നോയിഡയിലും ഗൗതം ബുദ്ധ് നഗറിലും രജിസ്റ്റർ ചെയ്ത അതീവ സുരക്ഷാ നമ്പർ പ്ലേറ്റ് ഉപയോഗിക്കാത്ത സ്വകാര്യ വാഹനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ നിയമപ്രകാരം 5,000 രൂപ പിഴ ചുമത്തുമെന്ന് നോയിഡ പോലീസ്. 2019 ഏപ്രിൽ 1-ന് ശേഷം നിർമ്മിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ വാണിജ്യ, വാണിജ്യേതര വാഹനങ്ങൾക്ക് 2018 ഡിസംബറിലെ വിജ്ഞാപനമനുസരിച്ച് അതീവ സുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത് പാലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരുന്നു. ഈ കാലവധി കഴിഞ്ഞതോടെയാണ് കർശന നടപടിയുമായി പൊലീസ് രംഗത്തെത്തുന്നത്.
“വാഹനങ്ങളിൽ ഉയർന്ന സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിന് നൽകിയ സമയപരിധി ഫെബ്രുവരി 15 ആയിരുന്നു, അത് അവസാനിച്ചു. ഇതനുസരിച്ച്, ഗൗതം ബുദ്ധ നഗർ ട്രാഫിക് പോലീസ് എച്ച്എസ്ആർപി ഇല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും”- ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) അനിൽ യാദവ് പറഞ്ഞു. ഇത്തരം കേസുകളിൽ 5000 രൂപയായിരിക്കും പിഴ. അതീവ സുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാത്തവർ ഉടൻ തന്നെ അത് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു,” യാദവ് പറഞ്ഞു.
ഗൗതം ബുദ്ധ നഗർ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ജില്ലയിൽ 8.70 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വാഹനങ്ങളുണ്ട്, അതിൽ 6 ലക്ഷത്തോളം വാഹനങ്ങൾക്ക് അതീവ സുരക്ഷാ നമ്പർ പ്ലേറ്റുണ്ട്. ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് ആൻഡ് റോഡ് സേഫ്റ്റി ഡയറക്ടർ അനുപം കുൽശ്രേഷ്ഠ സംസ്ഥാനത്തെ 75 ജില്ലകളിലെയും പോലീസ് മേധാവികൾക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് നോയിഡ പൊലീസ് നടപടിയുമായി രംഗത്തിറങ്ങിയത്.