വാഹനയാത്രികര്‍ക്ക് പ്രതീക്ഷയേകി അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസിന്റെജി.എസ്.ടി
വിഹിതവും റോയല്‍റ്റിയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.ഇന്നലെയാണ് ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്. ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കണമെങ്കില്‍ ചരക്ക് സേവന നികുതിയും റോയല്‍റ്റിയും ഒഴിവാക്കണണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.ഇത് അംഗീകരിച്ചതോടെ തുടര്‍നടപടികള്‍ വേഗത്തിലാകും.പദ്ധതി വൈകുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ ഹൈബി ഈഡന്‍ എം.പി അറിയിച്ചിരുന്നു.അരൂര്‍ ഇടപ്പള്ളി ബൈപ്പാസിലെയും ഇടപ്പള്ളി അങ്കമാലി പാതയിലെയും ഗതാഗത കുരുക്കിന് പരിഹാരമായാണ് എറണാകുളം ബൈപ്പാസ് നിര്‍ദ്ദേശിക്കപ്പെട്ടത്.കഴിഞ്ഞ വര്‍ഷം ഗതാഗത മന്ത്രിയുമായി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പദ്ധതി ചര്‍ച്ച ചെയ്തിരുന്നു.അന്നാണ് ചരക്ക് സേവന നികുതിയും റോയല്‍റ്റിയും ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

424 കോടി:ദേശീയ പാതാ അതോറിട്ടി (എന്‍.എച്ച്.എ.ഐ)തയാറാക്കിയിട്ടുള്ള അടങ്കല്‍തുക പ്രകാരം ജി.എസ്.ടിഇനത്തില്‍ 254.4 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ 169.6 കോടി രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുക.ആകെ 424 കോടിരൂപ.അങ്കമാലിക്കടുത്ത് കരയാമ്പറമ്പില്‍നിന്ന് തുടങ്ങുന്ന പുതിയ ബൈപ്പാസ് വേങ്ങൂര്‍, മറ്റൂര്‍, ചെങ്ങല്‍, പുതിയേടം, തിരുനാരായണപുരം, മഞ്ഞപ്പെട്ടി, പൂക്കാട്ടുപടി, കിഴക്കമ്പലം, കൊച്ചിന്‍ റിഫൈനറി, തൃപ്പൂണിത്തുറ, മരട് എന്നിവിടങ്ങളിലൂടെയാണ് കുണ്ടന്നൂരില്‍ അവസാനിക്കുക.
45 കി.മീ-45 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ടപദ്ധതി.എറണാകുളം ബൈപ്പാസിനായി 287 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.6,000 കോടി രൂപയാണ് പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത്.നടപടികള്‍ നീളുന്നതിനാല്‍ ചെലവ് വീണ്ടും വര്‍ദ്ധിക്കുമെന്ന ആശങ്ക ദേശീയ പാത അതോറിട്ടിക്കുണ്ട്.
പദ്ധതിയ്ക്ക് വേണ്ട ഭൂമി ഏറ്റെടുക്കല്‍ ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് ഈ ചെലവുകള്‍ വഹിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് – ഹൈബി ഈഡന്‍ എം.പി.