ന്യൂഡൽഹി: ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു. രാംനാഥ് കോവിന്ദിന്റെ പിൻഗാമിയായാണ് മുർമു റെയ്സിന കുന്നിലേക്ക് പോകുന്നത്. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ടുകള്‍ ദ്രൗപദിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. എന്നാല്‍ ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി.2824 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചതെന്ന് വോട്ടെണ്ണലിന് ശേഷം രാജ്യസഭാ സെക്രട്ടറി പി സി മോദി അറിയിച്ചു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ ദ്രൗപദി മുർമുവിനെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും മോദിക്കൊപ്പമുണ്ടായിരുന്നു.
ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണയാണ് മുർമുവിനു ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണയും ലഭിച്ചു. മുർമുവിനു കിട്ടിയ 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിൻഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600. 15 വോട്ടുകൾ അസാധുവായെന്നും പി സി മോദി അറിയിച്ചു.പാര്‍ലമെന്‍റിലെ 63ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍ നടന്നത്. ആദ്യം എംഎൽഎമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുർമുവിനും യശ്വന്ത് സിൻഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്.
എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തെ ചില കക്ഷികളും അവർക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്‍റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.
എംപിമാരും എംഎല്‍എമാരും അടങ്ങിയ ഇലക്ട്രല്‍ കോളജിലെ 4,796 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 99% പോളിങ് ഉണ്ടായിരുന്നു. കേരളം അടക്കം 12 ഇടങ്ങളില്‍ 100% പോളിങ് രേഖപ്പെടുത്തിയിരുന്നു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെഎംഎം എന്നീ പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിനു കിട്ടി. ആം ആദ്മി പാര്‍ട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ആശ്വാസമായത്. അതേസമയം കേരളത്തിൽ നിന്ന് ഒരു വോട്ട് മുർമുവിന് ലഭിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു.
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ നേതാവ്
ഝാർഖണ്ഡ് മുൻ ഗവർണർ കൂടിയായ ദ്രൗപദി മുർമു അനുഭവസമ്പത്തുമായാണ് രാജ്യത്തെ പ്രഥമ വനിതയാകുന്നത്.
താഴെതട്ടിലെ നിർധന ജീവിതത്തിന്റെ അനുഭവ പാഠം. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതി ഉയരങ്ങൾ കീഴടക്കിയ നിശ്ചദാർഡ്യം. ഇന്ത്യയിലെ പരമോന്നത പദവിയിലേക്ക് എത്തിയ ദ്രൗപദി ദുർമുവിന് പ്രത്യേകതകൾ നിരവധിയാണ്.
1958 ജൂൺ 20 ന് ഒഡീഷയിലെ ബൈഡപ്പോസി ഗ്രാമത്തിൽ ജനനം. ഗോത്ര വിഭാഗത്തിൽ വരുന്ന സന്താൾ വംശജയാണ്. ഭുവനേശ്വറിലെ രാമാദേവി വനിത കോളജിൽ നിന്ന് ബി എ ബിരുദം സ്വന്തമാക്കി.
1979 മുതൽ 83 വരെ ഒഡീഷ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി പ്രവർത്തിച്ചു.1994 -97 കാലയളവിൽ റയ്റങ്ക് പൂറിൽ അധ്യാപികയായി. 97 മുതൽ സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നെ ഉയരങ്ങൾ ഓരോന്നായി കീഴടക്കുകയായിരുന്നു. കൗൺസിലറായി, എസ് ടി മോർച്ച സംസ്ഥാന അധ്യക്ഷയായി. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ നിയോജമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2007 ൽ മികച്ച സാമാജികക്കുളള പുരസ്കാരം നേടി. ഗതാഗതം, വാണിജ്യം, മൃഗസംരക്ഷണം അങ്ങനെ വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തന മികവ് തെളിയിച്ചു. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായിരുന്നു.
തദ്ദേശ സ്ഥാപന പ്രതിനിധിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതം രാഷ്ട്രപതി ഭവൻ വരെ എത്തി നിൽക്കുന്നു. ഗോത്രവർഗത്തിൽ നിന്ന് മാത്രമല്ല ഒഡീഷയിൽ നിന്നുളള ആദ്യ രാഷ്ട്രപതി കൂടിയാണ് ദ്രൗപദി മുർമു.