19 വർഷം മുൻപ് തനിക്കു ലഭിച്ചിരുന്ന പ്രതിമാസ വേതനം വെറും 9,000 രൂപ മാത്രമാണെന്നു വെളിപ്പെടുത്തി ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ സുധീർ കുമാർ. ജോലിക്കു പ്രവേശിച്ച് നാല് വർഷത്തിലേറെയായിട്ടും തന്റെ ശമ്പളത്തിൽ വർദ്ധനവൊന്നും ഉണ്ടായിരുന്നില്ല എന്നും ഡോക്ടർ വെളിപ്പെടുത്തി. ഇതോടെ മെഡിക്കൽ പ്രൊഫഷണലുകളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമായിരിക്കുകയാണ്. ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ന്യൂറോളജിസ്റ്റായി ജോലി ചെയ്യുകയാണ് ഡോക്ടർ സുധീർ കുമാർ ഇപ്പോൾ.
സാമൂഹ്യസേവനത്തിനു മുൻതൂക്കം നൽകി, വളരെ കുറച്ചു മാത്രം വരുമാനം നേടുന്ന ഒരു യുവ മെഡിക്കൽ പ്രാക്ടീഷണറുടെ അവസ്ഥയെക്കുറിച്ചുള്ള ട്വീറ്റിനു മറുപടിയായാണ് ഡോക്ടർ സുധീർ കുമാർ തന്റെ അനുഭവം പങ്കുവെച്ചത്. സ്വന്തം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരായിരിക്കും പല യുവ ആരോഗ്യപ്രവർത്തരെന്നും സാമൂഹിക സേവനം മാത്രം നോക്കി മുന്നോട്ടു പോകുന്നത് അത്ര എളുപ്പമായിരിക്കില്ല എന്നുമായിരുന്നു ട്വീറ്റിൽ പറഞ്ഞിരുന്നത്.
“ഞാൻ നിങ്ങൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. 20 വർഷം മുമ്പ് ഞാനും ഒരു യുവ ഡോക്ടറായിരുന്നു. 2004 ൽ DM ന്യൂറോളജി കഴിഞ്ഞുള്ള നാലു വർഷത്തോളം എന്റെ പ്രതിമാസ ശമ്പളം 9000 രൂപയായിരുന്നു. വെല്ലൂർ സിഎംസിയിലുള്ള, എന്റെ പ്രൊഫസർമാരെ നിരീക്ഷിച്ചപ്പോൾ ഡോക്ടർമാർ ചുരുങ്ങിയ വരുമാനം കൊണ്ട് ജീവിക്കാൻ പഠിക്കണമെന്ന് ഞാൻ മനസ്സിലാക്കി” എന്നാണ് ട്വീറ്റിനു മറുപടിയായി ഡോക്ടർ സുധീർ കുമാർ കുറിച്ചത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും ആ തൊഴിൽ തനിക്ക് സംതൃപ്തി നൽകിയിരുന്നതിനാൽ വെല്ലൂർ ആശുപത്രിയിലെ ജോലി താൻ തുടർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, തനിക്ക് ശമ്പളം കുറവായതിൽ അമ്മ അത്ര സന്തോഷവതിയായിരുന്നില്ല എന്നും ഡോക്ടർ സുധീർ കുമാർ ട്വീറ്റ് ചെയ്തു.
ഇതേ പ്രൊഫഷനിൽ നിന്നുള്ള പലരും സ്വന്തം അനുഭവം ട്വീറ്റിനു താഴെ പങ്കുവെച്ചിട്ടുണ്ട്. ”ഈ ശമ്പളം വളരെ കുറവാണ്. അക്കാലത്ത് പിഎച്ച്ഡി വിദ്യാർഥികൾക്കു പോലും പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പൻഡ് ലഭിച്ചിരുന്നു,” എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. “2000-ൽ ഹൂബ്ലി സർക്കാർ ആശുപത്രിയിൽ ഇഎൻടിയായി ജോലി ചെയ്തിരുന്ന എനിക്ക് പ്രതിമാസം ലഭിച്ചിരുന്നത് 5500 രൂപയാണ്. അതായിരുന്നു സമൂഹം ഞങ്ങൾക്കു നൽകിയ മൂല്യം. ഈ പോസ്റ്റിൽ അവിശ്വസനീയമായി ഒന്നുമില്ല”, എന്നാണ് മറ്റൊരു ഡോക്ടർ കുറിച്ചത്.