പപ്പടത്തിൽ പണി കിട്ടില്ല’; ‘കള്ളവും ചതിയും’ ഇനി ‘ആപ്പി’ലാകും

ഓണക്കാലം അടുത്ത വരികയാണ്. പപ്പടവും പരിപ്പും പായസവുമൊക്കെ സദ്യയിലെ സൂപ്പർ സ്റ്റാറുകളായി മാറാൻ പോകുന്ന സമയം. എന്നാൽ സദ്യക്കുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ഏറ്റവും പണികിട്ടാൻ സാധ്യത പപ്പടത്തിലാണ്. രുചിയിലോ കാഴ്ചയിലോ വ്യത്യാസം ഒന്നുമില്ലാത്ത നല്ല ഒറിജിനലിനെ വെല്ലുന്ന വ്യാജൻ പപ്പടങ്ങൾ മാർക്കറ്റിലുണ്ട്. പപ്പടത്തിന്റെ പ്രധാന ചേരുവയായ ഉഴുന്നിൻ്റെ വില കൂടിയതോടെയാണ് വ്യാജന്മാർ മാർക്കറ്റുകളിൽ ഇടം പിടിക്കുന്നത്. നിലവിൽ 140 രൂപ വിലയുള്ള ഉഴുന്നിന് പകരം നാൽപത് രൂപ വിലയുള്ള മൈദയാണ് പലപ്പോഴും വ്യാജന്മാരുടെ രുചിക്കൂട്ട്. മൈദാ ഉപായിയോഗിച്ചുള്ള പപ്പടം ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം. മൈദാ മാത്രമല്ല വില്ലൻ ഇതിനൊപ്പം തന്നെ പപ്പടത്തിന് ഉപയോഗിക്കുന്ന കാരത്തിലും വ്യാജന്മാരുണ്ട്.

 

ഓണക്കാലത്ത് ഇത്തരം വ്യാജന്മാരുടെ എണ്ണം കൂടിയേക്കാമെന്ന് കണക്കാക്കി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ തന്നെ വ്യാജന്മാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വ്യാജന്മാർക്കെതിരെ സാങ്കേതിക വിദ്യയെ തന്നെ ഇവർ കൂട്ടുപിടിച്ചിരിക്കുകയാണ്. വ്യാജന്മാരെ കണ്ടെത്തുന്നതിനായി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ പുതിയൊരു മുദ്ര ആപ്പുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് എളുപ്പത്തിൽ ഡൗണ്‍ലോഡ്‌ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഈ ആപ്പ്. അസോസിയേഷന്റെ പരിശോധനക്ക് ശേഷം ഓരോ പാക്കറ്റുകളിലും ‘കെപ്മ’യുടെ ലോഗോയും അംഗത്വ നമ്പറും രേഖപ്പെടുത്തും. വാങ്ങുന്ന പപ്പടത്തിലെ ഈ നമ്പർ ഉപയോഗിച്ച് ആപ്പിൽ കയറി പരിശോധിച്ചാൽ സ്ഥാപനത്തിൻ്റെ ലൈസൻസ്, മറ്റു വിവരങ്ങൾ, പ്രത്യേകതകൾ, ഉൽപന്ന വിവരം, ചേരുവകൾ ഉൾപ്പടെ കാണാൻ സാധിക്കും. വ്യാജമെന്ന് തോന്നിയാൽ പരാതിപ്പെടാനുള്ള സൗകര്യങ്ങളും ആപ്പിൽ ലഭ്യമാണ്.

ഉത്സവ കാലങ്ങളിൽ കൂടുതൽ ആവശ്യക്കാരുണ്ടാകുമ്പോൾ കുറഞ്ഞ ചെലവിൽ ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവണത പൊതുവെ കണ്ടുവരുന്നതാണ്. അതിനാൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കാനുള്ള പ്രവണയതും വർദ്ധിക്കും. ഇതുവഴി ഭക്ഷ്യ വിഷബാധ ഉൾപ്പടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഓണം പോലുള്ള ഉത്സവസീസണിൽ സാധങ്ങൾ വാങ്ങുമ്പോൾ ജാഗ്രതയും കരുതലും വേണ്ടതുണ്ട്.

Verified by MonsterInsights