ഇനി പറയുന്ന കാര്യങ്ങൾ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതാണ്. എല്ലാ മലയാളികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. ഒട്ടുമിക്ക സാധാരണക്കാരും വീടുപണി തുടങ്ങിയിട്ടുള്ളത് 30 വയസ്സിന് ശേഷമാണ്. അതിൽത്തന്നെ വലിയൊരു ശതമാനം 40/45 വയസ്സിന് ശേഷവും. 30 വയസ്സിനുള്ളിലായി വീട് പണിത അപൂർവ്വം ചിലരുമുണ്ട്.
ഈ സാധാരണക്കാരുടെയെല്ലാം ജീവിതത്തിന് ഒരു കോമൺ പാറ്റേണുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിൽ ജനിച്ച് കഷ്ടപ്പാടുകൾ അറിഞ്ഞുവളർന്ന് ഏതെങ്കിലും തൊഴിലധിഷ്ഠിത കോഴ്സ് പഠിച്ചശേഷം ഗൾഫിലേക്കോ മറ്റു നഗരങ്ങളിലേക്കോ ചേക്കേറുന്നു. പിന്നീടുള്ള വർഷങ്ങൾ കഠിനാധ്വാനത്തിന്റേതാകും.
ചുരുക്കത്തിൽ ഇത്തരക്കാരുടെ പല വീടുകളും പണി പൂർത്തിയാക്കിയിട്ടുള്ളത് ഒന്നു മുതൽ മൂന്ന് വർഷവും അതിലപ്പുറവും സമയമെടുത്തിട്ടാണ്. ഈ സമയംകൊണ്ട് നിർമാണസാമഗ്രികൾ, പണിക്കൂലി എന്നിവയിൽ വലിയ വർധനയുണ്ടായതും ഇവർക്ക് അധികബാധ്യത ആയിട്ടുണ്ടാകും. തന്മൂലം വർഷങ്ങളായിട്ടും പണികൾ എവിടേയുമെത്താതെ കിടക്കുന്ന വീടുകളും കുറവല്ല..
വീട് മനുഷ്യന്റെ ആവശ്യമാണ്, സ്വപ്നമാണ് എന്നത് അംഗീകരിച്ചുകൊണ്ടുതന്നെ ഇതിന്റെ മറ്റൊരുവശം കൂടി പറയാം..
ഒരു മനുഷ്യന് പൂർണ ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാൻ സാധിക്കുന്നത് 60/65 വയസ്സുവരെയാണ്. അതിനു ശേഷമുള്ള മിക്കവരുടേയും ജീവിതം രോഗങ്ങളാലും മറ്റും ദുരിതപൂർണ്ണമായിരിക്കും. ഇപ്പോൾത്തന്നെ കോവിഡ് കാലശേഷം നാല്പതുകളിൽത്തന്നെ പലവിധ രോഗങ്ങൾ മനുഷ്യനെ അലട്ടുന്നുമുണ്ട്. ഇന്നത്തെക്കാലത്ത് ഒരു സാധാരണക്കാരനിൽനിന്ന് ദരിദ്രനിലേക്ക് ഒരു മാരകരോഗത്തിന്റെ അകലം മാത്രമേയുള്ളൂ എന്ന് ഓർക്കണം. കാരണം ആശുപത്രി ചെലവുകൾ അതിഭീമമാണ്.
ഈ സാഹചര്യത്തിൽ, ഇവർ പണിയുന്ന വീടുകളുടെ വലുപ്പവും, അത് പണിയാനുള്ള ഭാരിച്ച ചെലവുകളും, പിന്നീട് ഹോം ലോൺ അടച്ചുതീർക്കാനുള്ള നീണ്ടകാലയളവും നോക്കിയാൽ ഒട്ടും ബുദ്ധിപരമായ ഉദ്യമമല്ല ഈ സാധാരണക്കാർ ഏറ്റെടുത്തിരിക്കുന്നത്.
“വീട് ജീവിതത്തിൽ ഒരിക്കൽ അല്ലേ പണിയൂ, അപ്പോൾ ഗംഭീരമായി പണിയണ്ടേ” എന്ന മറുചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇവിടെയാണ് അടിസ്ഥാന പ്രശ്നം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർ പോലും വീട് പണിയുമ്പോൾ അറിയാതെ അൽപം ലാവിഷ് മനഃസ്ഥിതിയിലേക്ക് മാറിപ്പോകും. നിങ്ങൾ വീട് പണിയേണ്ടത് നിങ്ങൾ വേണ്ടിമാത്രമാണ്. പലരും മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി വീടുപണിതിടുന്നു.
പക്ഷേ കാലം മാറിക്കഴിഞ്ഞു. ആ മക്കൾ പഠനം കഴിഞ്ഞു പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടി പോകും. വല്ലപ്പോഴും വിരുന്നെത്തുന്ന അതിഥികൾ മാത്രമാകും പിന്നീടവർ. അവർക്കായി മാറ്റിയിട്ട മുറികൾ പൊടിപിടിച്ചുകിടക്കും. ഇനി നാളെയവർ, നാട്ടിൽ ഒരു വീടുപണിയുകയാണ് എന്നിരിക്കട്ടെ, അപ്പോഴേക്കും നിങ്ങൾ പണിത വീട് കാലഹരണപ്പെട്ടിരിക്കും. അങ്ങനെ നിങ്ങളുടെ ആയുസ്സിന്റെ അധ്വാനമായ വീട് ഇടിച്ചുപൊളിച്ചുകളഞ്ഞു അവർ അവരുടെ ഇഷ്ടത്തിന് വീടുവയ്ക്കും.
അതുകൊണ്ട് കുടുംബചെലവുകൾ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ, എന്നിങ്ങനെ പലവിധ പ്രാരാബ്ധങ്ങൾക്കിടയിൽ കഷ്ടപ്പെടുന്നവരോട് ഒന്നേപറയാനുള്ളൂ: ഉറപ്പായും വീട് വേണം. അതിന് കടങ്ങളില്ലാതെ, സന്തോഷത്തോടെ സമാധാനത്തോടെ കുടുംബത്തോടൊത്ത് കഴിഞ്ഞുകൂടാനുള്ള ഒരിടം മാത്രമെ വേണ്ടൂ…