ലൈവ് റിക്രൂട്ട്മെന്‍റ് മേള: ഒന്നരവർഷത്തിനകം 10 ലക്ഷം പേർക്ക് തൊഴിൽ

ന്യൂഡൽഹി: ചെറുപ്പക്കാർക്ക് കേന്ദ്ര സർവീസിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പ്രത്യേക റിക്രൂട്ട്മെന്‍റ് മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി 75000 പേർക്ക് നിയമന ഉത്തരവ് തത്സമയം നൽകും. ഇവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

കേന്ദ്രസർക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് ഇന്ന് നിയമനം ലഭിക്കുന്നവർ ജോലിയിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പ് എ (ഗസറ്റഡ് )​,​ ഗ്രൂപ്പ് ബി (ഗസറ്റഡ്)​,​ ഗ്രൂപ്പ് ബി ( നോൺ ഗസറ്റഡ് )​,​ ഗ്രൂപ്പ് സി ഓഫീസർമാരായാവും നിയമനം. കൂടാതെ കേന്ദ്രസായുധ സേനയിലേക്കും,​ സബ് ഇൻസ്‌പെക്‌ടർ,​ കോൺസ്റ്റബിൾ,​ എൽ. ഡി ക്ലാർക്ക്,​ സ്റ്റെനോ,​ പി. എ,​ ഇൻകംടാക്‌സ് ഇൻസ്‌പെക്ടർ, ​മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കുമാണ് റിക്രൂട്ട്മെന്റ് രാജ്യവ്യാപകമായി റിക്രൂട്ട്മെന്‍റ് നടത്തിയത്.

ഈ വർഷം ജൂണിൽ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണവും ഒഴിവുകളും അവലോകനം ചെയ്‌ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി,​ ഒന്നര വർഷത്തിനകം പത്ത് ലക്ഷം ഉദ്യോഗാർത്ഥികളെ പ്രത്യേക ദൗത്യമായി റിക്രൂട്ട് ചെയ്യാൻ നിർദ്ദേശം നൽകിയത്.

കേന്ദ്ര സർക്കാരിന്‍റെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ് )​- 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്- 26282, ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)​- 92525, ഗ്രൂപ്പ് സി- 8.36 ലക്ഷം എന്നിങ്ങനെയാകും അടുത്ത ഒന്നര വർഷത്തിനകം നിയമനം നൽകുക.

പ്രതിരോധമന്ത്രാലയം, റെയിൽവേ, ആഭ്യന്തരമന്ത്രാലയം എന്നിവിടിങ്ങളിലായാണ് കൂടുതൽ ഒഴിവുകളുള്ളത്. പ്രതിരോധ മന്ത്രാലയത്തിൽ ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)​-39​366, ഗ്രൂപ്പ് സി- 2.14 ലക്ഷം ഒഴിവുകളുണ്ട്. റെയിൽവേയിൽ ഗ്രൂപ്പ് സി- 2.91 ലക്ഷം ഒഴിവുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഗ്രൂപ്പ് സി (നോൺഗസറ്റഡ്),​ഗ്രൂപ്പ് ബി (നോൺഗസറ്റഡ്),​ ഗ്രൂപ്പ് സി എന്നിങ്ങനെ വിവിധ തസ്തികകളിലായി 1.21 ലക്ഷം ഒഴിവുകളുണ്ട്.

Verified by MonsterInsights