ഊട്ടിയെ പ്രണയിക്കുന്നവർ തീർച്ചയായും മഞ്ഞിന്റെ ഊര് എന്നറിയപ്പെടുന്ന മഞ്ഞൂരിലേയ്ക്കും എത്തിച്ചേരണം. സഞ്ചാരികളെ കാത്ത് പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.മഞ്ഞൂരിലെത്തുന്നത് മുപ്പത്തിനാലു ഹെയർപിൻ വളവുകൾ താണ്ടിയാണ്. കുന്താ ഡാമിന്റെ ഉയരക്കാഴ്ച ആ വഴിയിൽനിന്നു ആസ്വദിക്കാം.
മഞ്ഞൂരിലെ മഞ്ഞവിടെപ്പോയെന്ന് ഇനിയന്വേഷിക്കേണ്ട കാര്യമുണ്ടോ? ചുരം കയറുമ്പോൾ ഇടതുവശത്ത് താഴ്വാരങ്ങളിൽ കാരറ്റ് കൃഷിയുണ്ട്. തട്ടുതട്ടായ കൃഷിയിടങ്ങൾ ഊട്ടിയുടെ പ്രതീകങ്ങളാണെന്നറിയാമല്ലോ? നീലഗിരിയുടെ അസ്സൽ ഭംഗി ഇപ്പോൾ കാണണമെങ്കിൽ മഞ്ഞൂരിലേക്കു വരിക. ശാന്തമായ അന്തരീക്ഷം. താമസം. നാടൻ ഭക്ഷണം. നീലഗിരിയുടെ ആദ്യ സഹകരണ തേയില ഫാക്ടറിയായ കുന്താ ഇൻഡ്കോ ടീ ഫാക്ടറിയിൽ നിന്നു നല്ലയിനം തേയില കുറഞ്ഞ വിലയ്ക്കു വാങ്ങാം. ബഡുഗ എന്ന വിഭാഗക്കാരാണ് ഇത് ആരംഭിച്ചതെന്ന് കൗണ്ടറിലെ ഉദ്യോഗസ്ഥർ. സുവർണജൂബിലി ആഘോഷിക്കുന്ന ഫാക്ടറിയിലെ ചായപ്പൊടി കൊള്ളാം. ഊട്ടിയിൽ നിന്നു മഞ്ഞൂരിലേക്ക് 34 കിലോമീറ്റർ ദൂരം.
മഞ്ഞൂരിൽനിന്നു മുള്ളി എന്ന കേരള-തമിഴ്നാട് അതിർത്തിയിലേക്കുള്ള വഴി ചെറുതാണ്. പാലക്കാട് ജില്ലയിടെ അട്ടപ്പാടിയിലേക്കാണ് നാം ഇറങ്ങുന്നത്. അവിടെയുമുണ്ട് ഗംഭീരമായ ഹെയർപിൻ വളവുകൾ. നാല്പത്തിമൂന്നെണ്ണം! റോഡിനപ്പുറം കൊടും താഴ്ച. ചോലക്കാടുകളാൽ സമ്പന്നമായ മലനിരകൾ. പുൽമേടുകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്.
സായാഹ്നത്തിൽ ഈ വഴി വരികയാണു രസകരമെങ്കിലും ആനകളും മഞ്ഞും ചേരുമ്പോൾ അപകടസാധ്യത ഏറെയാണ്. മുള്ളി-മഞ്ഞൂർ വഴിയിൽ ഗെദ്ദ ഡാം, പെൻസ്റ്റോക്ക് പൈപ്പുകൾ, പവർ ഹൗസ് എന്നിവ കാണാം.
അട്ടപ്പാടി റിസർവ് ഫോറസ്റ്റിന്റെ അതിരായ തമിഴ്നാട് കാട്ടിലൂടെയാണ് സഞ്ചാരം. പാതയുടെ ഇരുവശത്തും മുൾക്കൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അവ ആനകളെ തുരത്താനുള്ള ജൈവവേലിയാണെന്നു വനംവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞുതന്നിരുന്നു. പക്ഷേ, ആനകൾക്ക് ഈ വഴിയിൽ പഞ്ഞമുണ്ടാകില്ലെന്ന് ടീ ഷോപ്പിൽ വച്ചുകണ്ട, ബൈക്ക് യാത്രികരായ ക്രിസ്റ്റോയും ചങ്ങാതിയും ഉറപ്പുനൽകി. ഓരോ വളവും സൂക്ഷിച്ചാണ് ഇറങ്ങിയത്. ഒന്ന് ആനകളെ പേടിക്കണം. രണ്ട് എതിരെ വണ്ടികൾ വന്നാൽ ഒന്നു സൈഡ് കൊടുക്കാൻ പോലും സഥലമില്ല. ആനകളുടെ പബ്ലിക് ടോയ് ലെറ്റ് ആണോ എന്നു തോന്നുംവിധം റോഡിലെങ്ങും ആനപിണ്ഡങ്ങൾ നിരന്നിട്ടുണ്ട്. ചിലനേരങ്ങളിൽ ഈ വഴിയിൽ കനത്ത കോടയുമുണ്ടാകുമത്രേ. സംഗതി എന്തായാലും സാഹസിക യാത്ര തന്നെ.