കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുന്ന പ്രദേശങ്ങളിൽ ഇന്ത്യ മുന്നിൽ; പട്ടികയിൽ കേരളവും

ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ മാത്രമല്ല ബാധിക്കുന്നത്. അതിനെ അതിജീവിക്കാൻ ഭൂമിയിലെ ജീവജാലങ്ങളും പാടുപെടുകയാണ്. 2050-ൽ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ അപകടം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള എക്‌സ്ഡിഐ-ക്രോസ് ഡിപ്പെന്‍ഡെന്‍സി ഇനീഷ്യേറ്റീവ് (XDI Cross Dependency Initiative) പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കാനിടയുള്ള സ്ഥലങ്ങളിലെ 80 ശതമാനവും സ്ഥിതി ചെയ്യുന്നത് ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

2050ൽ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ അപകടത്തിലാകുന്ന ആദ്യ അൻപത് രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തായിരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയിൽ ഉയർന്ന അപകടസാധ്യതയുള്ള 26 സംസ്ഥാനങ്ങളുണ്ടെന്നും പഠനം പറയുന്നു. അമേരിക്കയിൽ ഇത്തരം അഞ്ച് സംസ്ഥാനങ്ങളും, ഇന്ത്യയിൽ ഒൻപത് സംസ്ഥാനങ്ങളുമാണ് ഉള്ളത്. ഇന്ത്യയിലെ പഞ്ചാബ്, ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, ഗുജറാത്ത്, കേരളം, അസം എന്നിവയാണ് ആ ഒൻപത് സംസ്ഥാനങ്ങൾ. രാജ്യത്തിന്റെ സാമ്പത്തിക, വാണിജ്യ കേന്ദ്രമായ മുംബൈ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യത കൂടിയ സ്ഥലങ്ങളിൽ മുൻപന്തിയിലുണ്ട്.

കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി ബാധിക്കുന്ന 20 മേഖലകളില്‍16 എണ്ണവും സ്ഥിതി ചെയ്യുന്നത് ചൈനയിലാണെന്നും എക്‌സ്ഡിഐ-ക്രോസ് ഡിപ്പെന്‍ഡെന്‍സി ഇനീഷ്യേറ്റീവിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള തലത്തില്‍ തന്നെ പ്രാധാന്യം അർഹിക്കുന്ന ഉത്പാദന കേന്ദ്രങ്ങളുള്ള പ്രദേശങ്ങൾ കൂടിയാണിത്. സർവേ പ്രകാരം, ചൈനയിലെ രണ്ട് പ്രധാന സാമ്പത്തിക കേന്ദ്രങ്ങളായ ജിയാങ്‌സുവും ഷാൻ‌ഡോങ്ങും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടസാധ്യതയുടെ കാര്യത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്.

കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി ബാധിക്കുന്ന സ്ഥലങ്ങളിൽ അമേരിക്കയിൽ നിന്നും ഉള്ള 18 സംസ്ഥാനങ്ങൾ ആദ്യ 100-ൽ ഇടംപിടിച്ചു. ഈ പട്ടികയിൽ ചൈനയ്ക്ക് ശേഷം, രണ്ടാം സ്ഥാനത്താണ് അമേരിക്ക. സാമ്പത്തികമായി പ്രാധാന്യമുള്ള കാലിഫോർണിയ, ടെക്‌സസ്, ഫ്ലോറിഡ എന്നിവയാണ് യുഎസിൽ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന സംസ്ഥാനങ്ങളെന്ന് പഠനം വ്യക്തമാക്കുന്നു. പട്ടികയിലെ ആദ്യ നൂറിലുള്ള പകുതിയിലധികം സംസ്ഥാനങ്ങളും പ്രവിശ്യകളും ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ്. ബ്രസീൽ, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവയും ഈ ലിസ്റ്റിലുണ്ട്.

ലോകമെമ്പാടും 2,600 മേഖലകളിലാണ് എക്‌സ്ഡിഐ-ക്രോസ് ഡിപ്പെന്‍ഡെന്‍സി ഇനീഷ്യേറ്റീവ് പഠനം നടത്തിയത്. പ്രളയം, കാട്ടുതീ, സമുദ്രനിരപ്പിലെ വർധനവ് തുടങ്ങിയ കാലാവസ്ഥാ വെല്ലുവിളികളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ലോകത്ത് 100 കോടിയോളം ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നദീതീരങ്ങളിലെ പരിസ്ഥിതിക്ക് കാലാവസ്ഥാ വ്യതിയാനം മൂലം വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.