ലൊസാഞ്ചലസ് ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുള്ള നാസയുടെ ഏറ്റവും വലിയ ദൗത്യമായ ‘ഡാർട്ട്’ അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്’ വിജയം. ഇന്ത്യൻ സമയം പുലർച്ചെ 4.44ന് ‘ഡാർട്ട്’ പേടകം ഭൂമിയിൽനിന്ന് 1.1കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹത്തിൽ ഇടിച്ച് ദിശമാറ്റി. ദൗത്യത്തിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. ഭൂമിയിൽ നിന്ന് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറു ഛിന്നഗ്രഹത്തിലാണ് ‘ഡാർട്ട്’ ഇടിച്ചിറക്കിയത്.
സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് ‘ഡാർട്ട്’ ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. ഭാവിയിൽ ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികൾ പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ശ്രദ്ധേയമായ ആദ്യ കാൽവയ്പാണു ഡാർട്ട്.