നമ്മള്‍ ഉറങ്ങുമ്പോള്‍ എന്തൊക്കെ സ്വപ്‌നങ്ങളായിരിക്കും മിന്നിമാഞ്ഞ് പോവുക. ആ സ്വപ്ങ്ങൾ പിന്നീടൊരിക്കല്‍കൂടി കാണണമെന്ന് ആഗ്രഹിച്ചാലും സാധിക്കാറില്ല അല്ലേ? നിങ്ങള്‍ ഉറക്കത്തില്‍ കണ്ട സ്വപ്‌നങ്ങളൊക്കെ ഒരു സിനിമ പോലെ റിവൈന്‍ഡ് ചെയ്ത് കാണാന്‍ സാധിക്കുന്നതിനെപ്പറ്റി ഒന്ന് ചിന്തിച്ച് നോക്കൂ. എത്ര കൗതുകകരമായ കാര്യമായിരിക്കും അത്. എന്നാല്‍ ഇനി ഈ ആഗ്രഹം വിദൂരമല്ല. സ്വപ്‌നം റെക്കോര്‍ഡ് ചെയ്യാനും പ്ലേബാക്ക് ചെയ്യാനും സാധിക്കുന്ന ഒരു അതിശയകരമായ ഉപകരണം ജാപ്പനീസ് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രയിന്‍ ഇമേജിംഗിൻ്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെയും(AI) പുരോഗതിയുടെ അടിസ്ഥാനത്തിൽ സ്വപ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ പാകത്തിലുളളതാണ് ഈ അവിശ്വസനീയമായ സാങ്കേതിക വിദ്യ.
സ്വപ്‌ന റിക്കോര്‍ഡിങ് ഉപകരണം പ്രവര്‍ത്തിക്കുന്ന വിധം
ഈ ഉപകരണം ഫംഗ്ഷണല്‍ മാഗ്‌നറ്റിക് റീസൊണന്‍സ് ഇമേജിംഗ് (എഫ്എംആര്‍ഐ) ഉപയോഗപ്പെടുത്തി സ്വപ്‌നവുമായി ബന്ധപ്പെട്ട വിശദമായ ന്യൂറല്‍ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. ക്യോട്ടോയിലെ എടിആര്‍ കമ്പ്യൂട്ടേഷണല്‍ ന്യൂറോ സയന്‍സ് ലബോറട്ടറികളിലെ ശാസ്ത്രജ്ഞരാണ് ഇതേസംബന്ധിച്ച് പഠനങ്ങള്‍ നടത്തിയത്. ഉറക്കത്തിന്റെ ആദ്യ ഘട്ടത്തിലാണ് അവര്‍ പഠനങ്ങള്‍ നടത്തിയത്. അതായത് ഉറക്കത്തിന് നാല് ഘട്ടമുള്ളതില്‍ ഏറ്റവും ആദ്യത്തേതാണ് REM (റാപ്പിഡ് ഐ മൂവ്‌മെന്റ്)ഘട്ടം. ഈ ഘട്ടത്തില്‍ കണ്ണുകള്‍ വിവിധ ദിശകളിലേക്ക് വേഗത്തില്‍ നീങ്ങുകയും സ്വപ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഉറക്കം തുടങ്ങി 90 മിനിറ്റിനുള്ളിലാണ് ഇത് ഘട്ടം ആരംഭിക്കുന്നത്. ഇത്തരത്തില്‍ പരീക്ഷണത്തിന് വിധേയമായവരില്‍ REM ഉറക്കത്തിലേക്ക് പ്രവേശിച്ചവരെ ഉണര്‍ത്തുകയും അവരുടെ സ്വപ്‌നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. പ്രത്യേക തരത്തിലുളള മസ്തിഷ്‌ക പാറ്റേണുമായി ബന്ധിപ്പിച്ചിട്ടുളള ചിത്രങ്ങളുടെ സമഗ്രമായ ഡേറ്റാബേസ് കണ്ടെത്തുകയും ഉറക്കത്തിനിടയിലെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വപ്‌നങ്ങളുടെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിഞ്ഞുവെന്നുമാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.
ന്യൂറോ സയന്‍സും സൈക്കോളജിയും സ്വപ്‌നവും
ഈ അതിശയകരമായ സാങ്കേതിക വിദ്യ ന്യൂറോ സയന്‍സിലും സൈക്കോളജിയിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇങ്ങനെ സ്വപ്‌നങ്ങള്‍ പിടിച്ചെടുക്കുകയും വിപുലമായി നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഈ മേഖലകളുമായി ബന്ധപ്പെട്ട ന്യൂറോ സയൻ്റിസ്റ്റുകള്‍, മന:ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, മറ്റ് വിദഗ്ധര്‍ എന്നിവര്‍ക്ക് മനുഷ്യ മസ്തിഷ്‌കത്തിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും സ്വപ്നത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും അമൂല്യമായ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുകയും ചെയ്യും.