കെ.എസ്.ആർ.ടി.സി.ക്ക് വീണ്ടും കുട്ടിബസുകൾ വരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഓർഡിനറി ബസുകൾക്കുവേണ്ടിയാണ് കെ.എസ്.ആർ.ടി.സി. ഡീസലിലോടുന്ന ചെറിയ ബസുകൾ വാങ്ങുന്നത്. 32 സീറ്റുകളുള്ള നാല് സിലിൻഡർ ബസുകൾക്ക് വലിയ ബസുകളെക്കാൾ ഇന്ധനക്ഷമതയുണ്ടെന്ന് മാനേജ്‌മെന്റ് അവകാശപ്പെട്ടു. നിരീക്ഷണ ക്യാമറകൾ, എൽ.ഇ.ഡി. ടി.വി., മ്യൂസിക് സിസ്റ്റം, ഉച്ചഭാഷണി എന്നിവയുണ്ടാകും. ബസുകളുടെ പരീക്ഷണയോട്ടം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു. ചാക്കയിൽനിന്ന് എയർപോർട്ടിലേക്കായിരുന്നു യാത്ര.
കൺസെഷൻ സ്മാർട്ട് കാർഡിലേക്ക് തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. കൺസെഷൻ സംവിധാനം സ്മാർട്ട് കാർഡിലേക്കു മാറുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു

അധ്യയനദിവസങ്ങൾ അനുസരിച്ചാകും കൺസെഷൻ അനുവദിക്കുക. ഇതിനു പിന്നാലെ ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. ടിക്കറ്റ് സംവിധാനം പൂർണമായും സ്മാർട്ട് കാർഡിലേക്കുമാറ്റും.ഡിപ്പോകളിൽ കാഴ്ചപരിമിതർക്ക് നടപ്പാതകളൊരുക്കും. ഇതിനായി പ്രത്യേക ടൈലുകൾ പാകും. എറണാകുളം ഡിപ്പോയിലെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. കെട്ടിടം നവീകരിക്കും. തോട്ടിലെ മാലിന്യം നീക്കും. കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂളുകൾ ഉടൻ തുറക്കും. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സൗകര്യം ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.