയ്തിട്ടുള്ള നീൽ മോഹൻ Stitch Fix, 23andMe എന്നിവയുടെ ബോർഡിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2007ലാണ് അദ്ദേഹം ഗൂഗിളിൽ എത്തുന്നത്. 2015-ൽ കമ്പനിയുടെ ചീഫ് പ്രൊഡക്‌ട് ഓഫീസറായ അദ്ദേഹം യൂട്യൂബ് ഷോർട്സ് ആന്‍ഡ് മ്യൂസിക്കിന്‍റെ നിർമ്മാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2015-ൽ ചീഫ് പ്രൊഡക്റ്റ് ഓഫീസറായതിനുശേഷം, അദ്ദേഹം ഒരു പുതിയ UX ടീം രൂപീകരിക്കുകയും യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക്, പ്രീമിയം, ഷോർട്സ്, എന്നിവയുൾപ്പെടെ കമ്പനിയുടെ ഏറ്റവും വലിയ ചില ഫീച്ചറുകൾ ലോഞ്ച് ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമിനെയും അദ്ദേഹം നയിച്ചിരുന്നു.
ഉയരം കുറവാണെന്ന് സങ്കടമുണ്ടോ? ഇതാ സന്തോഷ വാർത്ത; പൊക്കമുള്ളവരേക്കാൾ ആയുസ്സ് കൂടുതലെന്ന് പഠനം
ഉയരം കുറഞ്ഞ ആളുകൾ വിഷമിക്കേണ്ട, ഇവർ ആയുസ്സിന്റെ കാര്യത്തിൽ പൊക്കമുള്ളവരേക്കാൾ ഭാഗ്യവാന്മാരാണെന്ന് പഠനം. പൊക്കം കുറഞ്ഞ ആളുകൾക്ക് ആയുസ് കൂടുതലാണെന്നും ഇവർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ആളുകളുടെ ആരോഗ്യവും ആയുർദൈർഘ്യവുമായി ബന്ധപ്പെട്ട ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ പഠനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി സിഎൻബിസി ആയുർദൈർഘ്യത്തെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടത്തിയിട്ടുള്ള പ്രശസ്തരായ രണ്ട് ശാസ്ത്രജ്ഞരെ സമീപിച്ചിരുന്നു. ആരോഗ്യവും ആയുർദൈർഘ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ജനസംഖ്യാശാസ്ത്രജ്ഞനായ ജീൻ മേരി റോബിനോടായിരുന്നു ഇതു സംബന്ധിച്ച് ആദ്യ ആദ്യ ചർച്ച നടത്തിയത്. കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ മറ്റൊരു ശാസ്ത്രജ്ഞൻ ഡേവിഡ് സിൻക്ലെയർ ആണ്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പോൾ എഫ് ഗ്ലെൻ സെന്റർ ഫോർ ബയോളജിയുടെ സഹ ഡയറക്ടറാണ് ഇദ്ദേഹം.
”വർഷങ്ങൾക്ക് മുമ്പ്, മനുഷ്യൻ ഇന്നത്തേതിനേക്കാൾ ചെറുതായിരുന്നു. കാരണം ആ സമയത്ത് മതിയായ പോഷകാഹാരവും ആരോഗ്യവും അവർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മനുഷ്യന്റെ ഉയരം ശരിയായി വികസിച്ചിരുന്നില്ല. പോഷകാഹാരക്കുറവ് കാരണം, മനുഷ്യനെ ഏത് പകർച്ചവ്യാധിയും എളുപ്പത്തിൽ ബാധിക്കുമായിരുന്നു ”ജീൻ മേരി റോബിൻ പറഞ്ഞു.
”ആദ്യ വർഷങ്ങളിൽ ശരീരത്തിന്റെ വികസനം ശരിയായി നടക്കാത്തതാണ് അന്ന് ആളുകളുടെ ഉയരം കുറയാൻ കാരണം. എന്നാൽ ഇന്ന് അങ്ങനെയല്ല, ഉയരം കുറഞ്ഞ ആളുകൾ ഉയരമുള്ളവരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നതായി കാണാം” അദ്ദേഹം പറഞ്ഞു. 2003-ൽ എൽസെവിയർ ജേണലിലാണ് ഇത് സംബന്ധിച്ച ഒരു പഠനം പ്രസിദ്ധീകരിച്ചത്. ഒരു വ്യക്തിയുടെ ഉയരവും ആയുസ്സും തമ്മിൽ ബന്ധമുണ്ടെന്ന് ഈ പഠനത്തിൽ അവകാശപ്പെടുന്നു.
എന്നാൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉയരം തമ്മിലുള്ള വ്യത്യാസം വളർച്ചാ ഹോർമോണുകളുടെ അളവിലുള്ള വ്യത്യാസം കൊണ്ടാണെന്നും, ഇത് സ്ത്രീകളിൽ വളരെ കൂടുതലാണ്. വളർച്ചാ ഹോർമോണിന്റെ അളവ് ആയുസ്സ് കൂട്ടുമെന്നും ഇതാണ് സ്ത്രീകൾ കൂടുതൽ കാലം ജീവിക്കാൻ കാരണമെന്നും ഡേവിഡ് സിൻക്ലെയർ പറഞ്ഞു.
സാങ്കേതിക സർവകലാശാല വിസി സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണം; അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ (വിസി) ചുമതല വഹിക്കുന്ന ഡോ. സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. സിസ തോമസിന്റെ ഹർജിയിലാണ് നടപടി. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കിലും പകരം നിയമനം നല്‍കിയിരുന്നില്ല.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്‌ടർ സ്ഥാനത്തിരിക്കെയാണ് സിസാ തോമസിനെ കെടിയു വിസിയായി താത്കാലിമായി നിയമിച്ചത്. ഗവർണറാണ് ഈ നിയമനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണു വിസിയുടെ അധികച്ചുമതല സിസ തോമസ് ഏറ്റെടുത്തത്. തിരുവനന്തപുരത്തുള്ള സീനിയർ പ്രഫസർമാരിൽ ഗവർണറുടെ നിർദേശം അനുസരിച്ചു വിസി സ്ഥാനം ഏറ്റെടുക്കാൻ തയാറായ ആൾ എന്ന നിലയിലാണ് സിസ തോമസിനു ചുമതല നൽകിയത്.
യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനെത്തുടർന്നു വിസി സ്ഥാനത്തുനിന്നു സുപ്രീം കോടതി പുറത്താക്കിയ ഡോ. എംഎസ് രാജശ്രീയെ ആണ് സിസയുടെ സ്ഥാനത്ത് സീനിയർ ജോയിന്റ് ഡയറക്ടറായി സർക്കാർ നിയമിച്ചിരിക്കുന്നത്. സ്ഥാന മാറ്റം സിസയുടെ വിസി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അടുത്ത മാസം 31ന് വിരമിക്കാൻ ഇരിക്കെയാണു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ച് സിസയെ മാറ്റിയത്.
11 മുതൽ മൂന്ന് വരെ നേരിട്ട് തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.
* പൊതുജനങ്ങൾ രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജ്ജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയിൽ കരുതുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
* വേനൽച്ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധിക്യതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള് രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 മുതൽ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്‌കർ കുടിവെള്ളം നൽകി നിർജ്ജലീകരണം തടയുവാൻ സഹായിക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* ആരോഗ്യവകുപ്പിന്റെയും, കാലാവസ്ഥാ വകുപ്പിൻറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
‘700 ക്ലബ് ഗോൾ’; റൊണാൾഡോക്ക് പിന്നാലെ ചരിത്രനേട്ടവുമായി ലയണൽ മെസി
ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നിറഞ്ഞാടിയ കളിയിൽ തകർപ്പൻ ജയം പിടിച്ച് പി എസ് ജി. ലീഗ് വൺ കിരീടപ്പോരിൽ തൊട്ടുപിറകിലുള്ള കരുത്തരായ മാഴ്സെയെയാണ് മെസി- എംബാപ്പെ സഖ്യം പരാജയപ്പെടുത്തിയത്. രണ്ടു വട്ടം ഗോളടിച്ച് എംബാപ്പെ പി എസ് ജിക്കായി 200 ഗോൾ തികച്ചപ്പോൾ ഒരു ഗോൾ നേടി മെസ്സി കരിയറിൽ 700 ക്ലബ് ഗോളുകളെന്ന അപൂർവ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമെത്തി.
പി എസ് ജിക്കായി ഗോൾവേട്ടയിൽ ഡബിൾ സെഞ്ച്വറി കുറിച്ച എംബാപ്പെ ഈ റെക്കോഡിൽ എഡിൻസൺ കവാനിക്കൊപ്പമെത്തി. 2017ൽ ടീമിലെത്തിയ താരം കവാനിയെക്കാൾ അതിവേഗത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ക്ലബ് കരിയറിൽ 700 ഗോൾ പൂർത്തിയാക്കിയ മെസ്സിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ മാത്രമാണുള്ളത്. യൂറോപ്യൻ സോക്കറിൽ 701 ഗോളുകൾ പൂർത്തിയാക്കി സൗദി ലീഗിലെത്തിയ താരം അൽനസർ നിരയിൽ ഗോൾവേട്ട തുടരുകയാണ്. ഇപ്പോൾ 706 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. എന്നാൽ, 13ാം വയസ്സിൽ കളി തുടങ്ങിയ ബാഴ്സലോണക്കൊപ്പം 778 കളികളിൽ 672 ഗോൾ കുറിച്ച മെസ്സി കഴിഞ്ഞ സീസണിലാണ് പി എസ് ജിക്കൊപ്പമെത്തിയത്.
Gold price | മാർച്ച് മാസത്തിൽ സ്വർണം വാങ്ങാൻ പ്ലാൻ ഇടുന്നുണ്ടോ? നിരക്ക് എത്രയെന്നു അറിഞ്ഞോളൂ
കേരളം മീനവെയിലിന്റെ ചൂടിലേക്ക് കടക്കുന്ന നാളുകളിലാണിപ്പോഴുള്ളത്. സ്വർണവിലയും (Gold price) ഈ മാസത്തിന്റെ തുടക്കത്തിലേ ഉയർച്ചയിലേക്കു കടക്കുകയാണ്. മാർച്ച് രണ്ടാം തിയതി കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 41,400 എന്ന നിലയിലാണ്. മാർച്ച് മാസം ഒന്നാം തിയതിയെ അപേക്ഷിച്ച് ഈ നിരക്ക് കൂടുതലാണ്. ഒരു പവന് 41,280 രൂപ എന്ന നിലയിലായിരുന്നു ഈ ദിവസത്തെ നിരക്ക്.
എന്നിരുന്നാലും പോയ മാസത്തെ അപേക്ഷിച്ച് ഈ നിരക്ക് കുറവാണ്. 2023 ഫെബ്രുവരി മാസത്തിൽ ഒരു പവന് 42,880 രൂപ എന്ന നിലയിലേക്കുയർന്നിരുന്നു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ സ്വർണവില എത്രയെന്ന് നോക്കാം:
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600
ഫെബ്രുവരി 17: 41,440
ഫെബ്രുവരി 18: 41,760
ഫെബ്രുവരി 19: 41,760
ഫെബ്രുവരി 20: 41,680
ഫെബ്രുവരി 21: 41,600
ഫെബ്രുവരി 22: 41,600
ഫെബ്രുവരി 23: 41,440
ഫെബ്രുവരി 24: 41,360
ഫെബ്രുവരി 25: 41,200
ഫെബ്രുവരി 26: 41,200
ഫെബ്രുവരി 27: 41,080(ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഫെബ്രുവരി 28: 41,160
മാർച്ച് 1: 41,280
മാർച്ച് 2: 41,400
എറണാകുളം ജില്ലാ കൃഷി തോട്ടത്തിൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ
എറണാകുളം ജില്ലാ കൃഷി തോട്ടത്തിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് കൂടുതൽ പദ്ധതികൾ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. അടുത്ത സാമ്പത്തിക വർഷത്തോടെ ഫാം ടൂറിസത്തിന്റെ ഭാഗമായി ഫാം സന്ദർശകർക്കായി തുറക്കും. ഇതിനാവശ്യമായ നടപടികൾ തുടങ്ങി യതായും ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വർഷത്തെ പ്രത്യേക പദ്ധതിയായ ബഫല്ലോ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
നേര്യമംഗലം ജില്ലാ ക്യഷി തോട്ടത്തിൽ പ്രത്യേകം സജ്ജമാക്കിയ മൂന്നര ഏക്കർ സ്ഥലത്താണ് ബഫല്ലോ പാർക്ക് സജ്ജമാക്കിയിട്ടുളളത്. ആദ്യ ഘട്ടം പൊള്ളാച്ചിയിൽ നിന്നും എത്തിച്ച മൊറക്രോസ് ഇനത്തിൽ പെട്ട പത്ത് പോത്തിൻ കുട്ടികളെയാണ് എത്തിച്ചിരിക്കുന്നത്. ഇവിടെ ഷെഡും ഒരുക്കിയിട്ടുണ്ട്.
രാവിലെ പോത്തിൻ കുട്ടികളെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഫാമിൽ സ്വീകരിച്ചു. തുടർന്ന് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു ബഫല്ലോ പാർക്കിലേക്ക് എത്തിച്ചത്. സംയോജിത കൃഷിയുടെ ഭാഗമായാണ് പദ്ധതി. ഇതിലൂടെ മുന്തിയ ഇനം മാംസവും ഉയർന്ന വരുമാനവും ലക്ഷ്യമിടുന്നു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ മുഖ്യപ്രഭാക്ഷണം നടത്തി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.ഡാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. കണ്ണൻ, ഫാം സൂപ്രണ്ട് സൂസന്‍ ലീ തോമസ്, ഫിനാൻസ് ഓഫീസർ ജോബി തോമസ്, കൃഷി ഓഫീസര്‍ ജാസ്മിൻ തോമസ്, വെറ്റിനറി സർജൻ ഡോ. ലാൽ ജി. മാത്യു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജയ്സൺ മാത്യു, അസി. കൃഷി ഓഫീസർ ടി.യു. സൈമൺ, കൃഷി അസിസ്റ്റന്റ് എം. ആർ. രതീഷ് , പി.എസ്. രജിത്, സംഘടനാ നേതാക്കളായ എം. വി. യാക്കോബ്, സി.എ. റഫീക്ക് , പി. ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.