ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാമിൽ (Idukki Dam) റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, ഇടുക്കി അണക്കെട്ട് ഉടൻ തുറക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ന്യൂസ് 18നോട് പറഞ്ഞു. എന്നാൽ മുൻ വർഷത്തേക്കാൾ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകമല്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു .ഇതിനിടെ, വയനാട് ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 774 മീറ്ററാണ് ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഇന്നലെ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു.മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻഡിൽ 2219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള നീരാഴുക്ക് കുറയാത്ത പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടാനും സാധ്യതയുണ്ട്.ഇടുക്കി പീരുമേട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതായായ ആദിവാസി ബാലനായി ഇന്നും തെരച്ചില്‍ തുടരും. പീരുമേട് ഗ്രാമ്പി സ്വദേശി അജിത് എന്ന 12 വയസുകാരനെയാണ് ഇന്നലെ പുഴയിൽ കാണാതായത്. വനത്തില്‍ നിന്ന് കുടംപുളി ശേഖരിക്കുന്നതിനായി പുഴ മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അജിത് ഒഴുക്കില്‍ പെട്ടത്. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ ഫോഴ്‌സും പീരുമേട് പോലിസും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു.അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരള- തമിഴ്നാട് പശ്ചിമഘട്ടത്തില്‍ ഇന്നും മഴയുണ്ടാകും. അതിനാല്‍ ഡാമുകളിലും മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.