മനസിൽ ആശയമുണ്ടോ? അതിനായി പണിയെടുക്കാൻ തയ്യാറാണോ? കുസാറ്റ് നൽകും 10 ലക്ഷം രൂപയുടെ ​ഗ്രാന്റ്

സ്റ്റാ‌ർട്ടപ്പുകൾക്ക് ഉത്പന്ന ഗ്രാന്റ് സഹായവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. വികസന ഘട്ടത്തിലുള്ള ഉത്പന്നത്തിനും വിപണിയിൽ അവതരിപ്പിച്ച ഉത്പന്നത്തിന്റെ വളർച്ചയ്ക്കുമായും പത്ത് ലക്ഷം രൂപയുടെ ധനസഹായമാണ് കൊച്ചി സർവകാലശാല വാഗ്ദാനം ചെയ്യുന്നത്. അപേക്ഷയ്ക്കുള്ള സമയപരിധി ഉടൻ.

രാജ്യത്ത് ഉയർന്ന നിലവാരമുള്ള ഉത്പന്ന അധിഷ്ഠിത സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കുന്നതിനായും അത്തരം സംരംഭങ്ങളുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ മാർഗനിർദേശം ലഭ്യമാക്കുന്നതിനുമുള്ള പുതിയ ചുവടുവെപ്പുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). സ്റ്റാർട്ടപ്പ് കമ്പനികൾക്ക് 10 ലക്ഷം രൂപയുടെ ഉത്പന്ന ധനസഹായം (ഗ്രാന്റ്) നൽകാനുള്ള പദ്ധതിയുമായാണ് കൊച്ചി സർവകലാശാല രംഗത്തെത്തിയത്.

friends catering

സ്റ്റാർട്ടപ്പ് ഗ്രാന്റ്

കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ള രാഷ്ട്രീയ ഉച്ഛതാർ ശിക്ഷ അഭിയാൻ (റുസ) പദ്ധതിയിൽ നിന്നുള്ള സഹായത്തോടെ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഭാഗമായ കുസാറ്റ്ടെക് ഫൗണ്ടേഷന്റെ കീഴിലുള്ള ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) മുഖേനയാണ് ഉത്പന്നങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കാണ് പത്തു ലക്ഷം രൂപയുടെ ധനസഹായം നൽകുന്നത്.ഇതിനകം വിപണിയിൽ ഉത്പന്നം അവതരിപ്പിച്ചിട്ടുള്ളതിനോ അല്ലെങ്കിൽ വിപണിയിൽ പുറത്തിറക്കാൻ ആഗ്രഹിക്കുന്ന ഉത്പന്നത്തിന്റെ കരടുരൂപം (പ്രോട്ടോടൈപ്പ്) തയ്യാറാക്കിയതിനോ സർവകലാശാലയുടെ സ്റ്റാ‌ർട്ടപ്പ് ഗ്രാന്റ് ലഭിക്കും. രാജ്യത്ത് എവിടെയും ഇൻകുബേറ്റ് ചെയ്യുന്ന എല്ലാ സ്റ്റാർട്ടപ്പുകൾക്കും കുസാറ്റിന്റെ ധനസഹായത്തിനായി അപേക്ഷിക്കാം. ഡിസംബർ 15 വരെയാണ് സ്റ്റാർട്ടപ്പ് ഗ്രാന്റിനുവേണ്ടി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.

അതേസമയം സോഫ്റ്റ്‍വെയർ, ഹാർഡ്‍വെയർ, ബയോടെക് എന്നിവയിലോ ഇവ കൂട്ടിച്ചേർത്തുള്ള മേഖലയിലോ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾക്കോ ഉത്പന്നം സജ്ജമാക്കുന്നതിനോ ആണ് ധനസഹായത്തിനായുള്ള മുഖ്യ പരിഗണന നൽകുക. കുസാറ്റിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സംരംഭത്തിന് പ്രത്യേക ഇളവുകളും വാഗ്ദാനം ചെയ്യുന്നു.അധ്യാപകരുടെ നേതൃത്വത്തിലുള്ള സ്റ്റാ‌ർട്ടപ്പുകളുടെ ഉടമസ്ഥാവകാശത്തിനുള്ള നിബന്ധന, സർവകലാശാലയുടെ നിയമങ്ങൾക്ക് അനുസൃതമായി തീരുമാനിക്കും. https://cittic.cusat.ac.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചശേഷം cusatrusa2024@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുകൊടുക്കാം.

എന്തായാലും വിദ്യാർഥികളുടെയും ഗവേഷകരുടെയും വാണിജ്യവത്ക്കരിക്കാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക്, വിപണിയിൽ വിജയിക്കാനാവശ്യമായ മാർഗനിർദേശങ്ങളോടൊപ്പം ഉത്പന്ന വികസനത്തിനായുള്ള ധനസഹായം നൽകുന്നത്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മികച്ച ചുവടുവെപ്പാകുന്നു. കഴിഞ്ഞമാസം സർവകലാശാലയിലെ ആദ്യത്തെ ഫാക്കൽറ്റി സ്റ്റാർട്ടപ്പ് ആരംഭിച്ചിരുന്നു.കേരളത്തിൽ ആദ്യമായി 4,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ സജ്ജമാക്കിയ സർവകലാശാല കുസാറ്റ് ആകുന്നു. സെന്റർ ഫോർ ഇന്നോവേഷൻ, ടെക്നോളജി ട്രാൻസ്ഫർ & ഇൻഡസ്ട്രി കൊളാബറേഷൻ (സിഐടിടിഐസി) എന്ന പേരിലാണ് സ്ഥാപനം അറിയപ്പെടുന്നത്. സർക്കാരിന്റെ ഒരു കോടിയുടെ സഹായത്തോടെയാണ് പ്രവർത്തനം. ഇതിനകം 50ലധികം സ്റ്റാർട്ടപ്പുകൾ ഇവിടെ സഹകരിക്കുന്നു. ഭൂരിഭാഗവും വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും നേതൃത്വത്തിലുള്ളവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights