Category: Sports
രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം കൂടി സൃഷ്ടിക്കും, രോഹിതും സംഘവും പ്രചോദനം: ഹര്‍മന്‍പ്രീത്
ചരിത്രത്തിലെ ആദ്യ ടി 20 കിരീടം എന്ന ലക്ഷ്യമാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ സംഘത്തിനുള്ളത്. 2020ല്‍ ഫൈനലിലെത്തിയതാണ് ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ആദ്യ ട്വന്റി 20 കിരീടം തേടിയെത്തുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളി പ്രധാനമായും തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്‌ട്രേലിയ തന്നെയാണ്. റാങ്കിങ്ങില്‍ ഒന്നാമതുള്ള ഓസീസിന് മുന്നിലാണ് 2020ല്‍ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ അവസാനിച്ചത്.
ഇതേ ഓസ്‌ട്രേലിയെ തോല്‍പിച്ച് കിരീടം നേടുകയാവും ടീമിന്റെ ലക്ഷ്യം. ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. സ്മൃതി മന്ദാനയും ഷെഫാലി വര്‍മയുമടങ്ങുന്ന വെടിക്കെട്ട് ഒപ്പണിങ്ങാണ് ടീമിന്റെ പവര്‍. പുരുഷ ട്വന്റി 20യില്‍ കിരീടം നേടിയ രോഹിത് ശര്‍മയേയും സംഘത്തിന്റേയും നേട്ടം കരുത്താകുമെന്ന് ടീം പ്രഖ്യാപന ശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് തൻ്റെയും ടീമിൻ്റെയും ലക്ഷ്യമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു.
2017ല്‍ ഏകദിന ലോകകപ്പ് ഫൈനലിലും 2020 ട്വന്റി 20 ലോകപ്പ് ഫൈനലിലും പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഇക്കൊല്ലം ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യൻ വനിതകൾ തോൽവി വഴങ്ങിയിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പാകിസ്താനും ശ്രീലങ്കയുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. ഒക്ടോബര്‍ നാലിന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ ആറിന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടവും നടക്കും.
സൂപ്പർ ലീഗ് കേരള; തിരുവനന്തപുരത്തിൻ്റെ കൊമ്പന്മാർ ഇന്ന് കാലിക്കറ്റ് എഫ്‌സിക്കെതിരെ
സൂപ്പർ ലീഗ് കേരളയിലെ മൂന്നാം മത്സരത്തിൽ ഇന്ന് കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. 2021-22 സീസണിൽ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ ജോസഫ് നയിക്കുന്ന കാലിക്കറ്റ് എഫ്സിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരമായിരുന്ന കെർവൻസ് ബെൽഫോർട്ടാണ് പ്രധാന സ്‌ട്രൈക്കർ. ബെല്‍ഫോര്‍ട്ടിനെ കൂടാതെ സെനഗല്‍ താരങ്ങളായ പാപെ ഡയകെറ്റ്, ബോബാകര്‍ സിസോകോ, ഘാന താരങ്ങളായ ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാര്‍ഫോ എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍. അബ്ദുള്‍ ഹക്കു, താഹിര്‍ സമാന്‍, വി അര്‍ജുന്‍ തുടങ്ങിയ മലയാളി താരങ്ങളും ടീമിന് കരുത്തേകും.
മറുവശത്ത് തിരുവന്തന്തപുരം കൊമ്പന്‍സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങാനുറച്ചാണ് അവര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരിക്കാനിറങ്ങുന്നത്. ബ്രസീലിയന്‍ താരമായ പാട്രിക് മോത്തയാണ് ടീമിന്റെ നായകന്‍. നായകനുള്‍പ്പെടെ ആറ് താരങ്ങളും ബ്രസീലിൽ നിന്നുള്ളവരാണ്. ഡാവി ഖുന്‍, മൈക്കല്‍ അമേരികോ, റെനാന്‍ ജനോറിയോ, ഓട്ടോമെര്‍ ബിസ്പോ, മാര്‍കോസ് വില്‍ഡര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.
ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് തൃശൂർ മാജിക്ക് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മലപ്പുറം എഫ്‌സിയും നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ എഫ്‌സി കൊച്ചിയും തമ്മിൽ നടന്ന സൂപ്പർ ലീഗിലെ പ്രഥമ മത്സരത്തിൽ മലപ്പുറം എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.
പാരിസിൽ ചരിത്രം കുറിച്ച് ഇന്ത്യ; പാരാലിമ്പിക്‌സിൽ 29 മെഡലുമായി 18-ാം സ്ഥാനത്ത്
പാരിസിൽ നടന്ന 2024 പാരാലിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ. ഒരു പാരാലിമ്പിക്സ് എഡിഷനിൽ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതൽ മെഡൽ എന്ന റെക്കോർഡാണ് ഇത്തവണ കുറിച്ചത്. മെഡൽ വേട്ടയിൽ മാത്രമല്ല, സ്വർണം നേടുന്നതിലും പാരിസിൽ ഇന്ത്യൻ പാരാ താരങ്ങൾ ഇത്തവണ ചരിത്രം കുറിച്ചു. ഏഴ് സ്വർണമാണ് ഇന്ത്യൻ താരങ്ങൾ ഇത്തവണ പാരിസിൽ നേടിയത്. മാസങ്ങൾക്ക് മുമ്പ് പാരിസിൽ നടന്ന ഒളിംപിക്സിൽ 71-ാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യയ്ക്ക് ഫിനിഷ് ചെയ്യാൻ പറ്റിയിരുന്നത്. ഇതിന്റെ ക്ഷീണം കൂടിയാണ് രാജ്യത്തിന്റെ പാരാ കായിക താരങ്ങൾ മാറ്റിയത്.
2024 പാരാലിമ്പിക്‌സ് സെപ്റ്റംബർ എട്ടിന് കൊടിയിറങ്ങുമ്പോൾ തലയുയർത്തിയാണ് ഇന്ത്യൻ താരങ്ങൾ ദേശീയ പതാകയ്ക്കു കീഴിൽ അണിനിരക്കുക. ഇന്ത്യൻ സമയം രാത്രി 11. 30 നാണ് 2024 പാരീസ് പാരാലിമ്പിക്‌സിൻ്റെ സമാപന ചടങ്ങുകൾ. 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ അഞ്ചു സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 19 മെഡൽ നേടിയതായിരുന്നു ഒരു എഡിഷനിൽ ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ടോക്കിയോയിലെ മെഡൽ വേട്ടയേക്കാൾ മികച്ചതായിരുന്നു ഇന്ത്യയുടെ പാരിസ് പ്രകടനം. പുരുഷ – വനിതാ വിഭാഗങ്ങളിലായി 84 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരിസ് പാരാലിമ്പിക്‌സിൽ പങ്കെടുത്തത്.
വനിതാ ഷൂട്ടിങ്ങിൽ അവനി ലേഖ്‌റ, ബാഡ്മിന്റൺ പുരുഷ സിംഗിൾസ് എസ് എൽ നിതീഷ് കുമാർ, പുരുഷ ജാവലിൻ ത്രോ എഫ് 64 ൽ സുമിത് അന്റിൽ, ക്ലബ് ത്രോ എഫ് 51ൽ ധരംബീർ നൈൻ, പുരുഷ ഹൈജംപ് ടി 64 ൽ പ്രവീൺ കുമാർ, ജാവലിൻ ത്രോ എഫ് 41 ൽ നവദീപ് സിങ്, അമ്പെയ്ത്തിൽ ഹർവിന്ദർ സിങ്, എന്നിവരാണ് പാരിസ് പാരാലിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിന് വൻമുന്നേറ്റം; പാകിസ്താന് തിരിച്ചടി
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബംഗ്ലാദേശിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ വൻമുന്നേറ്റം. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും മൂന്ന് പരാജയവുമുള്ള ബംഗ്ലാദേശ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ എട്ട് വിജയവും ആറ് തോൽവിയും ഒരു സമനിലയമുള്ള ഇംഗ്ലണ്ടായിരുന്നു മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. പുതിയ പട്ടികയിൽ ഇംഗ്ലണ്ടിന്റെ സ്ഥാനം അഞ്ചാമതായി.
ഒമ്പത് മത്സരങ്ങളിൽ ആറ് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. പട്ടികയില്‍ ഓസ്ട്രേലിയ രണ്ടാമതും ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമുണ്ട്.
അതിനിടെ ബംഗ്ലാദേശിനോട് സ്വന്തം മണ്ണിൽ പരാജയപ്പെട്ട പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമുള്ള പാകിസ്താൻ എട്ടാമതാണ്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇനി ടീമുകൾക്ക് കടുത്ത മത്സരം തന്നെ പുറത്തെടുക്കേണ്ടി വരും. 2025 ജൂണിലായിരിക്കും ഫെെനല്‍. 2021ൽ ന്യൂസിലാൻഡും 2023ൽ ഓസ്ട്രേലിയയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചു. രണ്ട് തവണയും ഇന്ത്യ ഫൈനൽ കളിച്ചു. എന്നാൽ ഇത്തവണ കിരീടം സ്വന്തമാക്കാൻ ഉറച്ചാണ് ഇന്ത്യൻ സംഘത്തിന്റെ പോരാട്ടം.
അഭിമാനമായി നിതേഷ് കുമാര്‍; പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
പാരാംലിംപിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ നിതേഷ് കുമാര്‍. പാരിസ് പാരാംലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒന്‍പതായി.
തിങ്കളാഴ്ച നടന്ന പുരുഷ സിംഗിള്‍സ് SL3 ബാഡ്മിന്റണ്‍ ഇനത്തിലാണ് നിതേഷിന്റെ വിജയം. ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്. ലാ ചാപെല്ലെ അരീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 2-1നാണ് നിതേഷ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍ 21-14, 18-21, 23-21.
ആദ്യ ഗെയിം 21-14ന് അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം ഗെയിമില്‍ ഡാനിയല്‍ ഗംഭീരമായി തിരിച്ചുവന്നു. രണ്ടാം ഗെയിം 18-21ന് പിടിച്ചെടുത്ത് ഡാനിയേല്‍ നിതേഷിനെ മുട്ടുകുത്തിച്ചു. ഇതോടെ നിര്‍ണായകമായ മൂന്നാം ഗെയിം 23-21ന് പിടിച്ചെടുത്താണ് നിതേഷ് സ്വര്‍ണനേട്ടത്തിലെത്തിയത്.
ഗെയിംസില്‍ ഇന്ത്യ ബാഡ്മിന്റണില്‍ സ്വന്തമാക്കുന്ന ആദ്യ മെഡലാണിത്. പാരിസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് നിതേഷ്. നേരത്തെ വനിതകളുടെ ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 വിഭാഗത്തില്‍ അവനി ലേഖരയാണ് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.
യുവിയുടെ കരിയര്‍ അപൂർണമാവാൻ കാരണം ധോണിയോ? യോഗ് രാജ് സിങ് വീണ്ടും ആഞ്ഞടിക്കുമ്പോൾ.
ധോണീ, നിങ്ങളോട് എനിക്ക് ക്ഷമിക്കാന്‍ കഴിയില്ല. നിങ്ങള്‍ വലിയൊരു ക്രിക്കറ്റ് താരമായിരിക്കാം. എങ്കിലും എന്റെ മകന്റെ കരിയര്‍ നിങ്ങള്‍ നശിപ്പിച്ചു. നാലോ അഞ്ചോ വര്‍ഷം ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ കളിക്കാന്‍ യുവരാജ് സിംഗിന് കഴിയുമായിരുന്നു. യുവരാജിനെപ്പോലൊരു മകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജിന് പകരക്കാരില്ലെന്ന് വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും പറഞ്ഞിട്ടുണ്ട്. ക്യാന്‍സറിനോട് പടപൊരുതി ഇന്ത്യയ്ക്ക് ലോകകപ്പ് നേടിനല്‍കിയ യുവരാജിന് ഭാരത് രത്‌ന നല്‍കണം.’ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗിന്റെ പിതാവിന്റെ വാക്കുകളാണിത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതാനും മത്സരങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയ താരമാണ് യോഗ് രാജ് സിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ഏകദിനങ്ങള്‍ക്കും ഒരു ടെസ്റ്റിനും അപ്പുറത്തേയ്ക്ക് വളരാന്‍ യോഗ് രാജ് സിംഗിന് കഴിഞ്ഞില്ല. തനിക്ക് കഴിയാതെ പോയ നേട്ടങ്ങള്‍ യോഗ് രാജ് സ്വന്തം മകനിലൂടെ പൂര്‍ത്തിയാക്കി. എല്ലാ വലിയ വേദികളിലും യുവരാജിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരുന്നു. നാറ്റ്വെസ്റ്റ് സീരിസ് ഫൈനലിലെ 69 റണ്‍സ്, ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ നേടിയ ആറ് പന്തില്‍ ആറ് സിക്സ്, 2011ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച അര്‍ധ സെഞ്ചുറി എല്ലാം യുവരാജ് നല്‍കിയ സംഭാവനകളായിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല നിര്‍ണായക വിക്കറ്റുകള്‍ നേടുന്ന ബൗളര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധനകര്‍ക്ക് ആവേശമായ ഫീല്‍ഡിംഗ് പ്രകടനങ്ങളുമായി യുവരാജ് വിസ്മയപ്പെടുത്തി.
കളിക്കളത്തില്‍ യുവരാജ്-ധോണി കൂട്ടുകെട്ടുകള്‍ എന്നും ആരാധകര്‍ക്ക് ആവേശമായി. ധോണി നേടിയ രണ്ട് കിരീടങ്ങളില്‍ യുവി ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ചു.
ഇന്ത്യന്‍ ടീമിലെ കൂട്ടുകാര്‍ പിരിഞ്ഞുതുടങ്ങിയത് 2011ലെ ലോകകപ്പ് വിജയത്തിന് ശേഷമാണ്. ക്യാന്‍സറിനെ ജയിച്ച് യുവരാജ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. പക്ഷേ, 2014 ടി20 ലോകകപ്പ് ഫൈനലിലെ മോശം ഫോമടക്കം ആയതോടെ അദ്ദേഹത്തിന്റെ ബാറ്റിങ് സാങ്കേതികത്വം ചോദ്യം ചെയ്യപ്പെട്ട സമയമായിരുന്നു അത്. ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി യുവിയുടെ കരിയര്‍ അവസാനിച്ചു. അതിനൊപ്പം യുവരാജിന്റെ കായികക്ഷമതയും ചോദ്യം ചെയ്യപ്പെട്ടു.
യുവിയുടെ കരിയര്‍ പൂര്‍ണതയില്‍ എത്താത്തതിന് കാരണം താനാണോ? യുവരാജിന്റെ പിതാവിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ധോണി പലതവണ ഈ ചോദ്യം ചിന്തിച്ചിട്ടുണ്ടാവും.
2007ല്‍ നായകനായപ്പോള്‍ മുതല്‍ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ധോണി സ്വീകരിച്ചത്. കായികക്ഷമതയുള്ള താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. ടീമില്‍ നിന്ന് പുറത്തായ പലതാരങ്ങളും ധോണിയോട് ഭിന്നിച്ച് നിന്നു. അത് കാലങ്ങളോളം നീണ്ടുപോയ കഥയുമുണ്ട്. അതിലൊരേടായി യുവരാജ് സിങ്ങും. യുവിയും മുമ്പൊരു അഭിമുഖത്തിൽ ധോണി ഒരിക്കലും തന്റെ സുഹൃത്തായിരുന്നില്ലെന്ന് പറഞ്ഞത് കൂടി ചേർത്തുവായിക്കുമ്പോൾ യോഗ് രാജിന്റെ ആരോപണങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും സ്വീകാര്യത ലഭിക്കാറുണ്ട്. ധോണിയും യുവ രാജും പക്ഷേ, ഒരിക്കലും യോഗ് രാജിന്റെ വാക്കുകൾ ഏറ്റെടുക്കുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല.
ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റിന് ധോണിയും യുവരാജും നല്‍കിയ സംഭാവനകള്‍ ഏതൊരു ആരാധകനും മറക്കാന്‍ കഴിയുന്നതല്ല.
പാരാലിമ്പിക്സിന് പാരിസിൽ വർണ്ണാഭമായ തുടക്കം; ദീപശിഖയേന്തി ജാക്കി ചാൻ
ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്സിന് ഫ്രാൻസിലെ പാരിസിൽ വർണാഭമായ തുടക്കം. ഇന്ത്യൻസമയം ബുധനാഴ്ച രാത്രി 11.30-ന് തുടങ്ങിയ ചടങ്ങ് പുലർച്ചെ രണ്ടര വരെ നീണ്ടു. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിൽ 84 പേരുണ്ട്. ജാവലിൻ താരം സുമിത് ആന്റിൽ, വനിതാ ഷോട്ട്പുട്ടർ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്.
പാരലിമ്പിക്‌സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തിയത് ഇതിഹാസതാരം ജാക്കി ചാനായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടതായിരുന്നു പാരലിമ്പിക്‌സ് ഉദ്ഘാടന ആഘോഷം. ജാക്കി ചാന്റെ വരവ് പാരീസിനെ പുളകമണിയിച്ചു. വെള്ള ജഴ്‌സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍, നൃത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു.
96 സ്വർണവും 60 വെള്ളിയും 51 വെങ്കലവുമടക്കം 207 മെഡൽ നേടി ചൈനയായിരുന്നു 2021 പാരാലിമ്പിക്‌സിൽ ഒന്നാമത്. 41 സ്വർണവും 38 വെള്ളിയും 45 വെങ്കലവുമായി 124 മെഡലുമായി ബ്രിട്ടൺ രണ്ടാം സ്ഥാനത്തെത്തി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 19 മെഡൽ നേടി ഇന്ത്യ 21-ാം സ്ഥാനത്തായിരുന്നു.
ധവാന്‍, ഐസിസി ടൂർണമെന്‍റുകളില്‍ ഇന്ത്യയുടെ ബിഗ് മാച്ച് പ്ലേയർ; ‘മിസ്റ്റർ ഐസിസി’ കളമൊഴിയുമ്പോള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താന്‍ ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ ഉണ്ടാകില്ലെന്ന വിവരം ധവാന്‍ ലോകത്തെ അറിയിച്ചത്. ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യയെ അനേകം വിജയങ്ങളിലെത്തിച്ച ഇന്നിങ്‌സുകള്‍ക്കുടമയായ ധവാന്റെ അപ്രതീക്ഷിതപ്രഖ്യാപനം ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുമെന്ന് തീര്‍ച്ചയാണ്.
ഐസിസി ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ധവാനെ വ്യത്യസ്തനാക്കിയിരുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ വളരെ മികച്ച റെക്കോര്‍ഡുകളുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയായ ധവാന് ‘മിസ്റ്റർ ഐസിസി’ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ പ്രധാന മത്സരങ്ങളിലും ഐസിസി ട്രോഫികളിലും വലിയ സംഭാവന നല്‍കിയിട്ടുള്ള ധവാനെ അക്ഷരാര്‍ത്ഥത്തില്‍ ബിഗ് മാച്ച് പ്ലേയറെന്ന് വിശേഷിപ്പിക്കാം.
ചെറിയ പരമ്പരകളില്‍ മാത്രം തിളങ്ങി വലിയ മത്സരങ്ങള്‍ വരുമ്പോള്‍ കളി മറക്കുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ധവാന്‍. ഇന്ത്യയ്ക്ക് വേണ്ടി 2013 ചാമ്പ്യന്‍സ് ട്രോഫി, 2015 ഏകദിന ലോകകപ്പ്, 2018 ഏഷ്യാ കപ്പ് എന്നിവയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് ധവാന്‍. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളാകുമ്പോള്‍ ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുംപ്രകടനം കാഴ്ച വെച്ച ധവാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരെ 2010ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ ഏകദിനം കളിച്ച ധവാന്‍ 2013ല്‍ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. 2013 മാര്‍ച്ച് 14ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ മൊഹാലിയിലായിരുന്നു ടെസ്റ്റ്. ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 85 പന്തില്‍ ധവാന്‍ സെഞ്ച്വറി തികച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതിയും ധവാന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 34 ടെസ്റ്റ് മത്സരങ്ങളിലും 167 ഏകദിനത്തിലും 68 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങി. 167 ഏകദിനമത്സരങ്ങളില്‍ നിന്ന് 44.11 ശരാശരിയിലും 91.35 സ്‌ട്രൈക്ക് റേറ്റിലും 6793 റണ്‍സ് നേടി. ഏഴ് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 68 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 27.92 ശരാശരിയോടെ 1759 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്. 11 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. 34 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ധവാന്‍ 40.61 ശരാശരിയില്‍ 2315 റണ്‍സും നേടിയിട്ടുണ്ട്.
2015 ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ധവാന്‍. 2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായമണിയുന്നത്. പിന്നീട് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നിര്‍ണായക താരമായി ധവാന്‍ കളം നിറഞ്ഞു.
നെഞ്ചിടിപ്പേറ്റി ആ ‘മേജര്‍ മിസ്സിങ്’; സഞ്ജു റോയല്‍സില്‍ നിന്ന് പുറത്തേക്കോ?
2025 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീം വിടുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
ജോസ് ബട്‌ലര്‍ അടക്കമുള്ള സഹരതാരങ്ങള്‍ക്കും ടീം ഡയറക്ടര്‍ കുമാര്‍ സങ്കക്കാരയ്ക്കുമൊപ്പമുള്ള സഞ്ജുവിന്റെ വ്യത്യസ്തമായ ആഹ്‌ളാദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് റോയല്‍സ് പോസ്റ്റ് ചെയ്തത്. ‘മേജര്‍ മിസ്സിങ്’ എന്ന ക്യാപ്ഷനൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നവും വെച്ചാണ് ടീം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 28 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ആശങ്ക പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഐപിഎല്ലിന്റെ അടുത്ത സീസണിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഫ്രാഞ്ചൈസി എന്തുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ പുറത്തുവിട്ടത് എന്നതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. രാജസ്ഥാന്‍ ക്യാംപില്‍ സഞ്ജുവിന്റെ അസാന്നിധ്യത്തെ കുറിച്ചാണോ ഈ പോസ്റ്റ് എന്ന് വ്യക്തമല്ല. അതേസമയം ഐപിഎല്‍ 2025 സീസണില്‍ കുമാര്‍ സങ്കക്കാര രാജസ്ഥാനൊപ്പം ഉണ്ടാകില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടാണോ പോസ്റ്റ് എന്നതും വ്യക്തമല്ല.
2013ല്‍ രാജസ്ഥാന്‍ കുപ്പായത്തിലാണ് സഞ്ജു തന്റെ ഐപിഎല്‍ യാത്ര ആരംഭിക്കുന്നത്. രാജസ്ഥാന് വിലക്കേര്‍പ്പെടുത്തിയ മൂന്ന് വര്‍ഷങ്ങളില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുകയും ചെയ്തു. 2021ല്‍ രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത സഞ്ജുവിന് അടുത്ത സീസണില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് വരെ എത്തിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് പരാജയം വഴങ്ങി പുറത്താവുകയായിരുന്നു.