കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തു; ഒന്നരവർഷത്തിന് ശേഷം ഒറ്റ​ഗഡുവായി

പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തു. ഒറ്റ ഗഡുവായാണ് ഇത്തവണ ശമ്പളം നൽകിയത്. അതേസമയം ഓണം ആനുകൂല്യങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 30 കോടി രൂപ സർക്കാർ വിഹിതവും 44.52 കോടി രൂപ കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്നെടുത്ത തുകയും ചേർത്താണ് ശമ്പളം നൽകിയത്. മുഴുവൻ ജീവനക്കാർക്കും ഇന്ന് തന്നെ ശമ്പളമെത്തിക്കാനാണ് നീക്കം. ഒന്നര വർഷത്തിനു ശേഷം ഇതാദ്യമായാണ് കെഎസ്ആർടിസി ഒറ്റ ​ഗഡുവായി ശമ്പളം നൽകുന്നത്.

ഓണം ആനുകൂല്യം നൽകാൻ ധനവകുപ്പ് പണം അനുവദിക്കണമെന്നും അല്ലാത്തപക്ഷം പണിമുടക്കി തന്നെ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും സംഘാടകൾ വ്യക്തമാക്കി.

ശമ്പളവും, ഓണം ആനുകൂല്യങ്ങളും ലഭിക്കാതെ വന്നതോടെയായിരുന്നു ജീവനക്കാർ ഇന്ന് സമരത്തിലേക്ക് കടന്നത്. എന്നാൽ ഉച്ചയോടെ ശമ്പളം അക്കൗണ്ടിൽ എത്തുമെന്ന് കെഎസ്ആർടിസി അറിയിക്കുകയായിരുന്നു. സങ്കേതിക കാരണങ്ങളാലാണ് വിതരണം വൈകിയത് എന്നായിരുന്നു വിശദീകരണം. സെപ്റ്റംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പെൻഷൻ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനായി കഴിഞ്ഞ ദിവസം 74.20 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. ഇതുവരെ 865 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകിയത്. 900 കോടിയാണ് ബജറ്റിൽ വിലയിരുത്തിയത്.

Verified by MonsterInsights