കണ്ടന്റ് ക്രിയറ്റർമാർക്കായി തന്റെ ആദ്യത്തെ കത്തുമായി യൂട്യൂബിന്റെ പുതിയ സിഇഒ നീൽ മോഹൻ. യൂട്യൂബിലൂടെ എങ്ങനെ കൂടുതൽ പണം സമ്പാദിക്കാമെന്നും ഭാവിയിലേക്ക് കൂടുതൽ പ്രയോജനകരമായി ഉപയോഗപ്പെടുത്താമെന്നും വിശദീകരിച്ചു കൊണ്ടുള്ളതാണ് കത്ത്. കഴിഞ്ഞ മാസമാണ് യൂട്യൂബിന്റെ മുൻ സിഇഒ സൂസൻ വോജ്‌സ്കി പടിയിറങ്ങിയത്.
ഈ വർഷം, കൂടുതൽ കണ്ടന്‍റ് ക്രിയേറ്റർമാരെ നേരിട്ട് കാണുമെന്നും യൂട്യൂബിന് അവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാം കഴിയും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും നീൽ മോഹൻ പറഞ്ഞു. പരസ്യങ്ങൾക്കു പുറമേ, സബ്‌സ്‌ക്രിപ്‌ഷൻ സേവനം വിപുലീകരിച്ചുകൊണ്ടും മറ്റും കണ്ടന്‍റ് ക്രിയേറ്റർമാർക്ക് തങ്ങൾ കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“2022 ഡിസംബറിൽ ആറ് ദശലക്ഷത്തിലധികം കാഴ്ചക്കാർ യൂട്യൂബിൽ ചാനൽ അംഗത്വത്തിനായി പണമടച്ചു. മുൻവർഷത്തേക്കാൾ 20 ശതമാനത്തിലധികം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്”, നീൽ മോഹൻ പറഞ്ഞു. വീഡിയോകളിൽ ലാംഗ്വേജ് ട്രാക്കുകൾ ചേർത്ത് പുതിയ പ്രേക്ഷകരിലേക്ക് എത്താൻ ക്രിയേറ്റർമാരെ സഹായിക്കുന്ന ഫീച്ചറായ ക്രിയേറ്റർ ഫീഡ്‌ബാക്ക് നിരവധി പേർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂട്യൂബ് സ്‌ട്രീമിംഗിലും ടിവി കണക്ടിവിറ്റിയിലും പ്രേക്ഷകർക്കും ക്രിയേറ്റമാർക്കും സഹായകരമാകുന്ന തരത്തിൽ പുതിയ ഫീച്ചറുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ആളാണ് നീൽ മോഹൻ. അതിനു ശേഷം അതേ സർവകലാശാലയിൽ നിന്നും അദ്ദേഹം എംബിഎയും പൂർത്തിയാക്കിയിരുന്നു. മുൻപ് മൈക്രോസോഫ്റ്റിലും ജോലി ചെയ്തിട്ടുള്ള നീൽ മോഹൻ Stitch Fix, 23andMe എന്നിവയുടെ ബോർഡിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2007ലാണ് അദ്ദേഹം ഗൂഗിളിൽ എത്തുന്നത്. 2015-ൽ കമ്പനിയുടെ ചീഫ് പ്രൊഡക്‌ട് ഓഫീസറായ അദ്ദേഹം യൂട്യൂബ് ഷോർട്സ് ആന്‍ഡ് മ്യൂസിക്കിന്‍റെ നിർമ്മാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2015-ൽ ചീഫ് പ്രൊഡക്റ്റ് ഓഫീസറായതിനുശേഷം, അദ്ദേഹം ഒരു പുതിയ UX ടീം രൂപീകരിക്കുകയും യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക്, പ്രീമിയം, ഷോർട്സ്, എന്നിവയുൾപ്പെടെ കമ്പനിയുടെ ഏറ്റവും വലിയ ചില ഫീച്ചറുകൾ ലോഞ്ച് ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമിനെയും അദ്ദേഹം നയിച്ചിരുന്നു.