ലോകകപ്പ് ഫുട്ബോൾ മലയാളികളുടെ വികാരം

ലോകകപ്പ് ഫുട്ബോൾ മലയാളികളുടെ വികാരമാണെന്നും ഫുട്ബോളിനെ മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കുന്നുവെന്നും ടൂറിസം പൊതുമരാമത്ത് യുവജനകാര്യവകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. 

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ 140 മണ്ഡലങ്ങളിലും നടത്തുന്ന ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഫറോക്ക് നല്ലൂർ സ്റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

‘നമ്മൾ ബേപ്പൂർ’ കൂട്ടായ്മയുമായി ചേർന്നാണ് ഫറോക്കിൽ സോക്കർ കാർണിവൽ സംഘടിപ്പിക്കുന്നത്.

ജാതി മത വ്യത്യാസമില്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ ലോകകപ്പിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. നഗര ഹൃദയങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ലോകരാജ്യങ്ങളുടെയും ഫുട്ബോൾ താരങ്ങളുടെയും കട്ടൗട്ടുകൾ ഉയർന്നു കഴിഞ്ഞു. മത്സരം ജയിക്കുന്ന രാജ്യത്തെക്കാളുപരി ഫുട്ബോളിനോടുള്ള നമ്മുടെ സ്നേഹമാണ് പ്രധാനമെന്നും മന്ത്രി സൂചിപ്പിച്ചു.

ലഹരിയെ ചെറുക്കാം ഫുട്ബാളിനെ വരവേൽക്കാം’ എന്ന മുദ്രാവാക്യമുയർത്തി ഫറോക്ക് പാലം മുതൽ സ്റ്റേഡിയം വരെ നടന്ന ഘോഷയാത്രയോടെയാണ് കാർണിവലിനു തുടക്കം കുറിച്ചത്. ഫറോക്ക് നല്ലൂർ ഇ കെ നായനാർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒരുക്കിയ 40 അടി നീളത്തിലുള്ള സ്‌ക്രീനിലാണ് കാണികൾക്ക് കളികാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരേസമയം പതിനായിരം പേർക്ക് കളി കാണാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ കെ റീജ, കൗൺസിലർ കെ ടി എ മജീദ്, ബേപ്പൂർ ഡെവലപ്മെന്റ് മിഷൻ പ്രതിനിധി എം ഗിരീഷ്, നമ്മൾ ബേപ്പൂർ പ്രതിനിധി ടി രാധാഗോപി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ എം സമീഷ് സ്വാഗതവും സംഘാടകസമിതി ചെയർമാൻ കെ വാരിഷ് നന്ദിയും പറഞ്ഞു.

Verified by MonsterInsights