എയർ ഇന്ത്യ എയർപോർട്ട് സർവീസസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലുളള തസ്തികകളിലേക്ക് അഭിമുഖത്തിനായി ആയിരക്കണക്കിനു യുവാക്കൾ തടിച്ചുകൂടിയതു പരിഭ്രാന്തി പരത്തി. തിരക്ക് നിയന്ത്രണാതീതമായതോടെ അപേക്ഷാഫോംമാത്രം സ്വീകരിച്ച് അധികൃതർ അഭിമുഖം മാറ്റിവച്ചു.1800 ഒഴിവുകളിലേക്ക് 25,000 പേരാണ് എത്തിയത്. ഓഫിസിലെത്താൻ ഉദ്യോഗാർഥികൾ വാഹനങ്ങളുടെ മുകളിലൂടെ ചാടി ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഒരു കിലോമീറ്റർ ദൂരത്തിൽ യുവാക്കളുടെ നിര നീണ്ടു. 23 വയസ്സിൽ താഴെയുള്ള പത്താംക്ലാസ് വിജയിച്ചവരെയാണു ജോലിക്കു ക്ഷണിച്ചത്. 22,530 രൂപയാണ് ശമ്പള വാഗ്ദാനം.

തൊഴിലില്ലായ്മയുടെ രൂക്ഷത തെളിഞ്ഞെന്നും 10 വർഷത്തെ മോദി ഭരണം രാജ്യത്തെ പിന്നോട്ടു കൊണ്ടുപോയെന്നും കോൺഗ്രസ് ആരോപിച്ചപ്പോൾ എയർ ഇന്ത്യ അധികൃതരുടെ പിടിപ്പുകേടാണു സംഭവത്തിനു പിന്നിലെന്ന് ബിജെപി പറഞ്ഞു.ഈയിടെ, ഗുജറാത്തിൽ 40 തസ്തികകളിലെ അഭിമുഖത്തിന് ആയിരത്തിലേറെപ്പേർ എത്തിയപ്പോഴും തിരക്ക് പരിധി
വിട്ടിരുന്നു.