ജനപ്രിയമായ വെബ് സെർച്ച് സേവനമാണ് ഗൂഗിൾ. ഗൂഗിൾ സെർച്ചിൽ എഐ അധിഷ്ഠിത ഫീച്ചറുകൾ ദിവസങ്ങൾക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള സെർച്ച് റിസൽട്ടുകൾ ലഭ്യമാക്കുന്നതുൾപ്പടെയുള്ള പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്. എന്നാൽ ഗൂഗിൾ സെർച്ചിൽ എഐ മറുപടികൾ ആവശ്യമില്ലാത്തവർക്ക് വേണ്ടി വെബ് എന്ന പേരിൽ പുതിയൊരു ഫിൽറ്റർ അവതരിപ്പിക്കുകയാണ് കമ്പനി.
നിലവിൽ ഇമേജസ്, വീഡിയോസ്, ഷോപ്പിങ് എന്നിങ്ങനെ വിവിധ ഫിൽറ്ററുകൾ ഗൂഗിൾ സെർച്ചിലുണ്ട് ഇവയ്ക്കൊപ്പമാണ് വെബ്ബ് എന്ന ഫിൽറ്ററും എത്തുക.
ഗൂഗിൾ ആംരഭിച്ചത് മുതൽ ഇന്നുവരെ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സെർച്ച് എഞ്ചിൻ എന്നാൽ ആളുകൾ തിരയുന്ന വാക്കുകൾക്കനുസരിച്ച് പ്രധാനപ്പെട്ട വിവിധ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ പ്രദർശിപ്പിക്കുക മാത്രമാണ് ഗൂഗിൾ ആദ്യകാലത്ത് ചെയ്തിരുന്നത് എങ്കിൽ ഇന്ന് സെർച്ച് റിസൽട്ടിൽ ഒട്ടേറെ വിവരങ്ങൾ ലഭ്യമാണ്.സെർച്ച് റിസൽട്ടിൽ നിന്ന് ചിത്രങ്ങളും, വീഡിയോകളും, വാർത്തകളും, ഷോപ്പിങ് സൈറ്റുകളുടെ ലിങ്കുകളും ഗൂഗിൾ വേർതിരിച്ചു കാണിച്ചു.