എന്താണ് സാമ്പത്തിക സർവേ? പാർലമെന്റിൽ അവതരിപ്പിക്കുന്നത് എപ്പോൾ? അറിയേണ്ടതെല്ലാം

2023 ലെ കേന്ദ്ര ബജറ്റിനായി കാത്തിരിക്കുകയാണ് രാജ്യത്തെ ഓരോ ജനങ്ങളും. ഫെബ്രുവരി ഒന്നിനാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപ്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്തു കൊണ്ട് സാമ്പത്തിക മന്ത്രാലയം അവതരിപ്പിക്കുന്ന റിപ്പോർട്ടാണ് സാമ്പത്തിക സർവേ. പാർലമെന്റിന് മുന്നിലാണ് ഇത് അവതരിപ്പിക്കുന്നത്.

സാമ്പത്തിക സർവേയെക്കുറിച്ച് വിശദമായി മനസിലാക്കാം.

കേന്ദ്ര ബജറ്റ് പോലെ തന്നെ ഒരു വാർഷിക രേഖയാണ് സാമ്പത്തിക സർവേയും. കേന്ദ്ര ധന മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പാണ് സർവേ തയ്യാറാക്കുന്നത്. ബജറ്റ് സമ്മേളന സമയത്ത് പാർലമെന്റിന്റെ ഇരുസഭകളിലും ഈ രേഖ അവതരിപ്പിക്കുന്നു. സാധാരണയായി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുൻപാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സർവേ തയ്യാറാക്കുന്നത്.

ഈ വർഷം ജനുവരി 31 നാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ച്ക്കുന്നത്. ഏപ്രിൽ 6 ന് സമ്മേളനം അവസാനിക്കും.

സാമ്പത്തിക സർവേയുടെ ഉദ്ദേശ്യം എന്താണ്?

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥ, സാമ്പത്തിക രം​ഗത്തെ പ്രധാന സംഭവവികാസങ്ങൾ, സാമ്പത്തിക കാര്യങ്ങൾ മാനേജ്‌ ചെയ്യുന്ന രീതി, സാമ്പത്തിക രം​ഗവുമായി ബന്ധപ്പെട്ട മറ്റു മേഖലകൾ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സർവേയിൽ ഉൾക്കൊള്ളുന്നു.

മുൻ വർഷത്തെ സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തിക സർവേ വിശദമായി അവസ്ഥ അവലോകനം ചെയ്യുന്നു. അതോടൊപ്പം ഭാവിയിലെ സാധ്യതകൾ വിവരിക്കുകയും ചെയ്യുന്നു. ഇനിയെടുക്കേണ്ട പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾക്ക് ഒരു ആമുഖം കൂടിയായി സാമ്പത്തിക സർവേയെ കണക്കാക്കാം. സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന വിവിധ മേഖലകളുടെ വിശദമായ അവലോകനം വഴി, മുൻപെടുത്ത തീരുമാനങ്ങളെല്ലാം ശരിയാണോ എന്നും സാമ്പത്തിക സർവേ പരിശോധിക്കുന്നു.

സാമ്പത്തിക സർവേ എപ്പോൾ അവതരിപ്പിക്കും?

ഈ വർഷത്തെ സാമ്പത്തിക സർവേ ജനുവരി 31ന് പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുന്നത്?

ധനമന്ത്രിയാണ് സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും ജനുവരി 31 നാണ് ധനമന്ത്രി നിർമല സീതാരാമൻ 2021-22 വർഷത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ചത്.

1950-51 വർഷത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. 1964 വരെ ഇത് കേന്ദ്ര ബജറ്റിനൊപ്പമാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് ഈ രീതി മാറുകയും ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് അവതരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

ഈ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ ആദായനികുതി സ്ലാബില്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. നിലവില്‍ 2.5 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതിയില്ല. ഇത് 5 ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Verified by MonsterInsights