എല്ലാ ഗ്രാമത്തിലും ഒരു ക്ഷേത്രം; ആന്ധ്രാ സർക്കാർ മൂവായിരത്തോളം ക്ഷേത്രങ്ങൾ വികസിപ്പിക്കും

ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങളില്ലാത്ത ഒരൊറ്റ ഗ്രാമം പോലും ഇനി ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ. സംസ്ഥാന സർക്കാരിന്റെ ക്ഷേത്രവികസന പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഗ്രാമങ്ങളിലും ഒരു ക്ഷേത്രം വീതം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനകം വികസിപ്പിച്ച് കൊണ്ടിരിക്കുന്ന 1330 ക്ഷേത്രങ്ങൾക്ക് പുറമെ 1465 ക്ഷേത്രങ്ങൾ കൂടി സംസ്ഥാനത്ത് നിർമ്മിക്കും. ജനപ്രതിനിധികളുടെ അഭ്യർത്ഥന പ്രകാരം 200 ക്ഷേത്രങ്ങളുടെ നിർമ്മാണം ഏറ്റെടുക്കും. 270 കോടി രൂപയുടെ കോമൺ ഗുഡ് ഫണ്ടുകളിൽ (സിജിഎഫ്) 238.19 കോടി രൂപ ഇതിനായി അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ക്ഷേത്രങ്ങളുടെ നിർമാണം ഉൾപ്പെടെയുള്ള ചില സുപ്രധാന തീരുമാനങ്ങൾ കമ്മിറ്റി എടുത്തതായി സിജിഎഫ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി പറഞ്ഞു. “മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം, ഹിന്ദുമതം പ്രചരിപ്പിക്കുന്നതിനും സംസ്ഥാനത്തുടനീളമുള്ള ദുർബല വിഭാഗക്കാരുടെ കോളനികളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഇത് ഒരു സുപ്രധാന ചുവടുവെപ്പാണ്,” അദ്ദേഹം പറഞ്ഞു.

ടിടിഡി ശ്രീവാണി ട്രസ്റ്റിൽ നിന്ന് ഓരോ ക്ഷേത്രത്തിനും 10 ലക്ഷം രൂപ ലഭിക്കുമെന്നും എൻഡോവ്‌മെന്റ് വകുപ്പ് ഏറ്റെടുത്ത 978 ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും സത്യനാരായണ പറഞ്ഞു. ക്ഷേത്രങ്ങളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ 25 ക്ഷേത്രങ്ങളുടെ ചുമതല ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ എന്ന നിലയിൽ ഏൽപ്പിച്ചിട്ടുണ്ട്. ആവശ്യമായ അസിസ്റ്റന്റ് എൻജിനീയർമാരെ വേണ്ടി വന്നാൽ ഇനിയും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില ക്ഷേത്രങ്ങൾ വിവിധ എൻജിഒകൾ ആണ് നിർമ്മിക്കുന്നത്.

68 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രങ്ങളിൽ ആരംഭിച്ചതായും ബാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വർഷം ദീപ, ദൂപ, നൈവേദ്യ ചെലവുകൾക്കായി ഓരോ ക്ഷേത്രത്തിനും പ്രതിമാസം 5,000 രൂപ നൽകുന്നതിന് ബജറ്റിൽ അനുവദിച്ച 28 കോടിയിൽ 14.74 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. 2019 ലെ കണക്കനുസരിച്ച് 1,561 ക്ഷേത്രങ്ങൾക്കായി ഈ പദ്ധതി നടപ്പാക്കിയിരുന്നു. നിലവിൽ ഇത് 5,000 ക്ഷേത്രങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീശൈലം ക്ഷേത്രത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്നതിനായി സത്രങ്ങളുടെ നിർമ്മാണത്തിനായി പുതിയ പദ്ധതി നടപ്പിലാക്കാൻ വകുപ്പ് തീരുമാനിച്ചതായും എൻഡോവ്‌മെന്റ് മന്ത്രി പറഞ്ഞു. ഈ സത്രങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ 40 ശതമാനം ക്ഷേത്രത്തിന് നൽകാനും തീരുമാനിച്ചു.

കൂടാതെ, ശ്രീശൈലത്തിൽ വിവിധ സാമുദായിക സമൂഹങ്ങൾ നിർമ്മിച്ച സത്രങ്ങളുടെ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള പരാതികൾ കണക്കിലെടുത്ത് അവ സർക്കാരിന്റെ മേൽനോട്ടത്തിൽ ക്രമപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.