തമിഴ്നാട്ടിൽ റെയിൽപ്പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയേക്കും. അടുത്ത മൂന്നുദിവസങ്ങളിൽ തമിഴ്നാട്, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽനിന്നുവരുന്ന ട്രെയിനുകൾ വൈകിയോടാൻ സാധ്യതയുണ്ട്. ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷനുകളിലാണ് നവീകരണം നടക്കുന്നത്.
എഗ്മോറിനും നാഗർകോവിലിനുമിടയിലും തിരുച്ചിറപ്പള്ളിയിൽ നിന്ന് നാഗർകോവിൽ, രാമേശ്വരം റൂട്ടുകളിലുമായി 15 ട്രെയിനുകൾ ഭാഗികമായി തിങ്കളാഴ്ച (9-01-2023) മുതൽ മൂന്നുദിവസത്തേക്ക് റദ്ദാക്കി. ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22637): ചെന്നൈ സെൻട്രലിൽനിന്ന് ചൊവ്വാഴ്ച (10-02-2023) ഉച്ചയ്ക്ക് 1.15-ന് പുറപ്പെടേണ്ട ട്രെയിൻ 1.45-ന് പുറപ്പെടും. കാട്പാടി-ജോലാർപ്പേട്ട മെമു സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ റൂട്ടിലോടുന്ന പല തീവണ്ടികളും ചൊവ്വാഴ്ച വൈകാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
പാലക്കാട്ടുനിന്ന് രാവിലെ 5.30-ന് പുറപ്പെടുന്ന ട്രെയിൻ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വിരുദുനഗറിനും തിരുച്ചെന്തൂരിനുമിടയിൽ സർവീസ് നടത്തില്ല. പാലക്കാട്ട് നിന്ന് തിരുച്ചെന്തൂരിലേക്ക് ചൊവ്വാഴ്ച രാവിലെ 5.30-ന് തിരിക്കുന്ന തീവണ്ടി (16731) മധുരയ്ക്കും വിരുദുനഗറിനുമിടയിൽ ഓടില്ല.
ഉച്ചയ്ക് 12.05-ന് തിരുച്ചെന്തൂരിൽനിന്ന് പാലക്കാട്ടേക്കുള്ള എക്സ്പ്രസ് (16732) തിങ്കളാഴ്ചയും ബുധനാഴ്ചയും തിരുച്ചെന്തൂരിനും വിരുദുനഗറിനുമിടയിൽ സർവീസ് നടത്തില്ല. പാലക്കാട്-തിരുച്ചെന്തൂർ (16732) ചൊവ്വാഴ്ച തിരുച്ചെന്തൂരിനും മധുരയ്ക്കും ഇടയിൽ ഓടില്ല. ചൊവ്വാഴ്ച വൈകീട്ട് 4.25-ന് മധുരയിൽനിന്നാണ് സർവീസ് ആരംഭിക്കുക.
ഇന്റർസിറ്റി എക്സ്പ്രസ് (22627): തിരുച്ചിറപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച രാവിലെ 7.20-ന് പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ഇന്റർസിറ്റി എക്സ്പ്രസ് റദ്ദാക്കി. ബുധനാഴ്ച തിരുവനന്തപുരം സെൻട്രലിൽനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ് ഇന്റർസിറ്റി എക്സ്പ്രസും (22628) റദ്ദാക്കി.