വൻകിട ഉപയോക്താക്കൾക്ക് നേരിട്ടു വൈദ്യുതി വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉയരാൻ സാധ്യത. 100 കിലോവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ആർക്കും പൊതുവിപണിയിൽനിന്നു വൈദ്യുതി വാങ്ങാനാണു കേന്ദ്രം അനുമതി നൽകിയത്. മുൻപ് 1000 കിലോവാട്ട് ഉപയോഗിക്കുന്നവർക്കു മാത്രമായിരുന്നു ഇതിന് അനുമതി. വൻകിട ഉപയോക്താക്കൾ നേരിട്ടു വൈദ്യുതി എത്തിക്കുന്നതോടെ കെഎസ്ഇബിയുടെ ക്രോസ് സബ്സിഡി താളം തെറ്റുമെന്നാണ് ആശങ്ക.
വൻകിട ഉപയോക്താക്കൾക്ക് ഉയർന്ന വിലയ്ക്കു വൈദ്യുതി വിറ്റ്, ഗാർഹിക ഉപയോക്താക്കൾക്കും കൃഷിമേഖലയ്ക്കും വിലകുറച്ചു നൽകുന്നതാണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ രീതി. വൻകിട ഉപയോക്താക്കൾ സ്വന്തമായി വൈദ്യുതി വാങ്ങുന്നതോടെ ഗാർഹിക, കാർഷിക ഉപയോക്താക്കൾ കൂടിയ വില നൽകേണ്ടി വന്നേക്കും. സോളർ വൈദ്യുതി ഉൽപാദനം കൂടിയതിനാൽ പകൽ സമയങ്ങളിൽ യൂണിറ്റിന് 2–3 രൂപയ്ക്ക് വൈദ്യുതി ലഭ്യമാണ്. ഇതു കേരളത്തിൽ എത്തിക്കാൻ പവർഗ്രിഡ് കോർപറേഷന്റെ ലൈനുകൾ ഉപയോഗിക്കുന്നതിനു ട്രാൻസ്മിഷൻ ചാർജും വീലിങ് ചാർജും നൽകണം.