കാർഷിക, ടൂറിസം മേഖലകളിലെ സംരംഭങ്ങൾക്ക് വലിയ സാധ്യതകളാണ് മലയോര മേഖലയിലുള്ളതെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഇരിക്കൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഹോംസ്റ്റേ, ടെന്റുകൾ, പരമ്പരാഗത ഉൽപ്പന്നങ്ങൾ അനുബന്ധ വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കാൻ സാധിക്കണം. ‘വർക്ക് ഫ്രം കേരള’ എന്ന മുദ്രാവാക്യവുമായി ടെക്കി ടൂറിസവും കൂടുതൽ പ്രോത്സാഹിപ്പിക്കാൻ കഴിയണം. നിലവിൽ സംസ്ഥാനത്ത് 19,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഉത്പാദന മേഖലയിൽ കൂടുതൽ സംരംഭകർ മുന്നോട്ട് വന്നാൽ ഇറക്കുമതിയുടെ തോത് കുറയ്ക്കുവാൻ സാധിക്കും. അതാത് പ്രദേശങ്ങളുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയത് അവയുടെ വിപണി സാധ്യത കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ, എരുവേശ്ശി പഞ്ചായത്തിന്റെ തനത് ഉൽപന്നങ്ങളായ മഞ്ഞൾ, കശുവണ്ടി എന്നിവ പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ മന്ത്രിക്ക് കൈമാറി. പൈതൽമല വിഹാര റിസോർട്ടിൽ നടന്ന ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി പി മോഹനൻ, ടെസ്സി ഇമ്മാനുവൽ, ടി സി നസിയത്ത് ടീച്ചർ, ഇരിക്കൂർ ടൂറിസം ആന്റ് ഇന്നവേഷൻ കൗൺസിൽ ഡയറക്ടർ അജിത്ത് രാമവർമ്മ, ഇരിക്കൂർ ടൂറിസം ആന്റ് ഇന്നവേഷൻ കൗൺസിൽ പ്രസിഡണ്ട് പി ടി മാത്യൂ, തെരഞ്ഞെടുക്കപ്പെട്ട 100 നിക്ഷേപകർ എന്നിവർ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി അഡ്വ.സജീവ് ജോസഫ് എം എൽ എയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻ, സെക്രട്ടറി, വ്യവസായ വകുപ്പ് ഇന്റേണുകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. മന്ത്രി പി രാജീവ്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ വ്യവസായ ഓഫീസർ എ എസ് ഷിറാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇരിക്കൂർ മണ്ഡലത്തിൽ മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിലും ഒരു മുൻസിപ്പാലിറ്റിയിലുമായി 575 സംരംഭങ്ങളാണ് പുതുതായി ആരംഭിച്ചത്. അതിവേഗം ജില്ലയ്ക്ക് അനുവദിച്ച സംരംഭക കോട്ട പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി.