വിദേശ വിദ്യാർത്ഥികള്‍ക്ക് പിന്നാലെ വിദേശ താല്‍ക്കാലിക തൊഴിലാളികളേയും നിയന്ത്രിക്കാനുള്ള നീക്കവുമായി കാനഡ. സമ്പദ്വ്യവസ്ഥയില് തദ്ദേശീയ തൊഴിലാളികള്‍ കൂടുതല്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. യോഗ്യത കുറഞ്ഞ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കാനഡ അവസാനിപ്പിക്കണമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.
വിദ്യാർത്ഥികളുടെ ഓഫ്-കാമ്പസ് ജോലി സമയം നിയന്ത്രിക്കുന്നതിനായി കൂടുതൽ മാറ്റങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും രാജ്യത്തെ താൽക്കാലിക വിദേശ തൊഴിലാളി പരിപാടി അവലോകനം ചെയ്യുന്നുണ്ടെന്നും ബ്ലൂംബെർഗ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മാർക്ക് മില്ലർ പറഞ്ഞു.
കാനഡ താൽക്കാലിക വിദേശ തൊഴിലാളികളെ വലിയ രീതിയില്‍ ആശ്രയിക്കുന്നു. യഥാർത്ഥത്തില്‍ അവരില്‍ അഡിക്ടായി മാറി. ഏതൊരു വലിയ വ്യവസായവും വേതനം കുറയ്ക്കാനുള്ള മാർഗ്ഗങ്ങള്‍ നോക്കും. വിദേശ തൊഴിലാളികളിലൂടെ ഇതാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മറുവശത്ത് തദ്ദേശീയർക്ക് അവസരം ലഭിക്കാത്ത പ്രശ്നവുമുണ്ട്. ഇത് ചർച്ചയ്ക്ക് വെക്കേണ്ട വിഷയമാണ് ” മാർക്ക് മില്ലർ വ്യക്തമാക്കി.
വിദേശ വിദ്യാർത്ഥികളുടേയും തൊഴിലാളികളുടേയും വരവോട് കൂടിയാണ് കാനഡയില്‍ ഭവന പ്രതിസന്ധി രൂക്ഷമായത്. ഇതേ തുടർന്ന് ജസ്റ്റിന് ട്രൂഡോയുടെ സർക്കാറിനെതിരെ വിമർശനവും തദ്ദേശീയരില്‍ നിന്നും ശക്തമായി ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഈ അസംതൃപ്തി സർക്കാറിന് വലിയ വെല്ലുവിളിയായി മാറുകയും ചെയ്തു.
വിദ്യാർത്ഥികളെ ആഴ്ചയിൽ 40 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവദിക്കുന്ന താല്‍ക്കാലിക ഉത്തരവും ഉടന്‍ റദ്ദാക്കിയേക്കും. കോവിഡ് സമയത്ത് തൊഴില്‍ക്ഷാമം അനുഭവപ്പെട്ടപ്പോഴായിരുന്നു വിദ്യാർത്ഥികള്‍ക്ക് ആഴ്ചയില്‍ 40 മണിക്കൂർ ജോലി ചെയ്യാമെന്ന നിർദേശം പുറപ്പെടുവിച്ചത്. 80 ശതമാനത്തിലധികം പേർ ഇപ്പോൾ ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്.
സ്റ്റുഡൻ്റ് വിസകൾക്ക് പരിധി നിശ്ചയിക്കുന്നതിനു പുറമേ, വിദേശ വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നേടാൻ അനുവദിക്കുന്ന നയം കാനഡ അവസാനിപ്പിക്കുകയും ബിരുദാനന്തരം ലഭ്യമായ വർക്ക് പെർമിറ്റുകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.