കേന്ദ്ര ബജറ്റിലെ ഇറക്കുമതി തീരുവയിളവിന് പിന്നാലെയുണ്ടായ വിലയിടിവിന്റെ ട്രെൻഡിന് ബ്രേക്കിട്ട് സ്വർണ വില വീണ്ടും കുതിപ്പ് തുടങ്ങി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് വില കത്തിക്കയറി. ഗ്രാമിന് ഒറ്റയടിക്ക് 80 രൂപ ഉയർന്ന് വില 6,400 രൂപയായി. 640 രൂപ വർധിച്ച് 51,200 രൂപയാണ് പവൻ വില.ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 70 രൂപ വർധിച്ച് 5,300 രൂപയായി. വെള്ളി വിലയിലും കുതിപ്പുണ്ട്. ഗ്രാമിന് രണ്ടുരൂപ ഉയർന്ന് വില 90 രൂപയിലെത്തി.
എന്തുകൊണ്ട് വിലയിൽ മലക്കംമറിച്ചിൽ?
ലോകത്തെ ഒന്നാം നമ്പർ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്തകൾ മധേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമാക്കിയേക്കുമെന്ന വിലയിരുത്തലും.
സ്വർണക്കുതിപ്പിന് വളമാകുന്നുണ്ട്
അമേരിക്കയിൽ പണപ്പെരുപ്പം കുറയുന്നതിനാൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചു തുടങ്ങിയേക്കും. ഇത് സംബന്ധിച്ച വ്യക്തത ഈയാഴ്ച ചേരുന്ന ഫെഡറൽ റിസർവിന്റെ നിർണായക യോഗത്തിലുണ്ടായേക്കും.