കൊച്ചി നഗരം ഏറെ പ്രതീക്ഷയോടെ കാക്കുന്ന പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി. കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെ കൊച്ചിയിൽ നിന്ന് കിഴക്ക് മാറി അയ്യമ്പുഴ പഞ്ചായത്ത് മേഖലയിൽ നിർമ്മിക്കുന്ന ആസൂത്രിത നഗരമാണിത്. സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപ കഴിഞ്ഞ ഫെബ്രുവരിയിൽ അനുവദിച്ചിരുന്നു. കിഫ്ബിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഈ ആസൂത്രിത നഗരത്തിനും, കൊച്ചി നഗരത്തിനുമിടയിൽ നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടത്താനുദ്ദേശിക്കുന്ന വികസന പ്രവർത്തനത്തെയാണ് ‘എയ്റോ സിറ്റി’ എന്ന് വിശേഷിപ്പിക്കുന്നത്..കൊച്ചി നഗരത്തിന് കിഴക്കുഭാഗത്ത് വരുന്ന അയ്യമ്പുഴ വികസിക്കുന്നതോടെ മേഖലയിലാകെ വലിയ മാറ്റമാണ് വരിക. തൊട്ടടുത്ത് കിടക്കുന്ന അങ്കമാലി, കാലടി, മലയാറ്റൂർ, ചാലക്കുടി തുടങ്ങിയ മേഖലകളിലും വികസനമുണ്ടാകും. കൊച്ചിക്കും ഗിഫ്റ്റ് സിറ്റിക്കും ഇടയിൽ വരുന്ന ഭാഗങ്ങൾ കൂടുതൽ ആധുനികവൽകൃതമായ ഒരു നഗരമായി പരിണമിക്കും. ഗിഫ്റ്റ് സിറ്റിയെ ലക്ഷ്യം വെച്ചുള്ള ഒരു റൂട്ട് അങ്കമാലി വരെ എത്തിക്കുക എന്നത് കൊച്ചി മെട്രോയുടെ അടുത്ത ഘട്ടത്തിലെ പദ്ധതിയാണ്
ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾ, സീപോർട്ട് – എയർപോർട്ട് റോഡ്, ഗ്രീൻഫീൽഡ് ഹൈവേ, അങ്കമാലി – കുണ്ടന്നൂർ ബൈപ്പാസ്, കൊച്ചി മെട്രോ, ദേശീയ ജലപാത എന്നിവയുടെ കണക്ടിവിറ്റി സൗകര്യം, നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി, ടൂറിസം സർക്യൂട്ട്, പെട്രോകെമിക്കൽ പാർക്ക് തുടങ്ങിയവയെല്ലാം ചേർന്ന് ഇന്ത്യയിലെ ഒന്നാം നിര എയ്റോ സിറ്റിയാക്കി വികസിപ്പിക്കാനുള്ള സാധ്യതകളെല്ലാം കൊച്ചി എയ്റോ സിറ്റിക്കുണ്ട്,” മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറയുന്നു.വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം, വിനോദം, പാർപ്പിട – ആരോഗ്യ സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ സൗകര്യങ്ങളെല്ലാം നെടുമ്പാശ്ശേരി വിമാനത്താവളത്തെ കേന്ദ്രീകരിച്ച് വളർത്തിയെടുക്കേണ്ടതുണ്ട് ഒരു എയ്റോ സിറ്റിയുടെ വികസനത്തിന്. ഇതോടൊപ്പം റോഡുകളുടെ വികസനവും പ്രധാനമാണ്. ഇതിനകം തന്നെ എൻഎച്ച് 66 പണികൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിർദ്ദിഷ്ട അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കൂടി വരുന്നതോടെ മികച്ച റോഡ് സൗകര്യങ്ങൾ ഈ ഭാഗത്തേക്ക് ലഭിക്കും.ഭാവിയിൽ കൊച്ചി മെട്രോ എയര്‍പോർട്ടുമായി ബന്ധിപ്പിക്കപ്പെടും. ദേശീയ ജലപാത വികസിപ്പിക്കപ്പെടുമ്പോൾ വാട്ടർ മെട്രോയുടെ കണക്ടിവിറ്റിയും ഈ മേഖലയിലേക്ക് ഉറപ്പാക്കാനാകും. ഗിഫ്റ്റ് സിറ്റി പൊങ്ങുന്നതോടെ സംഭവിക്കുന്ന വികസനത്തിലേക്ക് അനുബന്ധമെന്നോണം കൊച്ചി എയ്റോ സിറ്റിയുടെ വളർച്ചയിലേക്കും ശ്രദ്ധിച്ചാൽ കാര്യങ്ങൾ മികച്ച രീതിയിൽ നടക്കും.ഈ പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടപ്പാക്കുമെന്നാണ് രവീന്ദ്രനാഥ് പറയുന്നത്. കൊച്ചി എയ്റോപോളിസ് ഡവലപ്മെന്റ് അതോരിറ്റി എന്ന ഒരു സ്ഥാപനം രൂപീകരിച്ച് ആസൂത്രണം നടത്തും. നിലവിൽ ഇതൊരു തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയിലാണ് നിൽക്കുന്നതെങ്കിലും കൊച്ചിയുടെ വികസന പരിപാടിയിൽ എയ്റോ സിറ്റി മികച്ച അനുബന്ധമായി മാറുമെന്നതിൽ സംശയമില്ല.