മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ മെഗാ മൂണ്‍ റോക്കറ്റ് ഇന്ന് കുതിച്ചുയരും.

യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്. 40 ടണ്‍ ഭാരമാണ് റോക്കറ്റിനുള്ളത്. എട്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ റോക്കറ്റ് ചന്ദ്രനിലെത്തും. മൂന്നാഴ്ചത്തെ ഭ്രമണത്തിന് ശേഷമാണ് പസഫിക് സമുദ്രത്തില്‍ വന്ന് പതിക്കുക. നാസ ദൗത്യങ്ങളുടെ വന്‍ പ്രതീക്ഷകള്‍ക്കിടയില്‍ വലിയ ശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ് ആര്‍ട്ടെമിസ് 1. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. അപ്പോളോ ദൗത്യം പൂര്‍ത്തിയാക്കിയതിന് 50 വര്‍ഷങ്ങള്‍ക്കുശേഷമാണ് മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം.

പരീക്ഷണാര്‍ത്ഥം എന്ന നിലയില്‍ മനുഷ്യനില്ലാതെയാണ് ആര്‍ട്ടെമിസ് 1 ഇന്ന് പറന്നുയരുക. മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെയും അതിനുള്ള റോക്കറ്റിന്റെ പ്രവര്‍ത്തന ക്ഷമത ആര്‍ട്ടെമിസ് 1 പരിശോധിക്കും. മനുഷ്യന് പകരം സ്‌പേസ് സ്യൂട്ടണിഞ്ഞ പാവകളെ ഉപയോഗിച്ചാണ് ഈ ദൗത്യം പൂര്‍ത്തീകരിക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിനനുകൂലമായ സാഹചര്യങ്ങള്‍ കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തി. ഇന്ത്യന്‍ സമയം വൈകിട്ട് 6.3നാണ് ആര്‍ട്ടെമിസിന്റെ വിക്ഷേപണം. നാസയുടെയും ബഹിരാകാശ വ്യവസായത്തിന്റെയും ചരിത്രത്തില്‍ ആര്‍ട്ടെമിസ് ദൗത്യം ഏറെ നിര്‍ണായകമാണ്. ബഹിരാകാശ പര്യവേക്ഷണത്തിന്റെ കൂടുതല്‍ സമ്പന്നമായ ഭാവിയിലേക്കുള്ള ആദ്യപടി മാത്രമാണ് ആര്‍ട്ടെമിസ് 1 ദൗത്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് നടത്താന്‍ ഒരുങ്ങുകയാണ് ഇതോടെ നാസ.

1960 കളിലും 1970 കളിലും ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് കൊണ്ടുപോയ അപ്പോളോയുടെ സാറ്റേണ്‍ വി-യെക്കാള്‍ കൂടുതല്‍ ശക്തിയുള്ള റോക്കറ്റായിരിക്കും ആര്‍ട്ടെമിസ് 1 . ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചന്ദ്രനിലേക്കുള്ള ആദ്യത്തെ മനുഷ്യ ദൗത്യത്തിനും 1972 ന് ശേഷമുള്ള ആദ്യത്തെ മനുഷ്യ ദൗത്യത്തിനുമുള്ള ആര്‍ട്ടെമിസ് 3ലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ആര്‍ട്ടെമിസ് 1. ഈ ദൗത്യത്തിലൂടെ തന്നെ 2025ഓടെ ചന്ദ്രോപരിതലത്തില്‍ ആദ്യ വനിതയെ ഇറക്കാന്‍ കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ.

http://www.globalbrightacademy.com/about.php

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights